കണ്ണൂര്‍:കണ്ണൂരില്‍ കടല്‍ത്തീരത്തെ കരിങ്കല്ലുകള്‍ക്കിടയിലെറിഞ്ഞു കുഞ്ഞിനെ കൊലപ്പെടുത്തിയതു ശരണ്യ ഒറ്റയ്ക്കാണെന്നു പോലീസ്. കുഞ്ഞിനെ കൊന്ന ശരണ്യയെ വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചു. കുഞ്ഞിനെ വലിച്ചെറിഞ്ഞ പാറക്കെട്ടിലും പൊലീസ് തെളിവെടുപ്പിന് എത്തിച്ചു. ശരണ്യയെ സംഭവ സ്ഥലത്ത് എത്തിച്ചപ്പോൾ വന്‍ പ്രതിഷേധമായിരുന്നു. കാമുകനും ഭര്‍ത്താവിനും പങ്കില്ലെന്ന് സിറ്റി സി.ഐ. പി.ആര്‍.സതീശന്‍ പറഞ്ഞു. ഇരുവരെയും ചോദ്യം ചെയ്ത് വിട്ടയച്ചെന്നും പൊലീസ് അറിയിച്ചു.കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് ശരണ്യ കുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. കുട്ടിയെ കടല്‍ഭിത്തിയിലെ പാറക്കെട്ടുകളിലേയ്ക്ക് വലിച്ചെറിഞ്ഞാണ് കൊന്നതെന്നും അമ്മ അന്വേഷണസംഘത്തോട് സമ്മതിച്ചു.
കൊല നടത്താനോ ആസൂത്രണത്തിനോ ആരുടെയും സഹായവുമില്ലായിരുന്നു. ഭര്‍ത്താവ് പ്രവീണിനോ കാമുകനോ കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും സിറ്റി സി.ഐ: പി.ആര്‍. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇരുവരെയും ചോദ്യം ചെയ്തശേഷം വിട്ടയച്ചെന്നും പോലീസ് അറിയിച്ചു.ആദ്യം പോലീസിന്റെ സംശയവും കുഞ്ഞിന്റെ പിതാവായ പ്രണവിനു നേര്‍ക്കായായിരുന്നു. കുഞ്ഞിനെ കാണാതായപിന്നാലെ പ്രണവിന്റെ ചെരിപ്പുകള്‍ കാണാതായതും സംശയം ഇരട്ടിപ്പിച്ചു. കുഞ്ഞിനെ അപായപ്പെടുത്താനുള്ള ശ്രമത്തിനിടെ പ്രണവിന്റെ ചെരുപ്പുകള്‍ കടലിലോ മറ്റോ പോയതാവുമെന്നും സംശയിച്ചു. എന്നാല്‍, കുഞ്ഞിനെ കാണാതായ വിവരമറിഞ്ഞു വീട്ടില്‍ പലരും വന്നു പോയതിനിടെ ചെരിപ്പു കാണാതെ പോയതാണെന്നു പിന്നീടു ബോധ്യപ്പെട്ടു. അതോടെയാണ് മാതാപിതാക്കളില്‍ അന്വേഷണം കേന്ദ്രീകരിച്ചത്.
കൊലപാതകശേഷം വീട്ടിലെ ഹാളില്‍ കിടന്നുറങ്ങിയ ശരണ്യ മറ്റുള്ളവര്‍ക്കൊപ്പം കുഞ്ഞിനെ തെരയാനും ഇറങ്ങിയിരുന്നു. കുഞ്ഞിനെ എറിഞ്ഞസ്ഥലത്തെ തെരച്ചില്‍ ശരണ്യ സ്വയം ഏറ്റെടുക്കുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പോലീസിനു മൊഴി നല്‍കിയിരുന്നു. കുഞ്ഞ് ഇല്ലാതായാല്‍ ആര്‍ക്കാണു ഗുണം എന്ന അന്വേഷണത്തിലാണ് പോലീസിന് ശരണ്യയിലേക്കെത്താനുള്ള തുമ്പു ലഭിച്ചത്.
ഭാര്യയും കുഞ്ഞുമായുള്ള അകല്‍ച്ച, ഇടയ്ക്കിടെയുള്ള വഴക്ക്, മൂന്നുമാസത്തിനുശേഷം വീട്ടിലേക്കു യാദൃച്ഛികമായുള്ള വരവിന്റെ പേരിലായിരുന്നു ശരണ്യയുടെ ബന്ധുക്കളും പോലീസും ആദ്യഘട്ടത്തില്‍ പ്രണവിനെ സംശയിച്ചത്. ഇത്രയും നാള്‍ അമ്മയ്‌ക്കൊപ്പമാണു കുഞ്ഞു കഴിഞ്ഞിരുന്നത് എന്നതിനാല്‍ ആദ്യഘട്ടത്തില്‍ ശരണ്യയ്ക്കു നേരേ പോലീസ് നീങ്ങിയിരുന്നില്ല. ശരണ്യ യുടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും മൊഴി മുഴുവന്‍ പ്രണവിനെതിരായിരുന്നു. പ്രണവിന്റെ തലയില്‍ കൊലക്കുറ്റം കെട്ടിവയ്ക്കാന്‍ ശരണ്യയും കൃത്യമായ മുന്നൊരുക്കത്തോടെ മൊഴി നല്‍കിയെങ്കിലും പോലീസ് ശരണ്യയ്‌ക്കെതിരായ പ്രണവിന്റെ മൊഴി തള്ളിക്കളഞ്ഞില്ല.
