കൊച്ചി: സോളാര്‍ കേസിലെ വിവാദ നായിക സരിത നായര്‍ എറണാകുളം ലോകസഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും യുവ കോണ്‍ഗ്രസ് നേതാവുമായ ഹൈബി ഈഡനെതിരെ മത്സരിക്കും. കെ സി വേണു ഗോപാല്‍, ഉമ്മന്‍ ചാണ്ടി എ പി അനില്‍കുമാര്‍ എന്നിവര്‍ മത്സരിക്കാത്ത സ്ഥിതിക്കാണ് മത്സരരംഗത്തുള്ള ഹൈബി ഈഡനെതിരെ സരിത മത്സരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
എറണാകുളത്ത് ഹൈബി ഈഡനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ സോളാര്‍ കേസിലെ വിവാദനായിക സരിത നായര്‍ മത്സരിക്കുമെന്ന് അഭ്യൂഹം പരന്നിരുന്നു. ഹൈബി ഈഡനെതിരെയുള്ള മത്സരത്തില്‍ നിന്നും പിന്മാറില്ലെന്നാണ് സരിത നായര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സ്വതന്ത്രയായിട്ടായിരിക്കും മത്സരിക്കുക. താന്‍ ഉന്നയിച്ചത് വ്യാജ ആരോപണമല്ല. കൃത്യമായ തെളിവുകള്‍ കൈവശമുണ്ട്. അത് സഹിതമാണ് മത്സരിക്കുക എന്നും സരിത പറഞ്ഞിരുന്നു. മുമ്പ് ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് ബിയുമായി ബന്ധമുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ അത്തരം രാഷ്ട്രീയ ബന്ധങ്ങളില്ലെന്നും സരിത നേരത്തെ പറഞ്ഞിരുന്നു.
സരിതയെ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നാണ് ഇടതുമുന്നണിയുടെ നിലപാട്. അതേസമയം സരിത മത്സരിച്ചാല്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ച് യുഡിഎഫില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സരിതയെ മത്സരിപ്പിക്കാതിരിക്കാനുള്ള അനുനയ ശ്രമങ്ങള്‍ നടക്കുന്നതായി പറയപ്പെടുന്നു. അതിനു സരിത വഴങ്ങുമോയെന്ന് കണ്ടറിയണം. ഏതായാലും സരിത ഹൈബിക്കെതിരെ മത്സരിക്കുമോ ഇല്ലയോ എന്ന് ഉടനെ വ്യക്തമാവും