റിയാദ്: സൗദിയില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു. റെന്റ് എ കാര്‍ മേഖലയിലാണ് ഉടന്‍ സ്വദേശിവത്കരണം നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി സൗദി തൊഴില്‍ മന്ത്രാലയം വിവിധ ശാഖകള്‍ക്ക് സര്‍ക്കുലര്‍ അയച്ചു. സ്വദേശിവത്കരണത്തിന് മുന്നോടിയായുള്ള മുന്നറിയിപ്പ് പരിശോധന സ്ഥാപനങ്ങളില്‍ ആരംഭിക്കുകയും ചെയ്തു. മാര്‍ച്ച് 18 മുതലാണ് സ്വദേശിവത്കരണം പ്രാബല്യത്തില്‍ വരിക. പത്ത് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് റെന്റ് എ കാര്‍ മേഖല സ്വദേശിവത്കരണത്തിന് തയ്യാറെടുക്കുന്നത്. ഇതു കാണിച്ച് മന്ത്രാലയ ശാഖയിലേക്ക് സര്‍ക്കുലര്‍ അയച്ചതായി ഔദ്യോഗിക വക്താവ് ഖാലിദ് അബല്‍ഖൈല്‍ വ്യക്തമാക്കി. മാര്‍ച്ച് 18 മുതലാണ് ഈ മേഖലയിലെ സമ്പൂര്‍ണ സ്വദേശിവത്കരണം പ്രാബല്യത്തില്‍ വരിക. സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ ഈ ജോലികളിലേക്ക് ഇനി വിദേശികളെ നിയമിച്ചാല്‍ നിയമം അനുശാസിക്കുന്ന പിഴയും ശിക്ഷയും ലഭിക്കുമെന്ന് മന്ത്രാലയം സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഈ വിവരം നേരിട്ട് അറിയിക്കാനും അവസ്ഥ ശരിപ്പെടുത്താനുള്ള മുന്നറിയിപ്പിന്റെയും ഭാഗമായി സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയും സന്ദര്‍ശനവും ആരംഭിച്ചതായി കിഴക്കന്‍ പ്രവിശ്യ ശാഖയിലെ തൊഴില്‍ ഓഫീസ് മേധാവി മന്‍സൂര്‍ ആല്‍ ബിന്‍അലി പറഞ്ഞു. നിയമലംഘകരുടെ എണ്ണത്തിനനുസരിച്ച് പിഴയും ശിക്ഷയും ഇരട്ടിക്കും. കുറ്റം ആവര്‍ത്തിച്ചാലും ഇരട്ടി പിഴയും ശിക്ഷയുമാണ് നല്‍കുക എന്നും മന്ത്രാലയത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. റെന്റ് എ കാര്‍ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ സമയം മുന്‍കൂട്ടി വിവരം നല്‍കിയിരുന്നുവെന്നും സ്വദേശിവത്കരണ തീരുമാനത്തില്‍ നിന്ന് പിറകോട്ട് പോവില്ലെന്നും മന്ത്രാലയ വക്താവ് കൂട്ടിച്ചേര്‍ത്തു.
സൗദിയില്‍ റെന്റ് എ കാര്‍ മേഖലയിലും സ്വദേശിവത്കരണം; മാര്‍ച്ച് 18 മുതല്‍ പ്രാബല്യത്തില്‍
Tags: Saudi