വിസ്കോൻസിൻ: അമേരിക്കയിലെ വിസ്കോൻസിയിൽ ക്രിസ്മസ് പരേഡിനിടയിലേക്ക് കാർ പാഞ്ഞുകയറി. കുട്ടികളടക്കം ഇരുപതിലധികം പേർക്ക് പരിക്കേറ്റു. നിരവധിപ്പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പ്രാദേശിക സമയം വൈകുന്നേരം 4.30നായിരുന്നു സംഭവം. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
വൗകെഷ നഗരത്തിലെ ക്രിസ്മസ് പരേഡിനിടയിലേക്കാണ് കാർ പാഞ്ഞുകയറിയത്. എസ്യുവി വാഹനമാണ് ആളുകൾക്ക് ഇടയിലേക്ക് പാഞ്ഞുകയറിയത്. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തതായി പൊലീസ് അറിയിച്ചു. സംഭവം ഭീകരാക്രമണമാണോയെന്നും പോലീസ് സ്ഥിരീകരിച്ചിട്ടില്ല. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരുന്നതായി വൈറ്റ് ഹൗസ് അറിയിച്ചു.
പരിക്കേറ്റവരിൽ അധികവും കുട്ടികളാണ്. വിവിധ ആശുപത്രികളിലായി പരിക്കേറ്റ 12 കുട്ടികളെയും 11 മുതിർന്നവരേയും പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ഫയർ ചീഫ് സ്റ്റീവ് ഹൗവാർഡ് പറഞ്ഞു. എന്നാൽ എത്ര പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത് എന്ന വിവരം അദ്ദേഹം വ്യക്തമാക്കിയില്ല. ഇവരുടെ ബന്ധുക്കളെ അറിയിച്ച ശേഷം മറ്റു വിവരങ്ങൾ നൽകാം എന്നാണ് അധികൃതർ വ്യക്തമാക്കിയത്.