ഭോപ്പാൽ: എസ് സി, എസ് ടി വിഭാഗങ്ങളുടെ ഉന്നമനത്തിനായി നീക്കിവച്ചിരുന്ന ഫണ്ട് ഗോ സംരക്ഷണത്തിനും ആരാധനാകേന്ദ്രങ്ങൾക്കും മ്യൂസിയങ്ങൾക്കും വികസനത്തിനായി നീക്കി വച്ച് മധ്യപ്രദേശ്. കേന്ദ്രസർക്കാർ പദ്ധതിയുടെ ഉപ പദ്ധതിക്കായാണ് ഫണ്ട് വകമാറ്റിയതെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. പദ്ധതികളിലൂടെ എസ് സി, എസ് ടി വിഭാഗങ്ങൾക്കും ഗുണമുണ്ടാകുമെന്നാണ് ധകാര്യ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ ഹിന്ദുസ്ഥാൻ ടൈംസിനോട് പ്രതികരിച്ചത്. എന്നാൽ വിഷയത്തോട് പ്രതികരിക്കാൻ ധനകാര്യ മന്ത്രി ജഗ്ദീഷ് ദേവ്ഡ തയ്യാറായില്ല.
252 കോടി രൂപയാണ് ഗോ സംരക്ഷണത്തിനായി കണ്ടെത്തിയ തുകയിൽ 95.76 കോടി രൂപയാണ് എസ് സ്, എസ് ടി വിഭാഗങ്ങളുടെ ഉന്നമനത്തിനായി നീക്കിവച്ചിരുന്ന ഫണ്ടിൽ നിന്ന് കണ്ടെത്തിയിട്ടുള്ളതെന്നാണ് റിപ്പോർട്ട്. ആറ് ആരാധനാലയങ്ങളുടെ വികസനവും കേന്ദ്ര ഉപ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. ശ്രീ ദേവി മഹാലോക്, സെഹോറിലെ സാൽക്കൻപൂർ, ശ്രീ രവിദാസ് മഹാലോക്, സാഗർ, ശ്രീ രാം രാജ മഹാലോക് ഓർഖ, ശ്രീ രാമചന്ദ്ര വൻവാസി മഹാലോക്, ചിത്രകൂട് എന്നിവയ്ക്കും ഗ്വാളിയോറിലെ അടൽ ബിഹാരി വാജ്പേയി സ്മാരകത്തിനുമായി ജൂലൈ മാസത്തിൽ അവതരിപ്പിച്ച ബഡ്ജറ്റിൽ 109 കോടി രൂപയാണ് പ്രഖ്യാപിച്ചിരുന്നത്.
ഇത്തരത്തിൽ എസ് സി, എസ് ടി ഫണ്ട് മറ്റ് വിഭാഗങ്ങളിലേക്ക് മാറ്റി വയ്ക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് മധ്യപ്രദേശ്. നേരത്തെ കർണാടക സമാന രീതിയിൽ ഫണ്ട് വകമാറ്റിയിരുന്നു. കർണാടകയിൽ 14000 കോടി രൂപയാണ് ഉപ പദ്ധതികൾക്കായി കർണാടക സർക്കാർ വകമാറ്റിയത്. സംഭവം പുറത്ത് വന്നതിന് പിന്നാലെ എസ് സി വിഭാഗത്തിനായുള്ള ദേശീയ കമ്മീഷൻ കർണാടക ചീഫ് സെക്രട്ടറിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. 1974ലാണ് എസ് ടി വിഭാഗത്തിനുള്ള ഉപപദ്ധതി അവതരിപ്പിക്കുന്നത് 1979-80 കാലത്താണ് എസ് സി വിഭാഗത്തിനുള്ള ഉപ പദ്ധതി അവതരിപ്പിച്ചത്. പിന്നോക്ക വിഭാഗങ്ങളുടെ സാമ്പത്തിക, വിദ്യാഭ്യാസ ആവശ്യങ്ങളുടെ അഭിവൃദ്ധിക്കായി ഭരണഘടനയിലെ ആർട്ടിക്കിൾ 46 വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് നൂറ് ശതമാനം പ്രത്യേക സഹായമാണ് കേന്ദ്രം നൽകേണ്ടത്.
അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളിൽ ഇത് ഉപയോഗിക്കുന്ന സാഹചര്യം പ്രത്യേക സന്ദർഭങ്ങളിൽ മാത്രമേ ഉണ്ടാകൂവെന്നും കൂടാതെ എസ് സി, എസ് ടി വിഭാഗങ്ങളിൽ പെട്ടവർക്കും അടിസ്ഥാന സൗകര്യ പ്രവർത്തനങ്ങളുടെ പ്രയോജനം ലഭിക്കുമെന്നാണ് ധനകാര്യ വകുപ്പ് വിശദമാക്കുന്നത്. എസ് സി, എസ് ടി ഉപ പദ്ധതിക്കായുള്ള തുക അത്തകത്തിൽ പൊതു പദ്ധതിക്കായി ചെലവിടുന്നതിന് വിലക്കില്ലെന്നുമാണ് മധ്യപ്രദേശിലെ ധനകാര്യ വകുപ്പ് വിശദമാക്കുന്നത്. എന്നാൽ ഇത്തരത്തിൽ എസ് സി, എസ് ടി വിഭാഗത്തിന്റ ഉപ പദ്ധിതിക്കായുള്ള പണം വകമാറ്റുന്നത് ദുരുപയോഗമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.