കനകദുര്‍ഗയെയും ബിന്ദുവിനെയും 7 ദിവസം രഹസ്യ കേന്ദ്രത്തില്‍ പാര്‍പ്പിച്ച് പൊലീസ് നടത്തിയ ആസൂത്രണത്തിലൂടെയാണ് ഇവരെ സന്നിധാനത്ത് എത്തിച്ചു ദര്‍ശനം നടത്തിച്ചത്. സംസ്ഥാന പൊലീസ് മേധാവി, ഐജി ബല്‍റാം കുമാര്‍ ഉപാധ്യായ, കോട്ടയം ജില്ല പൊലീസ് മേധാവി ഹരിശങ്കര്‍, സന്നിധാനം എസ്ഒ ജയദേവ്, എഎസ്ഒ സുരേഷ്, പമ്പയിലെ ഏതാനും ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായിരുന്നു ചുമതല. മണ്ഡലകാലത്ത് ഡിസംബര്‍ 24ന് ദര്‍ശനത്തിനെത്തിയ ഇവരെ ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മടക്കി കൊണ്ടുപോയി കണ്ണൂരിലെ രഹസ്യകേന്ദ്രത്തിലാണ് താമസിപ്പിച്ചത്.
പത്തനംതിട്ട, കോട്ടയം ജില്ലകളിലെ 3 താവളങ്ങളില്‍ ഇവര്‍ താമസിച്ചു. കോട്ടയത്തുള്ള ഏതാനും പൊലീസുകാര്‍ക്കായിരുന്നു സംരക്ഷണച്ചുമതല. ഡിസംബര്‍ 30നു നട തുറക്കുമ്പോള്‍ ദര്‍ശനം നടത്തിക്കാനായിരുന്നു നീക്കം. എന്നാല്‍ അന്നു തിരക്കായിരുന്നതിനാല്‍ 31 ലേക്കു മാറ്റി. അപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ടു. ജനുവരി ഒന്നിനു പുലര്‍ച്ചെ യുവതീദര്‍ശന വാര്‍ത്ത പുറത്തു വരുന്നതു വനിതാ മതിലിനു ദോഷം ചെയ്യുമെന്ന ആശങ്കയുയര്‍ന്നു. ഇതോടെ രണ്ടാം തീയതിയിലേക്കു മാറ്റി. ഒന്നാം തീയതി രാത്രി 10.30 ന് കനകദുര്‍ഗയും ബിന്ദുവും വടശേരിക്കര കഴിഞ്ഞു പമ്പയിലേക്ക് വരികയാണെന്നൊരു അജ്ഞാത ഫോണ്‍ സന്ദേശം പമ്പ പൊലീസ് സ്റ്റേഷനില്‍ എത്തി.
6 പേര്‍ കൂടെയുണ്ടെന്നുമായിരുന്നു സന്ദേശം. സ്വകാര്യ വാഹനത്തില്‍ പൊലീസ് അകമ്പടിയില്‍ യുവതികള്‍ പമ്പയിലെത്തി. അതിനു ശേഷം വനംവകുപ്പിന്റെ ആംബുലന്‍സില്‍ സന്നിധാനത്തിനു സമീപം ബെയ്‌ലി പാലം വരെ എത്തിച്ചു. സംശയം തോന്നാതിരിക്കാന്‍ കൈയില്‍ ഡ്രിപ്പ് ഇട്ടാണു ഇരുത്തിയത്. ആറു പൊലീസുകാര്‍ മഫ്തിയില്‍ യുവതികളുടെ പിന്നാലെ നിശ്ചിത അകലം പാലിച്ചു നടന്നു. വഴിയില്‍ സംശയം ഉന്നയിക്കുന്ന പൊലീസുകാരോടും ദേവസ്വം ഗാര്‍ഡിനോടും ‘ഐജിയുടെ ഗസ്റ്റ്’ എന്നായിരുന്നു മറുപടി. തുടര്‍ന്ന് അരവണ വിതരണ കൗണ്ടറിനു സമീപത്തെ അടിപ്പാതയിലൂടെ ജീവനക്കാര്‍ക്കുള്ള ഗേറ്റ് വഴി സന്നിധാനത്തെത്തിച്ചു.
സന്നിധാനത്തെ ബോംബ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരെ വരെ മാറ്റിയിരുന്നു. സന്നിധാനം എസ്ഒ ജയദേവും സ്ഥലത്തുണ്ടായിരുന്നു. ഇത്രയും ദിവസം പുലര്‍ച്ചെ നിര്‍മാല്യത്തിനു വരാതിരുന്ന ജയദേവ് ഇന്നലെ ആ സമയം എത്തി. കൊടിമരച്ചുവട്ടില്‍നിന്ന് ബലിക്കല്‍പ്പുര വാതിലൂടെ ഇവരെ കടത്തിവിട്ടു. ഇവര്‍ ഓടിയെത്തിയപ്പോള്‍ അവിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാര്‍ മാറിനിന്നു കൊടുത്തു. 3.48ന് തിരുനടയുടെ ഏറ്റവും പിന്‍നിരയില്‍ നിന്നാണു ദര്‍ശനം നടത്തിയത്. ഈ സമയം ഗണപതിഹോമം നടക്കുകയായിരുന്നു. അതിനാല്‍ തന്ത്രി, മേല്‍ശാന്തി, പരികര്‍മികള്‍, ദേവസ്വം ഉദ്യോഗസ്ഥര്‍ എന്നിവരുടെ ശ്രദ്ധയില്‍പെട്ടില്ല. അയ്യപ്പന്മാര്‍ തിരിച്ചറിയും മുന്‍പേ പടിഞ്ഞാറേ നട വഴി ഇവരെ ഇറക്കി. ഗണപതി കോവിലിനു സമീപത്തെ പാലത്തിലൂടെ താഴെ ഇറക്കി. ഇതേ ആംബുലന്‍സില്‍ തിരികെ കൊണ്ടു പോയി.