
കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശനം ശരിവെച്ചുള്ള സുപ്രീം കോടതി വിധിയ്‌ക്കെതിരെ നാടെങ്ങും പ്രതിഷേധമുയരുകയാണ്. പല ഹൈന്ദവ സംഘടനകളും ശരണമന്ത്ര ജപ യാത്രകള്‍ സംഘടിപ്പിക്കുകയാണ്. പലയിടങ്ങളിലും യാത്രയ്ക്ക് നേരെ അക്രമങ്ങളും ഉയരുന്നുണ്ട്. പോലീസുകാര്‍ പ്രതിഷേധക്കാരെ മര്‍ദ്ദിക്കുന്നതായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരണങ്ങള്‍ ശക്തമാകുകയാണ്. അയ്യപ്പ ഭജനസമിതി നടത്തുന്ന പ്രതിഷേധത്തിനിടെ, പൊലീസ് സമരക്കാരെ മര്‍ദിക്കുന്നു എന്നുകാട്ടി സോഷ്യല്‍മീഡിയയിലുടെ നടത്തുന്ന വ്യാജപ്രചാരണത്തിന് എതിരെ പോലീസ് നടപടി എടുക്കുന്നു. ഫേസ്ബുക്കിലൂടെയും വാട്ട്സ് ആപ്പിലുടെയും ഘോഷയാത്രയ്ക്ക് എത്തിയ സ്ത്രീകളെ അടക്കം പൊലീസ് മര്‍ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പറവൂര്‍ പോലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ ശനിയാഴ്ച പറവൂരില്‍ ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ നാമജപ ഘോഷയാത്ര നടത്തിയിരുന്നു. സമരത്തില്‍ പങ്കെടുത്തവരെ പോലീസ് മര്‍ദ്ദിക്കുന്നു എന്നുകാട്ടി സോഷ്യല്‍മീഡിയയിലുടെ വ്യാജപ്രചാരണം നടക്കുകയാണ്.
പൊലീസ് നടപടി എന്ന വ്യാജേന വര്‍ഗീയ പ്രചാരണം നടത്തിയതിനെതിരെ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി വി യുശ്രീജിത്ത് ഡിജിപി ഉള്‍പ്പെടെയുളള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. പ്രചാരണത്തിന്റെ ഉറവിടമായ ഫെയ്സ്ബുക്ക് വിലാസങ്ങളും സ്‌ക്രീന്‍ ഷോട്ടുകളും പരാതിയൊടൊപ്പം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സി ഐ കെ അനില്‍കുമാര്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.