റിയാദ്: പെണ്‍മക്കളുടെ സൗന്ദര്യത്തിനനുസരിച്ച് വിവാഹമൂല്യം നിശ്ചയിക്കുന്ന സൗദിയിലെ പിതാക്കന്‍മാരുടെ നടപടിക്ക് സര്‍ക്കാരിന്റെ നിയന്ത്രണം. വിവാഹം ലക്ഷ്യമിട്ട് വരന്‍ വധുവിന് നല്‍കേണ്ട മെഹര്‍ മൂല്യത്തിന്റെ പരിധി സൗദി അധികൃതര്‍ നിര്‍ണ്ണയിച്ചു. വിവാഹത്തില്‍ ഏര്‍പ്പെടുമ്പോള്‍ കന്യക കള്‍ക്ക് 50,000 റിയാലും മുമ്പ് വിവാഹം കഴിച്ചിട്ടുള്ളവര്‍ക്ക് 30,000 വുമാണ് വിവാഹമൂല്യം പ്രഖ്യാപിച്ചിട്ടുള്ളത്.
വിവാഹമൂല്യം കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് സൗദിയില്‍ അവിവാഹിതകളുടെ എണ്ണം കൂടിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. തീരുമാനം അംഗീകരിക്കാന്‍ മെക്കയിലെ എമിര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ എല്ലാ ഗോത്രനേതാക്കളോടും അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. ഇസ്‌ളാമിക നിയമം അനുസരിച്ച് വിവാഹം കഴിക്കുമ്പോള്‍ വരന്‍ വധുവിനാണ് വിവാഹ മൂലം നല്‍കേണ്ടത്. സുന്ദരികളായ വധുക്കളുടെ മാതാപിതാക്കളാണ് മെഹര്‍ ഇങ്ങിനെ കൂട്ടിക്കൂട്ടി കൊണ്ടുപോയത്. ഇതോടെയാണ് വിവാഹമൂല്യത്തിന്റെ പരിധി നിര്‍ണ്ണയിക്കാന്‍ സൗദി രാജകീയ കല്‍പ്പന പുറപ്പെടുവിച്ചത്.
ഈ തുക ഒരു ദശലക്ഷം ഡോളറിന് മുകളില്‍ വരെ ആയി എന്ന് കണ്ടതോടെയാണ് മഹറിന് പരിധി നിര്‍ണ്ണയിക്കാന്‍ സൗദി അധികൃതര്‍ തീരുമാനം എടുത്തത്. മെഹര്‍ മൂല്യം കൂടിയതോടെ സൗദിയില്‍ അവിവാഹിതരായ സ്ത്രീകളുടെ എണ്ണവും കൂടിയതായി കണ്ടെത്തുകയും ഇത് ഏകദേശം നാലു ദശലക്ഷമായി ഉയര്‍ന്നതായും കണ്ടെത്തുകയായിരുന്നു. 2010 ല്‍ അവിവാഹിതരുടെ എണ്ണം പത്തു ലക്ഷം ആയിരുന്നെങ്കില്‍ അഞ്ചു വര്‍ഷം കൊണ്ട് അത് 40 ലക്ഷമായി വര്‍ദ്ധിച്ചെന്ന് ഇസ്‌ളാമിക് സര്‍വകലാശാല നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.