റഷ്യയെ സാമ്പത്തികമായി സമ്മര്‍ദത്തിലാക്കാനുള്ള ശ്രമം; അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും രംഗത്ത്

യുക്രൈനെതിരായ യുദ്ധം ശക്തമാക്കി റഷ്യ. ഇതോടെ റഷ്യയെ സാമ്പത്തികമായി സമ്മര്‍ദത്തിലാക്കാന്‍ ഒരുങ്ങി അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും. സെന്‍ട്രല്‍ ബാങ്ക് അടക്കമുള്ള റഷ്യയിലെ ബാങ്കുകള്‍ക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്താനുള്ള നീക്കം അമേരിക്കയും ഇറ്റലിയും അടക്കമുള്ള രാജ്യങ്ങള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ലോകത്തിലെ ബാങ്കുകള്‍ തമ്മില്‍ വലിയ തുക കൈമാറാനുള്ള സ്വിഫ്റ്റ് മെസേജിങ് സംവിധാനത്തില്‍ നിന്ന് റഷ്യന്‍ ബാങ്കുകളെ ഒഴിവാക്കാന്‍ ഇതിനോടകം തന്നെ ഇവര്‍ സംയുക്തമായി തീരുമാനിച്ചു കഴിഞ്ഞു. റഷ്യന്‍ സെന്‍ട്രല്‍ ബാങ്കിനെതിരേ തുടങ്ങിയ നടപടി മറ്റ് ബാങ്കുകളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് തീരുമാനം. എന്നാല്‍, റഷ്യയെ സാമ്പത്തികമായി ബാധിക്കുന്ന ഈ തീരുമാനം യൂറോപ്യന്‍ യൂണിയന് തിരിച്ചടിയാവാത്ത തരത്തിലുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നാണ് അമേരിക്കന്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റഷ്യയിലേയ്ക്കുള്ള ഒരു ചരക്ക് കപ്പല്‍ ഇംഗ്ലീഷ് കനാലില്‍ തടഞ്ഞുകൊണ്ട് ഫ്രാന്‍സ് ഉപരോധത്തിന്റെ ആദ്യ സൂചനകള്‍ നല്‍കിയിരുന്നു. കാറുകളുമായി സെന്റ് പീറ്റേഴ്സ്ബര്‍ഗിലേയ്ക്ക് യാത്രതിരിച്ച ചരക്കു കപ്പലാണ് ഫ്രഞ്ച് കസ്റ്റംസും നാവികസേനയും ചേര്‍ന്ന് തടഞ്ഞത്.

അതേസമയം റഷ്യ കീവ് ലക്ഷ്യമിട്ട് പോരാട്ടം കടുപ്പിച്ചതോടെ യുക്രൈന് കൂടുതല്‍ ആയുധങ്ങളും മറ്റും നല്‍കാന്‍ തയ്യാറായി വിവിധ രാജ്യങ്ങള്‍ മുന്നോട്ടുവന്നു. ടാങ്ക്വേധ മിസൈലുകള്‍, വിമാനവേധ സംവിധാനങ്ങള്‍, സുരക്ഷാ കവചനങ്ങള്‍ എന്നിവയടക്കം 350 ദശലക്ഷം ഡോളറിന്റെ സഹായമാണ് അമേരിക്ക നല്‍കുന്നത്. അടിയന്തര സഹായമായി ടാങ്കുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ആയിരം ഗ്രനേഡ് വിക്ഷപിണികളും 500 മിസൈലുകളും ജര്‍മനി നല്‍കും. ടാങ്കുകള്‍ തകര്‍ക്കാന്‍ സഹായിക്കുന്ന 50 പാന്‍സര്‍ഫോസ്റ്റ് വിക്ഷപിണികളും മൂന്ന് ടാങ്ക്വേധ ആയുധങ്ങളും 400 റോക്കറ്റുകളും നല്‍കാമെന്നാണ് നെതര്‍ലന്‍ഡ്സിന്റെ ഭാഗത്തുനിന്നുള്ള വാഗ്ദാനം.

Top