കൊച്ചി:സിസ്റ്റർ അഭയ വധക്കേസിൽ ഇരട്ട ജീവപര്യന്തം കേസിൽ കോടതി ശിക്ഷിച്ച ഫാ. തോമസ് കോട്ടൂർ പൂജപ്പുര സെൻട്രൽ ജയിലിലെ 4334-ാം കൺവിക്റ്റ് നമ്പർ തടവുകാരനാണ്. അട്ടക്കുളങ്ങര വനിതാ ജയിലിലെ 15-ാം നമ്പർ തടവുകാരിയാണു സിസ്റ്റർ സെഫി. ഫാ. കോട്ടൂർ ക്വാറന്റീൻ ബ്ലോക്കിൽ ഒറ്റയ്ക്കാണ്. സിസ്റ്റർ സെഫിക്കൊപ്പം 5 പ്രതികളുണ്ട്. കേസിൽ കുറ്റക്കാരാണെന്നു കണ്ടെത്തിയതിനെ തുടർന്ന് 2 പേരെയും ചൊവ്വാഴ്ച ഇതേ ജയിലുകളിലാണു പാർപ്പിച്ചത്. ക്വാറന്റീൻ കാലയളവ് അവസാനിച്ചാൽ ഫാ. കോട്ടൂരിനെ സെൽ ബ്ലോക്കിലേക്കു മാറ്റും. ജയിലിൽ ഇടാനുള്ള വസ്ത്രങ്ങൾ അടക്കമാണ് എത്തിയത്. കൈലി ധരിച്ചാണ് ക്വാറന്റീനിൽ കഴിയുന്നത്. ഈ കാലം കഴിയുമ്പോൾ അച്ചനും ജയിൽ വസ്ത്രങ്ങൾ കൈമാറും. ഇതോടെ എല്ലാ അർത്ഥത്തിലും കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട തടവു പുള്ളിയായി കോട്ടൂർ മാറും.
ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരെ കോടതി ശിക്ഷിച്ചെങ്കിലും സഭയുടെ കണ്ണുകളിൽ ഇപ്പോർ ഇപ്പോഴും നല്ല കുഞ്ഞാടുകളാണ്. അതുകൊണ്ട് തന്നെ അവരുടെ പൗരോഹിത്യം നീക്കൽ നടപടി അടുത്തകാലത്തെങ്ങും പരിഗണിക്കില്ല. വധക്കേസിൽ ജീവപര്യന്തം ശിക്ഷ വിധിച്ചെങ്കിലും സഭ ഇവരെ പരോക്ഷമായി ന്യായീകരിച്ചു കൊണ്ടാണ് വാർത്തക്കുറിപ്പ് പുറത്തിറക്കിയത്. സിസ്റ്റർ സെഫിക്കും ഫാ. തോമസ് കോട്ടൂരിനും എതിരായ ആരോപണങ്ങൾ അവിശ്വസനീയമാണെന്ന് കോട്ടയം അതിരൂപത വ്യക്തമാക്കിയത്. സഭ നടപടി എടുക്കാത്തതു കൊണ്ടു തന്നെ ഇവർക്ക് ളോഹയും ശിരോവസ്ത്രവും അണിയാൻ വിശ്വാസപരമായി കഴിയും.
കോടതിയുടെ ശിക്ഷാ നടപടിക്ക് പിന്നാലെ ഇരുവരുടെയും പൗരോഹിത്യം നീക്കൽ നടപടികൾ ഇപ്പോഴുണ്ടാകില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഇവർക്ക് അപ്പീൽസാധ്യത ഉള്ളതുകൊണ്ടാണിത്. ഇവരുടെപേരിലുള്ള ആരോപണങ്ങൾ അവിശ്വസനീയമാണെന്നാണ് കോട്ടയം അതിരൂപതയുടെ പ്രതികരണം. വിധിക്കെതിരേ അപ്പീൽ നൽകാനും നിരപരാധിത്വം തെളിയിക്കാനും പ്രതികൾക്ക് അവകാശമുണ്ടെന്നും അതിരൂപത വ്യക്തമാക്കുന്നു. ഇതിനർഥം വൈദികപട്ടം നീക്കൽ നടപടികളിലേക്ക് ഇപ്പോൾ പോകില്ലെന്നാണ്. ഉയർന്ന കോടതികൾ പ്രതികളെ വെറുതേവിടാനുള്ള സാധ്യത കണക്കിലെടുത്താണിത്. അതുകൊണ്ട് തന്നെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവർക്ക് മത വസ്ത്രങ്ങൾ ധരിക്കാനുള്ള അവസരം സഭ തന്നെ ഒരുക്കുകയാണ്.സെഫിയുടെയും കോട്ടൂരിന്റെയും കാര്യത്തിൽ മെത്രാന്മാർക്ക് പുറത്താക്കാൻ സാധിക്കുമെങ്കിലും ഇപ്പോൾ അതിന് ശ്രമിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.
