തെളിവുകള്‍ നല്‍കിയട്ടും നടപടി ഉണ്ടാകുന്നില്ല; ബെന്നി ബഹന്നാന്‍ നിരന്തരം വിളിച്ചിരുന്നെന്നും സരിതാ നായര്‍

കൊച്ചി: സോളാര്‍ കമ്മീഷന് തെളിവുകള്‍ കൈമാറിയിട്ടും നടപടികള്‍ എടുക്കുന്നില്ലെന്ന് സരിതാ നായര്‍.തെളിവുകള്‍ കൈമാറിയിട്ടും കമ്മീഷന്‍ നടപടിയെടുക്കുന്നില്ലെന്നും നീതി വൈകുന്നത് നീതി നിഷേധിക്കപ്പെടുന്നതിന് തുല്യമാണെന്നും കമ്മീഷനില്‍ മൊഴി നല്‍കാനെത്തിയ സരിത മാധ്യമങ്ങളോടു പറഞ്ഞു.

ബെന്നി ബഹന്നാന്റെ അഭിഭാഷകനാണ് സരിതയെ ക്രോസ് വിസ്താരം ചെയ്യുന്നത്. തന്റെ അമ്മയുടെ ഫോണിലേക്കാണ് ബെന്നി ബഹന്നാന്‍ വിളിച്ചിരുന്നതെന്നും മുഖ്യമന്ത്രി ഏല്‍പിച്ചിട്ടാണു വിളിക്കുന്നതെന്നും പറഞ്ഞിരുന്നു. താന്‍ ജയിലില്‍നിന്ന് ഇറങ്ങിയ ശേഷവും പലവട്ടം ബെന്നി ബിളിച്ചു. എല്ലായ്‌പോഴും മുഖ്യമന്ത്രിയോടു പറഞ്ഞു ശരിയാക്കാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതു സംബന്ധിച്ച ശബ്ദരേഖ കമ്മീഷനില്‍ ഹാജരാക്കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2013 മുതല്‍ 2016 വരെയുള്ള അമ്മയുടെ ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ചാല്‍ ബെന്നി ബഹന്നാന്‍ വിളിച്ചതു മനസിലാകും. 2012 മുതല്‍ കാക്കനാട് താന്‍ താമസിച്ചിരുന്ന വീടിനു സമീപമാണ് ബെന്നി ബഹന്നാന്‍ താമസിച്ചിരുന്നത്. അക്കാലത്തു ബെന്നി വീട്ടില്‍ വന്നിട്ടുണ്ട്. അറസ്റ്റിലാകുന്നതിനു മുമ്പു പാര്‍ട്ടി ഫണ്ട് സംബന്ധിച്ചും ഇറങ്ങിയശേഷം കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും ബെന്നി ബഹന്നാനെ നിരവധി തവണ വിളിച്ചിട്ടുണ്ട്.2012 ഓഗസ്റ്റിനു ശേഷമാണ് ബെന്നിക്കു പാര്‍ട്ടി ഫണ്ട് കൊടുത്തത്.

ഇത്രയും വലിയ തുക കൈയില്‍ ഉണ്ടായിരുന്നു എന്നു തെളിയിക്കാനായി കമ്പനിയുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് കമ്മീഷനില്‍ നല്‍കിയിട്ടുണ്ട്. ചെമ്പുമുക്കില്‍ ട്രാന്‍സ്‌ഫോമര്‍ ഉദ്ഘാടനത്തിനെത്തിയപ്പോഴാണു തുക കൈമാറിയത്. കമ്മീഷനില്‍ മൊഴി നല്‍കാന്‍ തുടങ്ങിയ ശേഷം അബ്കാരികളുമായോ പ്രതിപക്ഷ പ്രസ്ഥാനങ്ങളുടെ നേതാക്കളുമായോ ഫോണിലോ അല്ലാതെയോ സംസാരിക്കാറുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു സരിതയുടെ മറുപടി. കനാലി, സഫാരി, കുന്തി, വയ്യാവേലി, അഹല്യാപുരി എന്നീ സിനിമകള്‍ക്കുവേണ്ടി താന്‍ കരാറൊപ്പിട്ടിരുന്നതായും സരിത പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ലാന്‍ഡ് ഫോണ്‍ രേഖകള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു പൊലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജി ആര്‍ അജിത്ത് കമ്മീഷനില്‍ ഹര്‍ജി നല്‍കി. സരിതയുടെ പേഴ്‌സണല്‍ ഡയറി ഹാജരാക്കണമെന്ന ഹര്‍ജിയും സമര്‍പ്പിച്ചു. ഇരു ഹര്‍ജികളും ഈ മാസം 28ന് കമ്മീഷന്‍ പരിഗണിക്കും.

Top