സ്ത്രീ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനായി പ്രത്യേക നിയമ നിര്‍മ്മാണത്തിന് സ്‌കോട്ട്ലന്‍ഡ് തയ്യാറെടുക്കുന്നു.
ആര്‍ത്തവകാല സംരക്ഷണത്തിനായി സൗജന്യമായി ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനായിട്ടാണ് പുതിയ നിയമ നിര്‍മ്മാണം. ഏകകണ്ഠമായാണ് ഈ നിയമനിര്‍മ്മാണത്തിനുള്ള വോട്ടെടുപ്പ് നടന്നത്.
ആര്‍ത്തവകാല പ്രതിസന്ധികളുമായ് ബന്ധപ്പെട്ട് ലോകമെങ്ങും നടക്കുന്ന ആഗോള പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ വളരെ പ്രധാനപെട്ടതാണ് സ്‌കോട്ട്ലന്‍ഡിന്റെ ഈ നീക്കം. ഇതോടുകൂടി സ്‌കോട്ട്ലന്‍ഡിലുടനീളം സ്‌കൂളുകളും സര്‍വകലാശാലകളും ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളില്‍ ആര്‍ത്തവ സംരക്ഷണത്തിനായുള്ള ഉല്‍പ്പന്നങ്ങള്‍ സൗജന്യമായി ലഭ്യമാകും.
”സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആയി ഒരു പ്രധാന നയം. ഈ നിയമനിര്‍മ്മാണത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നു. ആവശ്യമുള്ള എല്ലാവര്‍ക്കും സൗജന്യമായി ആര്‍ത്തവകാല ഉല്‍പ്പന്നങ്ങള്‍ നല്‍കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി സ്‌കോട്ട്ലന്‍ഡ് മാറുന്നു.” സ്‌കോട്ട്‌ലന്‍ഡ് പ്രധാനമന്ത്രി നിക്കോള സ്റ്റര്‍ജിയന്‍ തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചു.
‘ആവശ്യക്കാര്‍ക്കുതകും വിധത്തില്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുക എന്നത് തദ്ദേശ ഭരണാധികാരികളുടെ നിയമപരമായ കടമയാണ്. തൊഴിലാളി സംഘടനകള്‍, വനിതാ സംഘടനകള്‍, ജീവകാരുണ്യ പ്രവര്‍ത്തകര്‍ എന്നിവയുള്‍പ്പെടെയുള്ള വിശാലമായ ഒരു സഖ്യമാണ് ഈ പ്രചാരണത്തിന് പിന്തുണ നല്‍കിയിട്ടുള്ളത് ‘, ഈ വിഷയത്തില്‍ നിയമസഭാംഗമായ മോണിക്ക ലെനന്‍ സൂചിപ്പിച്ചു .