
റിയാദ്: സ്വദേശിവല്‍ക്കരണത്തില്‍ ഇളവുകളുമായി സൗദി ഭരണകൂടം. സൗദിയില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ച 12വിഭാഗങ്ങളില്‍ 30ശതമാനത്തോളം ഇളവ് നല്‍കിയും ചില മേഖലകളെ ഒഴിവാക്കിയും തൊഴില്‍, സാമൂഹിക മന്ത്രാലയമാണ് ഉത്തരവിറക്കിയത്. സൗദിയിലെ പ്രവാസികള്‍ ജോലിചെയ്യുന്ന പ്രധാന തൊഴില്‍ മേഖലകളില്‍ പലതിലും സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്തുന്നതിനിടയില്‍ നല്‍കിയ ഇളവ് മലയാളികള്‍ അടക്കമുള്ള വിദേശികള്‍ക്ക് അല്‍പം ആശ്വാസമാകും എന്നാണ് കണക്കാക്കുന്നത്. മെക്കാനിക്, ക്ലീനിങ്, ലോഡിങ്, ടെക്‌നിഷന്‍, ഷോപ്പുകളുടെ മാനേജര്‍ എന്നീ തസ്തികകളില്‍ വിദേശികളെ നിയമിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
എന്നാല്‍ മാനേജര്‍ തസ്തിക രണ്ടുവര്‍ഷത്തേക്കു മാത്രമാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. അടുത്തമാസം 11നു നടപ്പാക്കാനിരുന്ന വിവിധ മേഖലകളിലെ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണത്തിലാണ് ഇപ്പോള്‍ ഇളവു നല്‍കിയിരിക്കുന്നത്. കാര്‍ബൈക്ക് ഷോറൂമുകള്‍, പുരുഷന്മാര്‍ക്കുള്ള റെഡിമെയ്ഡ് വസ്ത്ര ഷോപ്പുകള്‍, ഫര്‍ണിച്ചര്‍ കടകള്‍, വീട്ടുപകരണങ്ങള്‍ എന്നിവിടങ്ങളിലാണു സെപ്റ്റംബര്‍ 11 മുതല്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണത്തിനു തീരുമാനിച്ചിരുന്നത്.