വീട്ടില്‍ ഈ ദമ്പതികളെ കൂടാതെ ശരണ്യയുടെ അമ്മ, സഹോദരന്റെ ഭാര്യ എന്നിവരാണ് ഉണ്ടായിരുന്നത്. രക്ഷിതാക്കളുടെ കൂടെ കിടന്നുറങ്ങിയ പിഞ്ചുകുഞ്ഞ് ഇവരറിയാതെ എവിടേക്കും പോകില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ആദ്യംമുതലേ അന്വേഷണ ഉദ്യോഗസ്ഥര്‍. പ്രണവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശരണ്യയുടെ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ പരിശോധിക്കുന്നതിലേക്ക് അന്വേഷണ ഘട്ടമെത്തിയപ്പോഴാണ് ഒരേ നമ്പറിലേക്ക് അസമയത്ത് ഒട്ടേറെ വിളികളും ചാറ്റുകളും കണ്ടെത്തുകയും കാമുകന്റെ സാന്നിധ്യം ഉറപ്പാക്കുകയും ചെയ്തത്.
പിന്നീട് ആ വഴിക്കായി അന്വേഷണത്തിന്റെ പോക്ക്. കുഞ്ഞുമായി അവിടെയെത്തിയത് ആരായാലും അയാളുടെ വസ്ത്രത്തിലോ ദേഹത്തോ ഉപ്പുവെള്ളം പറ്റിയിട്ടുണ്ടാകുമെന്നു പോലീസ് കണക്കുകൂട്ടി. ഇരുവരും രാവിലെ ധരിച്ചിരുന്ന വസ്ത്രങ്ങളും ചെരിപ്പുകളും കണ്ണൂര്‍ റീജണല്‍ ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചു. പരിശോധനാഫലം ശരണ്യയ്ക്ക് എതിരായതോടെ പോലീസിന് മുന്നില്‍ വഴി തുറന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ശരണ്യ ഒരു വയസ്മാത്രം പ്രായമുള്ള വിയാനെ കൊലപ്പെടുത്തിയത്. ഇരുളിന്റെ മറവില്‍ കുഞ്ഞുമായി കടല്‍ത്തിരത്ത് എത്തിയ ശരണ്യ പരിസരം വീക്ഷിച്ച ശേഷം കടല്‍ ഭിത്തിയിലെ പാറക്കെട്ടുകളിലേയ്ക്ക് കുട്ടിയെ വലിച്ചെറിഞ്ഞു. കുഞ്ഞ് കരഞ്ഞതോടെ താഴെയിറങ്ങി ഒരിക്കല്‍ കൂടി പാറയിലേയ്ക്ക് എറിഞ്ഞ് മരണം ഉറപ്പാക്കിയാണ് ശരണ്യ വീട്ടിലേയ്ക്ക് മടങ്ങിയത്. വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ വച്ചാണ് പ്രണവിന്റെ സുഹൃത്തുമായി ശരണ്യ പരിചയത്തിലാകുന്നത്. ഈ പരിചയം പിന്നീട് പ്രണയമായി.
ഇയാള്‍ക്കൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. കൊലപാതകം ഭര്‍ത്താവിന്റെ തലയില്‍ കെട്ടിവയ്ക്കുന്നതിനും ശരണ്യ ശ്രമം നടത്തി. ഇതിന്റെ ഭാഗമായാണ് കുടുംബകലഹത്തെതുടര്‍ന്ന് മാസങ്ങളായി അകന്നു കഴിഞ്ഞിരുന്ന പ്രണവിനെ ഞായറാഴ്ച രാത്രി ശരണ്യ തന്നെ നിര്‍ബന്ധിച്ച് വീട്ടില്‍ നിര്‍ത്തിയത്. ശാസ്ത്രീയമായ തെളിവുകളുടെ പിന്‍ബലത്തിലാണ് ശരണ്യയുടെ അറസ്റ്റ് അന്വേഷണസംഘം രേഖപ്പെടുത്തിയത്. ഇവരുടെ വസ്ത്രങ്ങളില്‍ നിന്ന് കടല്‍ വെള്ളത്തിന്റെ സാന്നിധ്യം ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയത് വഴിത്തിരിവായി. കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതുമുതല്‍ ശരണ്യ പൊലീസ് കസ്റ്റഡിയിലായിരുന്നു.കണ്ണൂര്‍ ഡിെവെ.എസ്.പി: പി.പി.സദാനന്ദന്റെ നേതൃത്വത്തില്‍, സിറ്റി ഇന്‍സ്‌പെക്ടര്‍ പി.ആര്‍. സതീശന്‍, എസ്.ഐമാരായ നെല്‍സണ്‍ നിക്കോളാസ്, സുനില്‍കുമാര്‍, എ.എസ്.ഐമാരായ അജയന്‍, ഷാജി, സീനിയര്‍ സി.പി.ഒമാരായ ഷാജി, സന്ദീപ്, ഗഫൂര്‍, എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങളായ സുജിത്, മിഥുന്‍, സുഭാഷ്, മഹേഷ്, അജിത് എന്നിവരടങ്ങിയ ടീമാണ് അന്വേഷണം നടത്തിയത്.