പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് ഇഷ്യൂ ചെയ്യുന്നതിനും പുതുക്കുന്നതിനും പാര്‍പ്പിട കരാര്‍ നിര്‍ബന്ധമാക്കി സൗദി ഭരണകൂടം. നിയമം സെപ്തംബര്‍ ഒന്ന് മുതല്‍ നിലവില്‍ വരും. വര്‍ക്ക് പെര്‍മിറ്റ് പുതുക്കിയാല്‍ മാത്രമേ ഇഖാമ പുതുക്കാന്‍ സാധിക്കൂ. ഇതോടെ ഒരുമിച്ചു ബാച്ചിലറായി താമസിക്കുന്നവര്‍ക്ക് പുതിയ നിയമം ഏറെ പ്രയാസമുണ്ടാക്കിയേക്കും. സൗദിയില്‍ അടുത്തകാലത്തായി നിലവില്‍ വന്ന ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയവും പാര്‍പ്പിടകാര്യ മന്ത്രാലയവും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമാണ് പുതിയ നടപടി.
വിദേശ തൊഴിലാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ഇഷ്യൂ ചെയ്യുന്നതിനും പുതുക്കുന്നതിനും സെപ്തംബര്‍ ഒന്ന് മുതല്‍ വാടക കരാര്‍ തൊഴില്‍ മന്ത്രാലയ സൈറ്റുമായി രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാണ്. വര്‍ക്ക് പെര്‍മിറ്റ് പുതുക്കിയാല്‍ മാത്രമേ ഇഖാമ പുതുക്കാന്‍ സാധിക്കൂ എന്നതിനാല്‍ ഫലത്തില്‍ ഇഖാമ പുതുക്കുന്നതിനും പാര്‍പ്പിട കരാര്‍ വേണ്ടിവരും. എന്നാല്‍ വര്‍ക്ക് പെര്‍മിറ്റ് ആവശ്യമില്ലാത്ത ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പുതിയ നിയമം ബാധകമാവില്ല. സ്‌പോണ്‍സര്‍മാര്‍ നേരിട്ട് താമസ സൗകര്യം നല്‍കുന്ന തൊഴിലാളികളെയും നിയമം ബാധിക്കാനിടയില്ല.
എന്നാല്‍ സ്‌പോണ്‍സര്‍മാരുടെ കീഴിലല്ലാതെ ഒറ്റക്ക് താമസിക്കുന്നവര്‍ തങ്ങളുടെ വീട്ടുടമസ്ഥന്റെ അടുക്കല്‍ നിന്നും സ്വന്തം നിലക്ക് വാടകക്കരാര്‍ നേടേണ്ടിവരും. വിവിധ സ്‌പോണ്‍സര്‍മാരുടെ കീഴിലുള്ള തൊഴിലാളികള്‍ ഒന്നിച്ചു താമസിക്കുന്ന ബാച്ചിലര്‍ റൂമുകളിലെ താമസക്കാരെയാണ് നിയമം കൂടുതലായും ബാധിക്കുക. ഇത്തരം റൂമുകളിലെ താമസക്കാരായ ഏതെങ്കിലും ഒരാളുടെ പേരിലായിരിക്കും വാടകക്കരാര്‍ നിലവിലുണ്ടാവുക. അതിനാല്‍ മറ്റുള്ളവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിന് വാടകക്കരാര്‍ ലഭ്യമാക്കുക എന്നത് അസാധ്യമായിരിക്കും.
നേരത്തെയുള്ള ബാച്ചിലര്‍ താമസക്കാര്‍ക്ക് പുറമെ ലെവി ഏര്‍പ്പെടുത്തിയത് മുതല്‍ കുടുംബങ്ങളെ നാട്ടിലയച്ചു ബാച്ചിലര്‍ ജീവിതം ആരംഭിച്ചവരും നിരവധിയാണ്. ഒന്നിച്ചു ബാച്ചിലറായി താമസിക്കുന്നവരില്‍ വാടകക്കരാര്‍ നിലവിലില്ലാത്തവരുടെ കാര്യത്തില്‍ നിയമത്തില്‍ എന്തെങ്കിലും ഇളവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.