സ്വന്തം ലേഖകൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ ദയനീയ പരാജയത്തിന് പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പാർട്ടിയ്ക്കുള്ളിൽ അതൃപ്തി പുകയുന്നു. ഇത് മറ നീക്കി പരസ്യമായി പുറത്ത് വരികെയും ചെയ്തിട്ടുണ്ട്.
കെപിസിസി അ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രനെതിരെ തലസ്ഥാനത്ത് സേവ് കോൺഗ്രസിന്റെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. കെപിസിസിയിലെ സുഖജീവിതം അവസാനിപ്പിക്കണമെന്നും കടിച്ച് തൂങ്ങിയാൽ പ്രവർത്തകർക്ക് അടിച്ചിറക്കേണ്ടി വരുമെന്നുമുള്ള പോസ്റ്ററുകൾ എംഎൽഎ ഹോസ്റ്റലിന് മുന്നിലാണ് പ്രത്യക്ഷപ്പെട്ടത്.
യുഡിഎഫിനുണ്ടായ കൂട്ടത്തോൽവിക്ക് പിന്നാലെ നേതൃസ്ഥാനത്ത് നിന്നും മുല്ലപ്പള്ളിയെ മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാൽ ഹൈക്കമാന്റ് പറയാതെ രാജിവയ്ക്കില്ലെന്ന നിലപാടിലാണ് മുല്ലപ്പള്ളി.
തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഒഴിയണമെന്ന് രാഷ്ട്രീയകാര്യ സമിതിയിൽ ആവശ്യം ഉയർന്നിരുന്നു.
തോൽവിയിൽ തന്നെമാത്രം പഴിക്കരുതെന്ന് മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നു. തനിക്കും ഉത്തരവാദിത്തമുണ്ടെന്ന് ഉമ്മൻചാണ്ടിയും വ്യക്തമാക്കിയിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്കുശേഷവും ഡിസിസി പ്രസിഡന്റുമാരെയടക്കം മാറ്റാൻ തീരുമാനിച്ചെങ്കിലും ഗ്രൂപ്പ് ഇടപെടലിൽ നടന്നില്ല.
തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മൻചാണ്ടിയടക്കം രംഗത്ത് ഇറങ്ങിയത് വിമർശങ്ങളുടെ മൂർച്ച കുറയ്ക്കാനുള്ള തന്ത്രമായിരുന്നു. തെരഞ്ഞെടുപ്പ് അധ്യക്ഷനെന്ന നിലയിൽ തോൽവിക്ക് നമ്പർവൺ ഉത്തരവാദി താനാണെന്ന് ഏറ്റുപറഞ്ഞ ഉമ്മൻചാണ്ടി പരസ്പരം പഴിചാരാതെ മുന്നോട്ട് പോകണമെന്നും നിർദേശിക്കുകയായിരുന്നു.