കൊച്ചി: സോളാര്‍ കേസ് കത്തി നില്‍ക്കവെ സരിതാ നായര്‍ കേരളം വിടുന്നു. കേരളത്തിലെ വ്യവസായ പദ്ധതികള്‍ ഉപേക്ഷിച്ച് തമിഴ്‌നാട്ടില്‍ പുതിയ വ്യവസായത്തിന് തുടക്കംകുറിച്ചിരിക്കുകയാണ് സരിത. കേരളത്തോട് ചേര്‍ന്ന കന്യാകുമാരി ജില്ലയിലെ തക്കലയില്‍ കടലാസ് ബാഗ്, കപ്പ്, പ്ലേറ്റ് എന്നിവ നിര്‍മ്മിക്കുന്നതിനായി രണ്ടു യൂണിറ്റുകാണ് ആരംഭിച്ചിരിക്കുന്നത്. ഒപ്പം മധുര അറുപ്പുക്കോട്ടയില്‍ ഉത്തരേന്ത്യന്‍ കമ്പനിയുടെ സോളാര്‍ പവര്‍ പ്രോജക്ടിന്റെ ചുമതലയും സരിതയ്ക്കാണ്.
വിഎസ് ഇക്കോ ഇന്‍ഡസ്ട്രീസ് എന്നാണ് സ്ഥാപനത്തിന്റെ പേര്. പേപ്പര്‍ നിര്‍മിത വസ്തുക്കളുടെ വില്‍പ്പനയ്ക്കുള്ള ഷോറൂമാണ് തുറന്നിരിക്കുന്നത്. തക്കല-കുലശേഖരം റോഡില്‍ പദ്മനാഭപുരത്തിന് സമീപത്താണ് നിര്‍മാണ യൂണിറ്റ്. കടലാസ് ബാഗുകള്‍ കൈകൊണ്ടും കപ്പുകള്‍ യന്ത്രസഹായത്തോടെയാണ് നിര്‍മ്മിക്കുന്നത്. യൂണിറ്റില്‍ സമീപ പ്രദേശത്തു നിന്നുള്ള സ്ത്രീകളാണ് ജോലി ചെയ്യുന്നത്.
തുടക്കത്തില്‍ ആവശ്യമനുസരിച്ച് മാത്രമാണ് നിര്‍മ്മാണം. കന്യാകുമാരി, മാര്‍ത്താണ്ഡം എന്നിവിടങ്ങളിലും സ്ഥാപനം തുടങ്ങുന്നതിന് ആലോചനയുണ്ട്. കേരളത്തിലെ വിവാദങ്ങളില്‍ നിന്നു മാറി തമിഴ്നാട്ടില്‍ നല്ല രീതിയില്‍ വ്യവസായം തുടങ്ങാനാണ് ആലോചിക്കുന്നതെന്ന് സരിത പറഞ്ഞു.
തമിഴ്നാട്ടില്‍ വ്യവസായം സൗഹൃദ അന്തരീക്ഷം ഉണ്ട്. ഏകജാലക സംവിധാനത്തിലൂടെ ലൈസന്‍സും മറ്റ് അനുമതികളും പെട്ടെന്ന് ലഭിക്കും. കേരളത്തിലും ഇത്തരം മാറ്റം ഉണ്ടായേക്കും മധുരയിലെ സോളാര്‍ പദ്ധതിക്ക് ഉത്തരേന്ത്യന്‍ കമ്പനിയാണ് മൂലധനം മുടക്കിയത്. അതിന്റെ സ്ഥാപനം, നടത്തിപ്പ് എന്നീ കാര്യങ്ങള്‍ നോക്കുകയാണെന്നും സരിത പറഞ്ഞു.