തിരുവനന്തപുരം: ജനജീവിതം ദുസ്സഹമാക്കിയ തെരുവുനായ ശല്യം അവസാനിപ്പിക്കാന്‍ നായകളെ കൊല്ലാനുള്ള ശ്രമുണ്ടായാല്‍ തടയണമെന്ന് ഡിജിപി സെന്‍കുമാര്‍. ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ പരാതിയെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവികള്‍ക്കാണ് ഡിജിപി കത്ത് നല്‍കിയത്.അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ പരാതിയിലാണ് ഡി ജി പിയുടെ ഈ നടപടി. അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയ സാഹചര്യം നിലനില്‍ക്കെയാണ് സെന്‍കുമാര്‍ തെരുവുനായ്ക്കളെ കൊല്ലരുതെന്ന ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുന്നത്.
ആക്രമണകാരികളായ നായകളെ കൊല്ലാന്‍ 2006 ലെ കേരള ഹൈക്കോടതി ഉത്തരവ് അനുവദിക്കുന്നുണ്ട്. ഈ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടുത്തിടെ അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, സുപ്രീം കോടതി ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്യാന്‍ വിസമ്മതിക്കുകയായിരുന്നു. ഹൈക്കോടതി വിധിക്കെതിരെ ഏറെ വൈകിയാണ് സ്‌റ്റേയ്ക്കായി സമീപിച്ചതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെയാണ് അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഡിജിപിക്ക് പരാതി നല്‍കിയത്. പരാതി പരിഗണിച്ച ഡിജിപി ജില്ലാ പൊലീസ് മേധാവികള്‍ക്ക് കത്തയക്കുകയും ചെയ്തു. എന്നാല്‍, ഹൈക്കോടതി വിധി നിലനില്‍ക്കേ ഡിജിപിയുടെ നിര്‍ദ്ദേശം പ്രായോഗികമാണോ എന്ന് വ്യക്തമല്ല. തെരുവു നായ ആക്രമിച്ചാല്‍ പൊതുജനത്തിന് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനെതിരെ നിയമ നടപടി സ്വീകരിക്കാവുന്നതാണ്. ഇത്തരത്തില്‍, ജനങ്ങള്‍ നിയമനടപടിക്കു നീങ്ങുന്നത് ഒഴിവാക്കാന്‍ നായ്ക്കളെ കൂട്ടത്തോടെ കൊല്ലാനാണ് പലപ്പോഴും നിര്‍ദ്ദേശമുണ്ടാകുന്നത്. എന്നാല്‍ ഡിജിപിയുടെ പുതിയ നിര്‍ദ്ദേശത്തോടെ തെരുവു നായ്ക്കളെ കൊല്ലല്‍ വിവിധ വകുപ്പുകള്‍ തമ്മിലുള്ള വടവലിക്ക് ഇടയാക്കിയേക്കും.