ശബരിമലയില്‍ സ്ത്രീ പ്രവേശനത്തില്‍ ചരിത്രവിധി. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് സുപ്രീം കോടതി. ഹര്‍ജിക്കാരുടെ നിലപാടിനെ അനുകൂലിച്ച സംസ്ഥാന സര്‍ക്കാര്‍ സന്യാസി മഠങ്ങള്‍ പോലെ ശബരിമല ക്ഷേത്രം പ്രത്യേക വിഭാഗത്തില്‍പ്പെട്ട ക്ഷേത്രമല്ലെന്ന് വാദിച്ചു. അയ്യപ്പ ഭക്തരെ പ്രത്യേക മതവിഭാഗമായി കാണമെന്നും അവിടത്തെ ആചാരങ്ങളെ വ്യത്യസ്തമായി പരിഗണിക്കണമെന്നുമുള്ള വാദങ്ങള്‍ തള്ളി.
നാല് ജഡ്ജിമാരുടെ ഒരേ വിധിയാണ് സ്ത്രീകള്‍ ശബരിമലയിലേക്ക് കയറാമെന്ന് തീരുമാനിച്ചിരിക്കുന്നത്. സ്ത്രീകള്‍ പുരുഷനെക്കാള്‍ മുകളിലോ താഴെയോ അല്ലെന്നും ജഡിജിമാര്‍. സുപ്രീം കോടതിയിലെ ഏക വനിതാ ജഡിജി ഈ ഭൂരിപക്ഷ വിധിയോട് എതിര്‍പ്പ് പ്രകടിപ്പിച്ചെന്നതും ശ്രദ്ധേയമാണ്.
ശാരീരികാവസ്ഥയുടെ പേരില്‍ സ്ത്രീകളോട് വിവേചനം പാടില്ല എന്നതായിരുന്നു ഹര്‍ജി നല്‍കിയ യംങ് ലോയേഴ്‌സ് അസോസിയേഷന്റെ ന വാദം. സ്ത്രീകളോടുള്ള വിവേചനം ഭരണഘടന വിരുദ്ധമാണെന്നും യംങ്‌ലോയേഴ്‌സ് അസോസിയേഷന്‍ വാദിച്ചു. ആര്‍ത്തവകാലത്ത് സ്ത്രീകളെ ക്ഷേത്രാരാധനയില്‍ നിന്ന് വിലക്കുന്ന ചട്ടം 3 ബി റദ്ദാക്കേണ്ടകാര്യമില്ല. ആ ചട്ടം മാറ്റിവായിച്ചാല്‍ മതി എന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. സര്‍ക്കാര്‍ നിലപാടിനെ പുറത്ത് പിന്തുണച്ച ദേവസ്വം ബോര്‍ഡ് പക്ഷെ കോതിയില്‍ മലക്കം മറിഞ്ഞു.
സ്ത്രീ പ്രവേശനം ക്ഷേത്രാചാരങ്ങളുടെയും വിശ്വാസത്തിന്റെയും ലംഘനമാണ്, ശബരിമലയിലെ സവിശേഷ സാഹചര്യത്തില്‍ കോടതിക്ക് ഇടപെടാനാകില്ല, 41 ദിവസത്തെ വൃതശുദ്ധി പാലിക്കാന്‍ സ്ത്രീകള്‍ക്ക് ആകില്ല തുടങ്ങിയ വാദങ്ങള്‍ നിരത്തി. ഓരോ ക്ഷേത്രത്തിലെയും ആചാരങ്ങളും വിശ്വാസവും വ്യത്യസ്തമാണെന്നും ഇത് ഹിന്ദുവിശ്വാസത്തിലെ അവിഭാജ്യഘടകമാണെന്നും ശബരിമല തന്ത്രി വാദിച്ചു.
കാലങ്ങളായി തുടരുന്ന ആചാരങ്ങളില്‍ കോടതി ഇടപെടരുതെന്നായിരുന്നു പന്തളം രാജകുടുംബത്തിന്റെ വാദം. സ്ത്രീകള്‍ക്കുള്ള നിയന്ത്രണം നീക്കുന്നത് വിശ്വാസത്തിന് എതിരാണെന്നും പന്തളം രാജകുടുംബം ആവശ്യപ്പെട്ടു. 60 വര്‍ഷമായി തുടരുന്ന ആചാരങ്ങള്‍ വേണ്ടെന്ന് വെക്കാന്‍ സാധിക്കില്ല എന്ന് എന്‍.എസ്.എസ് വാദിച്ചു. ഭരണഘടനയുടെ 25-2 അനുഛേദം ശബരിമലയുടെ കാര്യത്തില്‍ പ്രസക്തമല്ല തുടങ്ങിയ വാദങ്ങള്‍ എന്‍.എസ്.എസ് മുന്നോട്ടുവെച്ചിരുന്നു.