സൗദിയില്‍ സ്വദേശിവല്‍ക്കരണം മുഴുവന്‍ ഷോപ്പിംഗ് മാളുകളിലേക്കും വ്യാപിപ്പിക്കാന്‍ നീക്കം

ഷോപ്പിംഗ് മാളുകള്‍ കേന്ദ്രീകരിച്ചു നടത്തിയ സ്വദേശിവത്ക്കരണ പദ്ധതികള്‍ വിജയം കൈവരിക്കുന്ന പശ്ചാത്തലത്തില്‍ പദ്ധതി മുഴുവന്‍ പ്രവശ്യകളിലേക്കും വ്യാപിപ്പിക്കുവാന്‍ നീക്കം. മക്ക, റിയാദ്, തബൂക്ക്, കിഴക്കന്‍ പ്രവശ്യ തുടങ്ങിയ മേഖലകളിലെ ഷോപ്പിംഗ് മാളുകളില്‍ സ്വദേശിവല്‍ക്കരണം സമ്പൂര്‍ണമായി നടപ്പിലാക്കാന്‍ നീക്കം ആരംഭിച്ചതായി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയ പ്രവശ്യാ സൗദിവല്‍ക്കരണ വിഭാഗം മേധാവി എഞ്ചിനീയര്‍ സഅദ് അല്‍ ഗാംദി അറിയിച്ചു. 2017 ഏപ്രില്‍ മാസം മുതലാണ് സൗദിയിലെ ഷോപ്പിംഗ് മാളുകളിലെ ജോലികള്‍ സ്വദേശികള്‍ക്ക് മാത്രമാക്കി പരിമിതപ്പെടുത്തിയത്. 2020 ഓടെ ചില്ലറ വില്‍പന രംഗത്ത് സ്വദേശികള്‍ക്ക് ഒരു മില്ല്യണ്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന പദ്ധതിയുടെ ഭാഗമായായിരുന്നു ഇത്.

പദ്ധതിക്ക് തുടക്കം കുറിച്ചത് അല്‍ ഖസീം പ്രവശ്യയിലെ എട്ടുമാളുകളില്‍ 100 ശതമാനം സൗദിവല്‍ക്കരണം നടപ്പിലാക്കികൊണ്ടാണ്. തുടര്‍ന്ന് എല്ലാ പ്രവശ്യകളിലേക്കും പദ്ധതി വ്യാപിപിച്ചു. ഓരോ പ്രവശ്യകളുടേയും സാഹചര്യങ്ങളും, തൊഴിലവസരങ്ങളും, ഉദ്യോഗാര്‍ത്ഥികളുടെ ലഭ്യതയും പ്രത്യേകം പഠനവിധേയമാക്കിയ ശേഷമാണ് സ്വദേശിവല്‍ക്കരിക്കാന്‍ സാധിക്കുന്ന മേഖലകള്‍ മന്ത്രാലയം തെരഞ്ഞെടുക്കുന്നത്. പദ്ധതി പൂര്‍ണ്ണമായും നടപ്പിലാകുന്നതോടെ വലിയൊരു വിഭാഗം പ്രവാസി മലയാളികളെ ഇത് സാരമായി ബാധിക്കുമെന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top