കൊച്ചി: ആലപ്പുഴയിൽ വെട്ടിക്കൊലപ്പെടുത്തിയ എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായി. കഴുത്തിനേറ്റ മുറിവാണ് മരണകാരണം. ഷാനിന്റെ ശരീരത്തിൽ നാൽപ്പതിലേറെ മുറിവുകളാണുണ്ടായിരുന്നത്. കൊച്ചി കളമശ്ശേരി മെഡിക്കൽ കോളേജിലായിരുന്നു പോസ്റ്റ്മോർട്ടം.
ഞായറാഴ്ച രാവിലെ പത്ത് മണിയോട് കൂടിയാണ് കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി ഷാനിന്റെ മൃതദേഹം എത്തിച്ചത്. മൂന്ന് മണിക്കൂറോളം നീണ്ടു നിന്ന പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമാണ് മൃതദേഹം പുറത്തേക്ക് കൊണ്ടുവന്നത്.
ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ കാറിലെത്തിയ അക്രമി സംഘം വെട്ടിക്കൊന്നത്. ആലപ്പുഴ മണ്ണഞ്ചേരിയിലായിരുന്നു സംഭവം. കഴുത്തിലും കാലിലും ശരീരത്തിന്റെ പിൻഭാഗത്തുമൊക്കെ മുറിവേറ്റ നിലയിലായിരുന്നു ഷാനിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ശസ്ത്രക്രിയ നടത്തിയെങ്കിലും മരിക്കുകയായിരുന്നു. തുടർന്ന് ആലപ്പുഴയിൽ നിന്നുള്ള പോലീസ് സംഘത്തിന്റെ അടക്കം സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയായിരുന്നു.
ഇന്ന് തന്നെ ഷാനിന്റെ സംസ്കാര ചടങ്ങുകൾ ആലപ്പുഴയിൽ നടത്തുമെന്നാണ് വിവരം.