സ്ഥിരമായി പോണ്‍ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുടെ പേര്, വിവരങ്ങള്‍ ചോര്‍ത്തി ഭീഷണിപ്പെടുത്തുന്ന സംഘങ്ങള്‍ ഇന്ത്യയിലും ചുവടുറപ്പിക്കുന്നതായി റിപ്പോര്‍ട്ട്. പാശ്ചാത്യ രാജ്യങ്ങളില്‍ ഏറെ പ്രചാരം നേടിയ സൈബര്‍ കുറ്റകൃത്യമായ സെക്‌സോര്‍ഷനാണ് ഇന്ത്യയിലും സജീവമാകുന്നത്.
പോണ്‍ സൈറ്റുകളിലെ പതിവു സന്ദര്‍ശകരുടെ വിവരങ്ങള്‍ ശേഖരിച്ച് ഇതുപയോഗിച്ച് ഇവരില്‍ നിന്നും പണം ആവശ്യപ്പെടുകയാണ് രീതി. പണത്തിനു പകരം ഇരയില്‍ നിന്നും ലൈംഗിക സുഖം ആവശ്യപ്പെടുന്ന ചുരുക്കം ചില കേസുകളും ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് സൈബര്‍ പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മുംബൈയില്‍ മാത്രം അടുത്തിടെ ഇത്തരത്തിലുള്ള അഞ്ചോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിടുണ്ട്.
ഭയന്ന് പലരും ഇക്കാര്യം പുറത്തു പറയാന്‍ മടിക്കുന്നതിനാല്‍ പൊലീസിലെത്താത്ത സമാന സംഭവങ്ങള്‍ നിരവധിയുണ്ടാകുമെന്നാണ് അനുമാനം. ഇന്റര്‍നെറ്റിലെ നീക്കങ്ങള്‍ പഠിച്ച ശേഷമാകും, ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ഇരയെ കണ്ടെത്തുക. വിവിധ രൂപത്തിലാണ് ഭീഷണി സംഘങ്ങള്‍ ഇരയെ സമീപിക്കുക. സ്ത്രീയായി സ്വയംപരിചയപ്പെടുത്തിയ ശേഷം ഇരയുമായി നിരന്തരം ചാറ്റ് ചെയ്യുകയാണ് ഇതിലൊരു രീതി. അശ്ലീല വിഷയങ്ങളില്‍ തത്പരരായ ഇവരില്‍ നിന്നും പ്രശ്‌ന സാധ്യതയുള്ള ഫോട്ടോകള്‍ സ്വന്തമാക്കും.
ഇവ പരസ്യപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയാകും പണം ആവശ്യപ്പെടുക. പോണ്‍ സൈറ്റുകളില്‍ ലിങ്കുകള്‍ സ്ഥാപിച്ച് ഓരോ ഉപയോക്താവിന്റെയും നീക്കങ്ങള്‍ പിടിച്ചെടുക്കുകയാണ് മറ്റൊരു രീതി. ഇത്തരം ലിങ്കുകളില്‍ അബദ്ധത്തില്‍ ക്ലിക് ചെയ്യുന്നതോടെ പോണ്‍ സൈറ്റുകളില്‍ ഉപയോക്താവ് നടത്തുന്ന നീക്കങ്ങളുടെ സമ്പൂര്‍ണ ബ്രൗസിങ് ഹിസ്റ്ററി റെക്കോര്‍ഡ് ചെയ്യപ്പെടും. ഇവ കാട്ടിയാകും പിന്നീടുള്ള ഭീഷണിപ്പെടുത്തല്‍. പണത്തിനു പകരം ലൈംഗിക സുഖം ആവശ്യപ്പെടുകയാണ് മൂന്നാമത്തെ രീതി.
ഇത് അത്രമാത്രം സജീവമല്ലെന്നാണ് സൈബര്‍ പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മുംബൈ പൊലീസിനു ലഭിച്ച പരാതികള്‍ക്ക് ഏതാണ്ട് സമാന സ്വഭാവമാണ്. ചില പോണോഗ്രാഫിക് സൈറ്റുകള്‍ സന്ദര്‍ശിച്ച് രണ്ടു ദിവസത്തിനകം തന്നെ ഇവര്‍ക്ക് ഇ-മെയില്‍ സന്ദേശം എത്തി. പൂര്‍ണമായ പേരും അടുത്തിടെ സന്ദര്‍ശിച്ച പോണ്‍ സൈറ്റുകളെ സംബന്ധിച്ച പൂര്‍ണ വിവരങ്ങളും അടങ്ങിയതായിരുന്നു സന്ദേശം. ഇരകളുടെ സമൂഹമാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങള്‍ തങ്ങളുടെ കൈകളിലുണ്ടെന്നും പണം നല്‍കിയില്ലെങ്കില്‍ പോണ്‍ സംബന്ധമായ എല്ലാ വിവരങ്ങളും ഇവയിലൂടെ പുറത്തുവിടുമെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു.
ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ ഉപയോഗിച്ച് പണം കൈമാറണമെന്നായിരുന്നു ആവശ്യം. ഭീഷണിക്കു പിന്നില്‍ ആരാണെന്ന് കണ്ടെത്താനും ഇതു അവസാനിപ്പിക്കാനുമാണ് ഇരകള്‍ പൊലീസിനെ സമീപിച്ചത്. എന്നാല്‍ പോണ്‍ പ്രേമം പരസ്യമാകുമെന്ന ആശങ്കയുള്ളതിനാല്‍ ഇവരാരും തന്നെ ഔദ്യോഗികമായി പരാതി നല്‍കാന്‍ തയാറായില്ല. ഇരകള്‍ ഇന്റര്‍നെറ്റില്‍ നടത്തുന്ന നീക്കങ്ങള്‍ എങ്ങനെയാണ് ഭീഷണി സംഘങ്ങള്‍ സ്വന്തമാക്കിയതെന്നതു സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. ഇതിനായി പോണ്‍ വെബ്‌സൈറ്റുകളില്‍ ഇവര്‍ പ്രത്യേക പ്രോഗ്രാമിങ് നടത്തിയിട്ടുണ്ടാകാമെന്നാണ് അനുമാനം.