സ്വന്തം ലേഖകൻ
കൊച്ചി: യുവതിയെ ഫ്‌ളാറ്റിൽ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കേസിൽ പ്രതിയായ മാർട്ടിൻ ജോസഫിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പൊലീസിന്റെ നടപടി.
പ്രതിയെ പിടികൂടാൻ കഴിയാത്തതിനെതിരേ കടുത്ത വിമർശനം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്.
യുവതി പരാതി നൽകിയതിനെ തുടർന്ന് നേരത്തെ എറണാകുളം സെൻട്രൽ പോലീസ് സ്‌റ്റേഷനിലെ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘത്തെ രൂപീകരിച്ചിരുന്നു. എന്നാൽ പ്രത്യേകിച്ച് ഫലം ഉണ്ടാകാതിരുന്നതിനെ തുടർന്ന് വിമർശനം ആരംഭിച്ചിരുന്നു.
അതേസമയം പ്രതി മാർട്ടിൻ ജോസഫിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. നേരത്തെ സെഷൻസ് കോടതിയിലും ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.
തൃശ്ശൂർ സ്വദേശി മാർട്ടിൻ ജോസഫ് പുലിക്കോട്ടിലാണ് പ്രതി.എറണാകുളത്ത് ജോലി ചെയ്യുന്ന സമയത്താണ് മാർട്ടിനും യുവതിയും പരിചയത്തിലായത്. അതിനു ശേഷം കഴിഞ്ഞ ലോക്ഡൗണിൽ കൊച്ചിയിൽ കുടുങ്ങിയതോടെ മുൻപരിചയമുണ്ടായിരുന്ന മാർട്ടിനൊപ്പം യുവതി താമസിക്കുകയായിരുന്നു.
ഒരു വർഷത്തോളം ഇരുവരും ഒരുമിച്ച് താമസിച്ചു. എന്നാൽ കഴിഞ്ഞ ഫെബ്രുവരി മുതൽ മാർട്ടിൻ തന്നെ നിരന്തരം ഉപദ്രവിക്കുകയായിരുന്നുവെന്ന് യുവതി പരാതിയിൽ പറയുന്നു. ശരീരത്തിൽ പൊള്ളലേൽപ്പിക്കുകയും മൂത്രം കുടിപ്പിക്കുകയും യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഫെബ്രുവരി 15 മുതൽ മാർച്ച് എട്ട് വരെ 22 ദിവസമാണ് മാർട്ടിൻ തന്നെ പീഡിപ്പിച്ചതെന്ന് യുവതി പറയുന്നു.
ഭക്ഷണം വാങ്ങുന്നതിനായി മാർട്ടിൻ പുറത്തുപോയപ്പോഴാണ് യുവതി ഫ്‌ളാറ്റിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. ഒളിവിൽ താമസിച്ചിരുന്ന യുവതിയെ വിഡിയോ പുറത്തുവിടുമെന്ന ഭീഷണിയുമായി മാർട്ടിൻ നിരന്തരം വിളിച്ചതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.
മർദനത്തിന് പുറമെ കണ്ണിൽ മുളകുവെള്ളം ഒഴിക്കുക, ശരീരത്തിൽ ചൂടുവെള്ളം ഒഴിക്കുക, ബെൽറ്റ് കൊണ്ടും ചൂലുകൊണ്ടും അടിക്കുക, മുഖത്ത് മർദിക്കുക എന്നിങ്ങനെയും യുവതിയെ പീഡിപ്പിച്ചിരുന്നു.
സംഭവത്തിൽ ബലാത്സംഗ മടക്കമുള്ള വകുപ്പുകൾ ചുമത്തി മാർട്ടിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. കേസെടുത്തെങ്കിലും പിന്നീട് തുടർ നടപടികൾ ഉണ്ടായില്ല.