അയ്യായിരം കൈക്കൂലി വേണമെന്ന് നിർബന്ധം; വിജിലൻസ് കുടുക്കിയത് സിനിമ സ്റ്റൈലിൽ; സരിത പിടിക്കപ്പെട്ടത് ഇങ്ങനെ

തിരുവനന്തപുരം: സ്ഥാപനത്തിന് അനുമതി നൽകാൻ കൈക്കൂലി ആവശ്യപ്പെട്ട ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ തന്ത്രപൂർവ്വം വിജിലൻസ് വലയിലാക്കി. തിരുവനന്തപുരം നഗരസഭ ജഗതി ഓഫീസിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സരിതയാണ് പിടിയിലായത്. പ്രവാസിയായ ഷിബുകൃഷ്ണൻ, വഴുതക്കാട് തുടങ്ങുന്ന ഇന്റീരിയർ ഡെക്കറേഷൻ ഓഫീസിന് ലൈസൻസ് നൽകുന്നതിനാണ് ഇവർ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.

പണം നൽകാതെ അനുമതി നൽകില്ലെന്നു ശഠിച്ചതോടെ സംരംഭകൻ വിജിലൻസിനെ സമീപിച്ചു. അപേക്ഷ വാങ്ങാനെത്തിയപ്പോൾ തന്നെ കൈക്കൂലി ആവശ്യപ്പെട്ട ഹെൽത്ത് ഇൻസ്പെക്ടറുടെ രീതിയിൽ അമ്പരന്ന ഷിബു ഇതേപ്പറ്റി വിശദമായി സംസാരിച്ച് പണം ആവശ്യപ്പെടുന്നത് മൊബൈലിൽ റെക്കാഡ് ചെയ്തു. ഇതുമായി വിജിലൻസ് ആസ്ഥാനത്തെ ഇന്റലിജൻസ് വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് ഇ.എസ് ബിജുമോനെ സമീപിച്ചു. ബിജുമോന്റെ നിർദേശാനുസരണം തിരുവനന്തപുരം റേഞ്ച് എസ്.പി ജയശങ്കറിനെ നേരിൽകണ്ട് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവം വാസ്തവമാണെന്ന് മനസിലാക്കിയ വിജിലൻസ് ഡിവൈ.എസ്.പി അനിലിന്റെ നേതൃത്വത്തിൽ സരിതയെ കുടുക്കാനുള്ള കെണി ഒരുക്കി. പണം നൽകാമെന്ന പേരിൽ ഷിബു സരിതയെ ബന്ധപ്പെട്ടു. ഇന്നലെ രാവിലെ ഓഫീസിലെത്താനായിരുന്നു മറുപടി. പണം നൽകാനെന്ന പേരിൽ ഷിബു വിജിലൻസ് സംഘത്തിനൊപ്പം ഓഫീസിലെത്തിയെങ്കിലും ഫീൽഡിലാണ് ഉച്ചയ്ക്ക് കാണാമെന്ന് അറിയിച്ചു.

ഉച്ചയ്ക്ക് വീണ്ടും പണവുമായി സംഘമെത്തി. സംശയം തോന്നിയിട്ടാണോ എന്തോ മീറ്രിംഗിലാണെന്നും ഫീൽഡ് ഇൻസ്പെക്ഷനുശേഷം വൈകുന്നേരം കാണാമെന്നും ഉറപ്പ് നൽകി. വൈകുന്നേരം വീട്ടിലേക്ക് പോകും മുമ്പ് ജഗതി – പൂജപ്പുര റോഡിലേക്ക് വരാൻ സരിത ഷിബുവിനോട് നിർദേശിച്ചു. ഇതനുസരിച്ച് വിജിലൻസ് സംഘവും വനിതാ പൊലീസും സഹിതം ഷിബു സ്ഥലത്തെത്തി.

സ്വകാര്യ വാഹനങ്ങളിൽ സമീപത്ത് തന്നെ വിജിലൻസ് സംഘം കാത്ത് കിടന്നു. വൈകുന്നേരം നാലരയോടെ സരിത സ്ഥലത്തെത്തി. ഷിബുവുമായി സംസാരിച്ച് വിജിലൻസ് സംഘം ഷിബുവിന് നൽകിയിരുന്ന ഫിനോഫ്തലിൻ പുരട്ടിയ 5000 രൂപ നോട്ടുകൾ കൈപ്പറ്റിയതും വനിതാ പൊലീസുകാർ ഉൾപ്പെടെയുളള സംഘം ചാടി വീണ് സരിതയെ കസ്റ്റഡിയിലെടുത്തതും ഒരുമിച്ചായിരുന്നു.

മഫ്തിയിലെത്തിയത് വിജിലൻസാണെന്ന് ആദ്യം പിടികിട്ടാതെപോയ സരിത റോഡിൽ ബഹളം വച്ച് സീനുകളൊക്കെ സൃഷ്ടിച്ചെങ്കിലും നാട്ടുകാരെയും ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും സാക്ഷിയാക്കി സരിത കൈക്കൂലി വാങ്ങിയതായി തെളിഞ്ഞതോടെ ഇവരെ കസ്റ്റഡിയിലെടുത്ത് വിജിലൻസിന്റെ സതേൺ റേഞ്ച് ഓഫീസിലേക്ക് കൊണ്ടുപോന്നു. ഇവരെ ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.

Top