ഏതുനിമിഷവും കാര്യങ്ങള്‍ മാറിമറിയാം, പൗരന്‍മാരോട് യുക്രെയ്ന്‍ വിടാന്‍ ബൈഡന്‍, യുദ്ധ ഭീതിയില്‍ ലോകം

യുഎസ് പൗരന്‍മാര്‍ എത്രയും വേഗം യുക്രെയ്ന്‍ വിടണമെന്ന ആഹ്വാനവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ”ലോകത്തിലെ വലിയ സൈന്യങ്ങളില്‍ ഒന്നുമായാണ് നമ്മള്‍ ഇടപെടുന്നത്. ഏറെ വ്യത്യസ്തമായ സാഹചര്യമാണിത്. ഏതുനിമിഷവും കാര്യങ്ങള്‍ മാറിമറിയാം.” എന്ന് ബൈഡന്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനിലും സമാനമായ സ്ഥിതി വിശേഷമുണ്ടായപ്പോള്‍ എത്രയും വേഗം രാജ്യം വിടണമെന്ന് പൗരന്മാരോട് ബൈഡന്‍ നിര്‍ദേശിച്ചിരുന്നു.

ഇതിനിടെ ബെലാറൂസുമായി ചേര്‍ന്ന് റഷ്യ യുക്രെയ്ന്‍ അതിര്‍ത്തിയില്‍ സംയുക്ത സൈനികാഭ്യാസം ആരംഭിച്ചിട്ടുണ്ട്. യുക്രെയ്ന്‍ അതിര്‍ത്തിയില്‍ നിന്ന് 1,000 കിലോമീറ്റര്‍ അകലെയായാണ് ബെലാറൂസ് റഷ്യന്‍ സംയുക്ത സൈനികാഭ്യാസം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പങ്കെടുക്കുന്ന സൈനികരുടെ എണ്ണം ഇരുരാജ്യങ്ങളും കൃത്യമായി പുറത്തുവിട്ടിട്ടില്ല. ഏകദേശം മുപ്പതിനായിരത്തോളം റഷ്യന്‍ സൈനികര്‍ ബെലാറൂസിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. റഷ്യയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ബെലാറൂസ് യുക്രെയ്‌നുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്.

കരിങ്കടലില്‍ യുക്രെയ്‌ന്റെ തെക്കന്‍ തീരത്ത് റഷ്യന്‍ നാവികസേനയും സൈനികാഭ്യാസം നടത്തുന്നുണ്ട്. ഏതുനിമിഷവും യുക്രെയ്‌നില്‍ റഷ്യന്‍ അധിനിവേശമുണ്ടാകാമെന്നാണ് യുഎസ് മുന്നറിയിപ്പ് നല്‍കുന്നത്. ഒരുലക്ഷത്തോളം റഷ്യന്‍ സൈനികര്‍ യുക്രെയ്ന്‍ അതിര്‍ത്തിയില്‍ തമ്പടിച്ചു.

റഷ്യയിലെത്തിയ ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് നടത്തിയ സമാധാന ചര്‍ച്ചകളും ഫലം കണ്ടിട്ടില്ല. റഷ്യയുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ട്രസ് തയാറായില്ലെന്ന് വിദേശകാര്യ മന്ത്രി സെര്‍ജി ലവ്‌റോവ് പറഞ്ഞു. ബധിരരും മൂകരുമായ രണ്ടുപേര്‍ നടത്തിയ സംഭാഷണം എന്നാണ് കൂടിക്കാഴ്ചയെ ലവ്‌റോവ് വിശേഷിപ്പിച്ചത്. പ്രശ്‌നം പരിഹരിക്കാന്‍ റഷ്യ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ യുക്രെയ്ന്‍ അതിര്‍ത്തിയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന് ലിസ് ട്രസും ആവശ്യപ്പെട്ടു.

പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലിയ സുരക്ഷാ പ്രതിസന്ധിയാണ് യൂറോപ്പ് നേരിടുന്നതെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. നാറ്റോ സഖ്യരാജ്യങ്ങളുമായി ബോറിസ് ജോണ്‍സണ്‍ ചര്‍ച്ച ആരംഭിച്ചു. ബ്രസല്‍സിലും പോളണ്ടിലും സന്ദര്‍ശനം നടത്തി. റഷ്യ, യുക്രെയ്‌നില്‍ അധിനിവേശം നടത്തിയാല്‍ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തുമെന്നും ജോണ്‍സണ്‍ മുന്നറിയിപ്പ് നല്‍കി.

Top