കുറ്റക്കാരിയെന്ന് വിധി കേട്ട് കോടതി വളപ്പിൽ പൊട്ടിക്കരഞ്ഞ സിസ്റ്റർ സെഫി അട്ടക്കുളങ്ങര ജയിലിൽ എത്തിയപ്പോഴും കരച്ചിൽ നിർത്തിയിരുന്നില്ല. ജയിലിൽ എത്തിയപ്പോൾ കുടിക്കാൻ വെള്ളം ആവിശ്യപ്പെട്ടു. വെള്ളം കുടിച്ച ശേഷം പ്രവേശന നടപടികൾ പൂർത്തിയായതോടെ സെഫിയെ ജയിൽ സെല്ലിലേക്ക് കൊണ്ടു പോയി. ആദ്യ ദിനം പിന്നെ നിസ്സഹകരണത്തിന്റേതായിരുന്നു.
28 വർഷത്തിനു ശേഷമാണ് കേരളം കാത്തിരുന്ന അഭയാ കേസിൽ വിധി വന്നത്. ഒരു വർഷവും മൂന്നര മാസവും കൊണ്ടു വിചാരണ പൂർത്തിയാക്കിയാണ് സിബിഐ കോടതി ഇന്നു ശിക്ഷ വിധിക്കുന്നത്. പ്രതികൾ ലൈംഗിക ബന്ധത്തിലേർപ്പെട്ടത് കണ്ട അഭയയെ തലയ്ക്ക് കോടാലി കൊണ്ടു അടിച്ചു കൊലപ്പെടുത്തി മൃതദേഹം കിണറ്റിൽ തള്ളിയെന്നാണ് സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്നു എഴുതി തള്ളിയ കേസിൽ 1993 മാർച്ച് 23നാണ് കോടതി ഉത്തരവിനെ തുടർന്ന് കേസിൽ സിബിഐ എത്തിയത്. മൂന്നു തവണ സിബിഐ റിപ്പോർട്ട് തള്ളി പുനരന്വേഷണത്തിനു ഉത്തരവിട്ടു.
2008 നവംബർ 19 ന് ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ സെഫി, ഫാ.ജോസ് പുതുക്കയിൽ എന്നിവരെ അറസ്റ്റു ചെയ്തു. പിന്നീട് വിടുതൽ ഹർജി പരിഗണിച്ച് തെളിവില്ലെന്നു കാട്ടി ജോസ് പുതൃക്കയലിനെ കേസിൽ നിന്നു ഒഴിവാക്കി. തെളിവു നശിപ്പിച്ചെന്ന പേരിൽ പ്രതി ചേർന്ന ക്രൈംബ്രാഞ്ച് എസ്‌പി ,കെ .ടി. മൈക്കിളിനെയും വിചാരണ ഘട്ടത്തിൽ തെളിവു ലഭിച്ചാൽ പ്രതിചേർക്കാമെന്ന ഉപാധിയോടെ ഹൈക്കോടതി ഒഴിവാക്കി. അഭയ കൊല്ലപ്പെട്ട ദിവസം പുലർച്ചെ കോൺവെന്റിൽ മോഷണത്തിനെത്തിയപ്പോൾ പ്രതികളെ കണ്ടെന്ന അടയക്കാരാജുവിന്റെ മൊഴിയും കന്യാകത്വം തെളിയിക്കാൻ സിസ്റ്റർ സെഫി ശസ്ത്രക്രിയ നടത്തിയെന്ന ഫോറൻസിക് സർജന്മാരുടെ മൊഴിയും നിർണായകമായി.