സൗദിയില്‍ വിദേശതൊഴിലാളികള്‍ക്ക് ബുധനാഴ്ച മുതല്‍ ജോലിമാറ്റം അനുവദിക്കും

സൗദി അറേബ്യയില്‍ വിദേശതൊഴിലാളികള്‍ക്ക് ബുധനാഴ്ച മുതല്‍ ജോലിമാറ്റം അനുവദിച്ചുതുടങ്ങും. ഒരു വര്‍ഷം മുമ്പ് നിര്‍ത്തിവെച്ച പദ്ധതിയായിരുന്നു ഇത്. പദ്ധതി പുനരാംരംഭിക്കാന്‍ കഴിഞ്ഞയാഴ്ചയാണ് തൊഴില്‍ മന്ത്രാലയം തീരുമാനിച്ചത്. അതേസമയം ഡോക്ടര്‍, എന്‍ജിനീയര്‍, അക്കൗണ്ടന്റ് തുടങ്ങിയ തസ്തികകളിലേക്ക് മാറുന്നവര്‍ തൊഴില്‍മന്ത്രാലയവുമായി ബന്ധപ്പെടണം. ആരോഗ്യം, എന്‍ജിനീയറിങ്, അക്കൗണ്ട്‌സ് തുടങ്ങിയ വിഭാഗങ്ങളിലൊഴികെയുള്ള തസ്തികകളില്‍ ജോലിചെയ്യുന്നതിന് ഓണ്‍ലൈന്‍ വഴി ജോലിമാറ്റാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. എന്നാല്‍, പ്രൊഫഷണല്‍ പ്രാക്ടീസ് സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ള മൂന്നുവിഭാഗങ്ങളിലുള്ള ജോലികളിലേക്ക് മാറ്റം ആഗ്രഹിക്കുന്നവര്‍ തൊഴില്‍മന്ത്രാലയത്തിന്റെ പ്രവിശ്യാ ഓഫീസുകളെ നേരിട്ട് സമീപിക്കണം.

അതേസമയം, മറ്റു തസ്തികകളിലേക്ക് മാറുന്നതിന് നേരിട്ട് സമീപിക്കേണ്ടതില്ലെന്നും തൊഴിലുടമകള്‍ക്കുതന്നെ മാറ്റാന്‍കഴിയുമെന്നും തൊഴില്‍മന്ത്രാലയം വ്യക്തമാക്കി. ഗാര്‍ഹികതൊഴിലാളികള്‍ക്ക് സ്വകാര്യസ്ഥാപനങ്ങളിലേക്ക് തൊഴില്‍മാറ്റം അനുവദിക്കില്ല. ഡോക്ടര്‍, നഴ്‌സ്, പാരാമെഡിക്കല്‍ തസ്തികകളിലേക്ക് ജോലിമാറ്റുന്നവര്‍ സൗദി കമ്മിഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. എന്‍ജിനീയര്‍മാര്‍ സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനിയേഴ്‌സിലും അക്കൗണ്ടന്റ്, ഓഡിറ്റര്‍ തുടങ്ങിയ തസ്തികകളിലേക്ക് മാറുന്നതിന് സൗദി ഓര്‍ഗനൈസേഷന്‍ ഫോര്‍ സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സിലും രജിസ്റ്റര്‍ ചെയ്യണം. വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും തൊഴില്‍പരിചയ രേഖകളുമായി തൊഴില്‍മന്ത്രാലയം ഓഫീസുകളെ സമീപിക്കുന്നവര്‍ക്ക് അഞ്ച് പ്രവൃത്തിദിവസത്തിനകം തൊഴില്‍ മാറ്റിനല്‍കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top