ഐ.എസ് കേന്ദ്രത്തില്‍ റഷ്യന്‍ വ്യോമാക്രമണം.റഷ്യന്‍ നടപടിയെ വിമര്‍ശിച്ച് ഒബാമ

ബൈറൂത്: സിറിയയില്‍ നാലാംദിവസവും വ്യോമാക്രമണം തുടരുന്ന റഷ്യ റഖായിലെ ഐ.എസ് ശക്തികേന്ദ്രം തകര്‍ത്തതായി റിപ്പോര്‍ട്ട്. ഇവിടെ നിരവധി തവണ ആക്രമണം നടത്തിയതായി ബ്രിട്ടന്‍ ആസ്ഥാനമായുള്ള മനുഷ്യാവകാശ നിരീക്ഷക സംഘം വ്യക്തമാക്കി. വ്യാഴാഴ്ച നടന്ന ആക്രമണത്തില്‍ 12 വിമതര്‍ കൊല്ലപ്പെട്ടു. യു.എസ് പിന്തുണക്കുന്ന വിമതരെ ലക്ഷ്യംവെച്ചാണ് റഷ്യ ആക്രമണം നടത്തുന്നതെന്ന് യു.എസ് ആരോപിച്ചിരുന്നു. റഷ്യ നടത്തിയ ഭൂരിഭാഗം ആക്രമണങ്ങളും ഐ.എസിനെ കേന്ദ്രീകരിച്ചല്ളെന്നും പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിനെ സഹായിക്കാനാണെന്നും ബ്രിട്ടന്‍ ആരോപിച്ചു. സിറിയയെ കൂടുതല്‍ അസ്ഥിരപ്പെടുത്തുകയാണ് ആക്രമണം.

അതേസമയം റഷ്യന്‍ നടപടി ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളെ ശക്തിപ്പെടുത്താന്‍ മാത്രമെ ഉപകരിക്കൂ എന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ പറഞ്ഞു. അസദ് സര്‍ക്കാരിനെതിരെ പോരാടുന്ന എല്ലാ ഗ്രൂപ്പുകളെയും സാധാരണക്കാരെയും ലക്ഷ്യം വയ്ക്കുന്ന റഷ്യന്‍ നടപടി മേഖലയിലെ കുഴപ്പങ്ങള്‍ വര്‍ദ്ധിപ്പിക്കുവാന്‍ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. അസദിനെ എതിര്‍ക്കുന്ന ഗ്രൂപ്പുകളെയെല്ലാം തീവ്രവാദികളായി പരിഗണിക്കാന്‍ കഴിയില്ല.സിറിയന്‍ ജനതക്ക് മേല്‍ അസദ് ഭരണ കൂടം നടത്തുന്ന ക്രൂരതകള്‍ അവസാനിപ്പിക്കുകയാണ് റഷ്യ ചെയ്യേണ്ടത്.
അസദ് ഭരണ കൂടത്തെ പിന്തുണക്കുന്ന ഇറാനെതിരെയും ഒബാമ വിമര്‍ശിച്ചു. സിറിയയില്‍ ബുധനാഴ്ച തുടങ്ങിയ വ്യോമാക്രമണം റഷ്യ ഇപ്പോഴും തുടരുകയാണ്. അതേ സമയം ഐക്യരാഷ്ട്ര സഭ മുന്നോട്ട് വച്ച സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് സിറിയന്‍ ഭരണകൂടം അറിയിച്ചിട്ടുണ്ട്. നാലു വര്‍ഷമായി സിറിയയില്‍ തുടരുന്ന ആഭ്യന്തര കലാപത്തില്‍ രണ്ടര ലക്ഷം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.അതേസമയം, സിറിയയില്‍ ബശ്ശാറിനെ നിലനിര്‍ത്തിക്കൊണ്ടുള്ള പ്രശ്നപരിഹാരത്തിനാണ് റഷ്യ ശ്രമിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top