
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ജാതിയും മതവുമില്ലാതെ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. മതം ഭ്രാന്തമാക്കിയ ഒരു ജനതയ്ക്കിടയില്‍ ഇത്തിരിവെട്ടമായ് മറ്റു ചിലരുമുണ്ടെന്ന് വ്യക്തമാക്കുകയാണ് സര്‍ക്കാരിന്റെ കണക്കുകള്‍. സംസ്ഥാനത്തെ സ്‌കൂളുകളില്‍ ജാതിയും മതവുമില്ലാതെ ഈ അദ്യയന വര്‍ഷം പ്രവേശനം നേടിയിരിക്കുന്നത് 1,24,147 വിദ്യാര്‍ഥികളാണ്. നിയമസഭയിലെ ചോദ്യോത്തരവേളയില്‍ ഡി.കെ.മുരളിയുടെ ചോദ്യത്തിന് മറുപടിയായാണ് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് കണക്കുകള്‍ നല്‍കിയത്. ഒന്നുമുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ ജാതിയും മതവും രേഖപ്പെടുത്താതെ പ്രവേശനം നേടിയത് 1,23,630 വിദ്യാര്‍ഥികളാണ്. പ്ലസ് വണ്ണിന് 278 കുട്ടികളും പ്ലസ് ടൂവിന് 239 കുട്ടികളും ജാതി-മതമില്ലാതെ വിദ്യാഭ്യാസം തുടരുന്നുണ്ട്.സംസ്ഥാനത്തെ 9209 സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ സംബന്ധിച്ച കണക്കാണ് മന്ത്രി സഭയില്‍ നല്‍കിയത്.
ജനനരേഖകളിലും സ്‌കൂള്‍ രേഖകളിലും ജാതിയോ മതമോ ഇല്ല എന്ന് രേഖപ്പെടുത്താന്‍ സൗകര്യമൊരുക്കിയതാണ് കുട്ടികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍.