തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. തീപിടത്തമുണ്ടായ സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലാണ് പരിശോധന. ഫൊറൻസിക്, വിരലടയാള വിദഗ്ധരും പരിശോധനയ്ക്ക് എത്തിയിട്ടുണ്ട്. സംഭവത്തിൽ അട്ടിമറി സാധ്യതകളുൾപ്പെടെ അന്വേഷണ പരിധിയിൽ വരും. സംഭവത്തിൽ രണ്ട് അന്വേഷണ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ദുരന്ത നിവാരണ കമ്മീഷണർ ഡോ. കൗശികന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘവും എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊപോലീസ് സംഘവുമാണ് അന്വേഷിക്കുക.
സെക്രട്ടേറിയറ്റിൽ തീപിടിത്തമുണ്ടായ ഭാഗത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി. സ്പെഷ്യൽ സെൽ എസ്.പി വി അജിത്തിന്റെ നേതൃത്വത്തിലാണ് പരിശോധന. ശക്തമായ ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ തീപിടിത്തതിൽ വിശദമായ തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്.
തീപിടത്തത്തിന്റെ കാരണം, നഷ്ടത്തിന്റെ കണക്ക്, സ്വീകരിക്കണ്ട മുൻകരുതൽ എന്നിവയുൾപ്പെടെയുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നതെന്ന് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. തീപിടിത്തത്തിൽ നഷ്ടപ്പെട്ട ഫയലുകൾ ഏതൊക്കെയെന്ന് കണ്ടെത്തേണ്ട ചുമതല അന്വേഷണ സംഘത്തിനാണ്. എ. കൗശികന്റെ നേതൃത്വത്തിലുള്ള സംഘം ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം.
സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ പൊതുഭരണ വകുപ്പിലെ പ്രോട്ടോകോൾ വിഭാഗത്തിൽ ചൊവ്വാഴ്ച വൈകുന്നേരം 4.45നാണ് തീ പടർന്നത്. സ്വർണക്കടത്ത്, ലൈഫ് മിഷൻ ഫ്ളാറ്റ് ഇടപാട് എന്നിവയുടേതുൾപ്പെടെ നിർണായകരേഖകൾ സൂക്ഷിച്ചിട്ടുള്ളത് ഇവിടെയാണ്. ഉദ്യോഗസ്ഥരുടെ വിദേശയാത്ര സംബന്ധിച്ച വിവരങ്ങൾ, വി.വി.ഐ.പി.കളെ നിർണയിക്കുന്ന ഫയലുകൾ, അതിരഹസ്യ സ്വഭാവമുള്ള രേഖകൾ എന്നിവ സൂക്ഷിക്കുന്ന ഇടങ്ങളിലായിരുന്നു തീപ്പിടിത്തം.
ഷോർട്ട് സർക്യൂട്ടാണെന്നാണ് ഔദ്യോഗിക വിശദീകരണം. ഗസ്റ്റ് ഹൗസുകളിലെ റൂം ബുക്കിങ് ഫയലുകൾ മാത്രമാണ് നഷ്ടമായതെന്നും മറ്റുള്ളവ സുരക്ഷിതമാണെന്നും പൊതുഭരണ വകുപ്പ് അറിയിച്ചു. തീപിടിത്തം ആസൂത്രിതമാണെന്നും സ്വർണക്കടത്തിലെ രേഖകൾ നശിപ്പിക്കാനുള്ള ശ്രമമാണ് നടന്നതെന്നും കോൺഗ്രസും ബിജെപിയും ആരോപിച്ചു.