തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല. ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി മറയാക്കി ഹിന്ദു സമൂഹത്തെ ഇടത് സർക്കാർ വേട്ടയാടുകയാണ് എന്നും കെ.പി.ശശികല പറഞ്ഞു. ശബരിമലയെ തകർക്കാൻ ശ്രമിക്കുന്നെന്ന് ആരോപിച്ച് ശബരിമല കർമസമിതി പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച അയ്യപ്പഭക്തജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ഹിന്ദുക്കളെ എങ്ങനെ ഭിന്നിപ്പിക്കാമെന്നാണ് സർക്കാർ ആലോചിക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ടുള്ള റിട്ട് ഹർജികളിൽ നാളെ സുപ്രീം കോടതിയിൽ നിന്ന് എന്ത് വിധി വന്നാലും പ്രശ്നമില്ല. ശബരിമലയുടെ ഭാവി എന്താണെന്ന് അയ്യപ്പഭക്തർ തീരുമാനിച്ചിട്ടുണ്ട്. കേരളം തങ്ങളുടെ കൈയിലാണെന്ന ധാരണയിലാണ് സി.പി.എം ഇതൊക്കെ കാട്ടിക്കൂട്ടുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടറിഞ്ഞു കളിയാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ സി.പി.എമ്മിന്റെ പിത്തലാട്ടങ്ങൾക്ക് ഹിന്ദു സമൂഹം ഇനി നിന്നു തരുമെന്ന് കരുതരുത്. ശബരിമലയിലെ നിലപാടുകളുമായി മുന്നോട്ട് പോകാനാണ് സർക്കാരിന്റെ നീക്കമെങ്കിൽ അയ്യപ്പഭക്തർ ചേർന്ന് അതിന് ശക്തമായ തിരിച്ചടി നൽകും. ഹിന്ദു സമൂഹം ഒന്നടങ്കം രംഗത്തിറങ്ങിയാൽ പിണറായിക്കും കൂട്ടർക്കും രക്ഷയുണ്ടാകില്ല. അവസാന കമ്മ്യൂണിസ്‌റ്റ് മുഖ്യമന്ത്രിയായി പിണറായി പുറത്തേക്ക് പോകേണ്ടി വരുന്ന കാലം വിദൂരമല്ല. ശബരിമലയുടെ പേരിൽ സി.പി.എം ജനങ്ങളെ വഞ്ചിക്കുകയാണ്. ശബരിമലയിലെ ആചാരങ്ങൾ തകർക്കുന്നതിനെതിരെ സമരരംഗത്തിറങ്ങിയത് അമ്മമാരാണ്. അവരുടേയും അയ്യപ്പഭക്തരുടേയും സംഘടിത ശക്തിക്ക് മുന്നിൽ സർക്കാരിന് മുട്ടുകുത്തേണ്ടി വരും – – ശശികല പറഞ്ഞു.
കോൺഗ്രസിനേയും ശശികല രൂക്ഷമായി വിമർശിച്ചു. നട അടച്ചാൽ കോൺഗ്രസുകാർ വിശ്വാസികൾക്കൊപ്പമാണ്. നട തുറന്നാൽ ഒരു കോൺഗ്രസ് നേതാവിനെപ്പോലും കാണില്ലെന്നും അവർ കൂട്ടിച്ചേർത്തു