കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ വധക്കേസ് പ്രതി രതീഷ് കൂലോത്തിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് വ്യാപക പൊലീസ് പരിശോധന. നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പരിശോധന. പ്രതികള്‍ ഈ പ്രദേശത്ത് ഒളിച്ചു താമസിച്ചതായാണ് സംശയം. രതീഷിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടറുടെ മൊഴി വടകര റൂറല്‍ എസ്പി രേഖപ്പെടുത്തുന്നുണ്ട്.
അതേസമയം മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണത്തില്‍ ദുരൂഹത. തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ രതീഷിന്റെ മൃതദേഹത്തിൽ ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലിനു പിന്നാലെ വടകര റൂറല്‍ എസ് പി മൃതദേഹം കണ്ടെത്തിയ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നലെ അർദ്ധരാത്രിയോടെയാണ് വടകര റൂറല്‍ എസ്.പി രതീഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കശുമാവിന്‍ തോട്ടത്തില്‍ പരിശോധന നടത്തിയത്.
രതീഷിനെ തൂങ്ങിയ നിലയില്‍ കണ്ട മരവും സമീപ പ്രദേശങ്ങളും അദ്ദേഹം പരിശോധിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനു പിന്നാലെ പെട്ടെന്നുള്ള എസ്.പിയുടെ സന്ദര്‍ശനം ഈ മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയം വർദ്ധിപ്പിക്കുന്നു. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴിയെടുക്കും. മന്‍സൂര്‍ വധക്കേസ് അന്വേഷിക്കുന്ന സംഘം ഇന്ന് വിശദ പരിശോധനക്കായി രതീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ചെക്യാട് എത്തും. ഏപ്രില്‍ ഒന്‍പതിനാണ് രതീഷിനെ ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രതീഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നേരത്തെ യു ഡി എഫ് ആരോപിച്ചിരുന്നു.
കുറ്റാരോപിതനായ കൊച്ചിയങ്ങാടി സ്വദേശിയുമായ രതീഷ് കൂലോത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതക്കത്തിനു ശേഷം രതീഷ് ഒളിവിലായിരുന്നു. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ സംഘം അറിയിച്ചതിന് പിന്നാലെയായിരുന്നു സംഭവം. മന്‍സൂര്‍ വധക്കേസില്‍ രണ്ടാം പ്രതിയാണ് രതീഷ്.
കോഴിക്കോട് ചെക്യാടിന് സമീപം സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് രതീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം അന്വേഷണസംഘം രതീഷിന്റെ വീട്ടില്‍ എത്തിയിരുന്നു. കേസിലെ രണ്ടാം പ്രതിയായ രതീഷിന് വേണ്ടി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. അതേസമയം പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്നാവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.
മന്‍സൂറിന്റെ കൊലപാതകം ആസൂത്രിതമെന്ന് ചൂണ്ടിക്കാട്ടി റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. കൊലയ്ക്കു കാരണം രാഷ്ട്രീയ വിരോധമാണെന്നും കൊലനടത്തണം എന്ന ഉദ്ദേശത്തോടുകൂടിയാണ് ആക്രമണം നടത്തിയതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ 25 അംഗ സംഘമാണെന്നും, ഒന്നു മുതല്‍ 11 പേര്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
ബോംബ് എറിഞ്ഞു വീഴ്ത്തിയ ശേഷം മന്‍സൂറിനെ വടിവാളുകൊണ്ട് വെട്ടുകയായിരുന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന പതിനാലു പേര്‍ക്കും കൊലപാതകലവുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മരണകാരണം രക്തം വാര്‍ന്നാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ പാനൂര്‍ മേഖല ഡിവൈഎഫ്‌ഐ ട്രഷറര്‍ സുഹൈല്‍ ഉള്‍പ്പെടെ 12 പ്രതികള്‍ ഒളിവിലാണ്.
ഇവരെ കണ്ടെത്തുന്നതിനായി പൊലീസ് ശ്രമിക്കുന്നതിനോടൊപ്പം തന്നെ പ്രദേശത്തെ സിസിടിവി കാമറകള്‍ നിരീക്ഷിച്ച് മുഴുവന്‍ പ്രതികളെയും തിരിച്ചറിയാനുള്ള ശ്രമവും നടത്തുന്നുണ്ട്. അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകന്‍ ഷിനോസിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. ഷിനോസിനെ തലശ്ശേരി സബ് ജയിലിലേക്ക് മാറ്റി. കേസിന്റെ അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇസ്മയിലിനാണ്.