ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് രണ്ട് യുവതികളുടെ അവകാശവാദം. കനകദുര്‍ഗയും ബിന്ദുവുമാണ് സന്നിധാനത്ത് എത്തി ദര്‍ശനം നടത്തിയെന്ന അവകാശവാദവുമായി രംഗത്ത് വന്നിരിക്കുന്നത്. ഒരു സ്വകാര്യ ചാനലിനോടാണ് ഇവര്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ദര്‍ശനം നടത്താന്‍ പൊലീസ് സംരക്ഷണം നല്‍കിയെന്ന് കനകദുര്‍ഗയും ബിന്ദുവും പറഞ്ഞു.
ഇന്ന് പുലര്‍ച്ചെയോടെയാണ് സന്നിധാനത്ത് എത്തിയതെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നുമില്ല. കനകദുർഗയും ബിന്ദുവും നേരത്തെയും ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ അന്ന് നീലിമല കഴിഞ്ഞപ്പോൾ കനത്ത പ്രതിഷേധമുണ്ടായതിനെത്തുടർന്ന് ഇരുവരും മടങ്ങുകയായിരുന്നു.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കനകദുർഗയ്ക്ക് കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സ നൽകിയിരുന്നു. തിരുവനന്തപുരത്ത് ഔദ്യോഗിക യോഗത്തിൽ പങ്കെടുക്കാനെന്നു പറഞ്ഞാണ് കനകദുർഗ വീട്ടിൽനിന്ന് ഇറങ്ങിയതെന്നും പിന്നീടാണ് ശബരിമലയിൽ പോയതായി അറിഞ്ഞതെന്നും ഭർത്താവും കുടുംബവും നേരത്തേ പറഞ്ഞിരുന്നു. ശബരിമലയിലെ തിരക്ക് കണക്കിലെടുത്ത് ഇരുവർക്കും സുരക്ഷ നൽകാനാകില്ലെന്നായിരുന്നു പൊലീസ് നേരത്തെ പറഞ്ഞിരുന്നത്.
ഒന്നേകാൽ ലക്ഷത്തോളം ഭക്തർ എത്തുന്ന സ്ഥലത്ത് രണ്ടു പേർക്ക് മാത്രമായി സുരക്ഷ നൽകിയാൽ ഉണ്ടാകുന്ന തിരക്ക് മൂലം മറ്റ് ഭക്തർക്കുണ്ടാകുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാൽ തിരക്ക് കുറവുള്ള ദിവസം യാത്ര ചെയ്താൽ സുരക്ഷ നൽകാമെന്നും പൊലീസ് അറിയിച്ചിരുന്നു.