മഞ്ഞുരുകി; കുശലം പറഞ്ഞ് പൊട്ടിച്ചിരിച്ച് പിണറായിയും സെന്‍കുമാറും

കല്‍പറ്റ: പിണറായി വിജയനും പോലീസ് മേധാവി ടി പി സെന്‍കുമാറും ഇനി സൗഹൃദത്തിന്റെ വഴിയില്‍. ഒരേ വേദിയില്‍ ആദ്യാമായി കണ്ടുമുട്ടിയപ്പോള്‍ മഞ്ഞുരുകിയതിന്റെ സൂചനകളാണ് ലഭിക്കുന്നത്.

പൊലീസ് ആസ്ഥാനത്തെ വിവാദങ്ങള്‍ സര്‍ക്കാരുമായി നിരന്തര ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയായിരുന്നൂ കൂടിക്കാഴ്ച. വയനാട് ജില്ലാ പൊലീസ് ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് അപൂര്‍വസമാഗമത്തിന് അരങ്ങൊരുങ്ങിയത്. തിരുവനന്തപുരത്ത് എസ് ഐമാരുടെ പാസിങ് ഔട്ട് പരേഡ് വൈകുന്നതിന് കാരണം ഇരുവരും തമ്മിലെ ഭിന്നതയാണെന്നും വേദി പങ്കിടാനുള്ള മടികൊണ്ടാണെന്നും പ്രചരണങ്ങള്‍ ഉണ്ടായിരുന്നു. ഇതിനിടെയാണ് ഇരുവരും അടുത്തടുത്ത കസേരയില്‍ ഇരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എല്ലാവരുടെയും ആകാംക്ഷയ്ക്കു വിരാമമിട്ട് ഇരുവരും അടുത്തടുത്ത കസേരകളിലിരുന്ന് കുശലം പറഞ്ഞ് ചിരിച്ചു. ഉച്ചകഴിഞ്ഞ് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിനായി സെന്‍കുമാര്‍ നേരത്തേ എത്തിയിരുന്നു. മുഖ്യമന്ത്രി എത്തിയപ്പോള്‍ അദ്ദേഹം സല്യൂട്ട് ചെയ്ത് സ്വീകരിച്ചു. ചടങ്ങില്‍ സ്വാഗതപ്രാസംഗികനായിരുന്നു സെന്‍കുമാര്‍. ജനങ്ങളോടു പൊലീസ് എങ്ങനെ പെരുമാറണമെന്ന കാര്യത്തില്‍ മുഖ്യമന്ത്രി മാര്‍ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അതനുസരിച്ച് സേനാംഗങ്ങള്‍ പ്രവര്‍ത്തിക്കണമെന്നുമായിരുന്നു സെന്‍കുമാറിന്റെ പ്രസംഗത്തിന്റെ കാതല്‍.

മുഖ്യമന്ത്രിയുടെ ഉദ്ഘാടനപ്രസംഗത്തിലും വിവാദപരാമര്‍ശങ്ങളൊന്നുമുണ്ടായില്ല. സെന്‍കുമാര്‍ ഉണ്ടാകുമെന്ന് മനസ്സിലാക്കി തന്നെയാണ് പിണറായിയും വേദിയില്‍ എത്തിയത്. സെന്‍കുമാറിന്റെ സാന്നിധ്യം ഉണ്ടായാല്‍ മുഖ്യമന്ത്രി ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇത് മനസ്സിലാക്കി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അനുമതിയോടെയാണ് സെന്‍കുമാറിനേയും ചടങ്ങിലേക്ക് പൊലീസ് അസോസിയേഷന്‍ ക്ഷണിച്ചത്.

Top