തൃശൂര്‍: ദീര്‍ഘകാല അവധിക്കും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്കും ഭാഗിക വിരാമമായി. സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ സി.ബി.എസ്.ഇ. സ്‌കൂള്‍ മാനേജര്‍മാരെയും പ്രിന്‍സിപ്പള്‍മാരെയും കോവിഡ് പ്രതിസന്ധികളെ തരണം ചെയ്ത് കാര്യക്ഷമമായ സ്‌കൂള്‍ പ്രവര്‍ത്തനത്തിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സി.ബി.എസ്.ഇ. സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് മലപ്പുറം റീജിയന്‍ രണ്ടു ദിവസത്തെ റെസിഡന്‍ഷ്യല്‍ പരിശീലന ക്യാമ്പ് തൃശൂരില്‍ സംഘടിപ്പിക്കുന്നു. പ്രമുഖ എന്‍ട്രന്‍സ് പരിശീലന കേന്ദ്രമായ റിജു ആന്റ് പി.എസ്.കെ. ക്ലാസ്സസുമായി സഹകരിച്ചു കൊണ്ട് തൃശൂര്‍ പൂമല ഈഡന്‍ വാലി ലെയ്ക്ക് റിസോര്‍ട്ടില്‍ ഒക്ടോബര്‍ 12,13 തീയതികളിലാണ് പരിശീലന പരിപാടി.
സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്തെ നൂതന പ്രവര്‍ത്തന പദ്ധതികള്‍, 2020-ലെ പുതിയ വിദ്യാഭ്യാസ നയം- ഗുണമേന്മാ പരിപ്രേക്ഷ്യം, കോവിഡാനന്തര വിദ്യാഭ്യാസം സമഗ്ര വിശകലനവും പ്രവര്‍ത്ത്യോന്മുഖ പാഠ്യപദ്ധതി രൂപീകരണവും, ആധുനിക മാനേജ്‌മെന്റ് തത്വങ്ങളുടെ സ്‌കൂള്‍ തല പ്രായോഗിക പ്രവര്‍ത്തി പരിചയം, കരിയര്‍ ഗൈഡന്‍സും ആരോഗ്യ പരിപാലനവും തുടങ്ങിയ വൈവിദ്ധ്യമാര്‍ന്ന വിഷങ്ങളില്‍ ദേശീയ അന്തര്‍ദേശീയ പരിശീലകര്‍ നേതൃത്വം നല്‍കും. ക്യാമ്പിന്റെ രണ്ടാം ദിവസം സ്‌കൂള്‍ മാനേജര്‍മാര്‍ക്കായി ‘കാര്യക്ഷമമായ സ്‌കൂള്‍ മാനേജ്‌മെന്റ്’ എന്ന വിഷയത്തില്‍ പ്രത്യേക സെക്ഷനും ക്രമീകരിച്ചിട്ടുണ്ട്.
ദ്വിദിന പഠനക്യാമ്പ് എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി ഡയറക്ടറും കേരള ടെക്‌നോളജിക്കല്‍ സര്‍വ്വകലാശാല പ്രഥമ വൈസ് ചാന്‍സാലറുമായ പ്രൊഫ. ഡോ. എം.അബ്ദുല്‍ റഹിമാന്‍ ഉദ്ഘാടനം ചെയ്യും. സഹോദയ പ്രസിഡന്റ് കെ ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിക്കും. സിറ്റ എഡ്യൂക്കേഷന്‍ അക്കാഡമി ഡയറക്ടര്‍ സുനിത സതീഷ്, സി.ബി.എസ്.ഇ. പരിശീലകയായ ഡോ. ദീപ ചന്ദ്രന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് കേരള സഹോദയ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോജി പോള്‍, റിജു ആന്റ് പി.എസ്.കെ. ക്ലാസ്സസ് ഫൗണ്ടര്‍ ഡയറക്ടര്‍ പി.സുരേഷ് കുമാര്‍, അഖിലേന്ത്യ പ്രൈവറ്റ് സ്‌കൂള്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം. അബ്ദുല്‍ നാസര്‍, ഹിന്ദുസ്ഥാന്‍ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്സ് കേരള സംസ്ഥാന സെക്രട്ടറി എം. ജൗഹര്‍, സഹോദയ ജനറല്‍ സെക്രട്ടറി പി. ഹരിദാസ് എന്നിവര്‍ വിവിധ സെക്ഷനുകള്‍ക്ക് നേതൃത്വം നല്‍കും. മലപ്പുറം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 60 സി.ബി.എസ.്ഇ. പ്രിന്‍സിപ്പല്‍മാരും മാനേജര്‍മാരും പഠന ക്യാമ്പില്‍ പങ്കെടുക്കും.