ശബരിമലയെ സംഘർഷഭൂമിയാക്കാനാണ് സംഘപരിവാർ തുടർച്ചയായി ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീം കോടതി വിധി അട്ടിമറിക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയും, അതിനൊപ്പം ശബരിലമയെ എങ്ങനെ സംഘർഷഭരിതമാക്കണം, ഇതിനാണ് സംഘപരിവാർ ശമിച്ചത്. ശബരിമലയെ മോചിപ്പിക്കാനാണ് സർക്കാർ ശ്രമിച്ചിട്ടുള്ളത്. സംഘർഷം ഇല്ലാതാക്കാനാണ് പോലീസ് ശ്രമിച്ചത്- മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ ശബരിമല ദർശനം നടത്തിയ രണ്ട് വനിതകൾ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇതിനായി ശ്രമിച്ചവരാണ്. പല കാരണങ്ങളാൽ ആ ഘട്ടത്തിൽ ദർശനം കഴിയാതെ വന്നപ്പോൾ താൽക്കാലികമായി മടങ്ങിപ്പോയി. തുടർന്നാണ് കഴിഞ്ഞ ദിവസം വീണ്ടും വന്നത്. ശബരിമല ദർശനത്തിന് സംരക്ഷണം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചു.
സുപ്രീംകോടതി വിധി വനടപ്പിലാക്കാൻ ബാധ്യസ്ഥപ്പെട്ട പോലീസ് അവർക്ക് ആവശ്യമായ സുരക്ഷ നൽകുകയും ചെയ്തു. അവർ ഹെലികോപ്റ്ററിൽ ശബരിമലയിൽ പോവുകയല്ല ചെയ്തത്. സാധാരണ എല്ലാ ഭക്തരും പോകുന്ന വഴി ശബരിമലയിൽ എത്തുകയാണ് ചെയ്തത്. ശബിരമലയിൽ എത്തിയപ്പോൾ അവർക്ക് പ്രത്യേക പരിഗണനകൾ ഒന്നും ലഭിച്ചില്ല.
മറ്റ് ഭക്തർക്കൊപ്പം ദർശനം നടത്തുകയാണ് ചെയ്തത്. എല്ലാ ഭക്തരും അയ്യപ്പ ദർശനത്തിനെത്തുന്നവർക്ക് പരസ്പരം സൗകര്യമൊരുക്കാറുണ്ട്. യുവതികൾ സന്നിധാനത്തെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന ഭക്തരിൽ നിന്ന് ഒരു ബുദ്ധിമുട്ടും അനുഭവപ്പെട്ടില്ല. അവിടെയുണ്ടായിരുന്നഭക്തർ ആവശ്യമായ സൗകര്യങ്ങൾ ചെയ്തു തന്നുവെന്ന് സ്ത്രീകൾ തന്നെ പറഞ്ഞതാണ്. അവർ ദർനം നടത്തി ഇറങ്ങി കുറേ കഴിഞ്ഞപ്പോഴാണ് ദർശനം നടത്തിയ വിവരം പുറത്തറിയുന്നത്. മണിക്കൂറുകൾ പിന്നിട്ടട്ടും സംഘർഷങ്ങളോ പ്രശ്‌നങ്ങളോ ഉണ്ടായിട്ടില്ല. ഇത്തരത്തിലൊരു ദർശനത്തിന്റെ ഭാഗമായി ഉയർന്നുവരുന്ന സ്വാഭാവികമായ പ്രതിഷേധം നമ്മുടെ നാടിനില്ല, അയ്യപ്പ ഭക്തർക്കില്ല..ഇതാണ് ഈ സംഭവം വ്യക്തമാക്കുന്നത്. എന്നാൽ സംഘർഷം ഉണ്ടാക്കണമന്ന് ആഗ്രഹിക്കുന്നവർ അടങ്ങിയിരിക്കില്ല. ഇതിൽ നിന്നും രാഷ്ട്രീയ മുതലെടുപ്പ് ആഗ്രഹിക്കുന്നവർ ഇതുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ നൽകിത്തുടങ്ങി.
സംഘർഷങ്ങളുണ്ടാക്കുന്നതിനുള്ള നിർദ്ദേശവും ആസൂത്രിത നീക്കവും സംഘപരിവാർ തുടങ്ങി. സ്വാഭാവിക പ്രതിഷേധം എവിടെന്നും ഉയർന്നുവന്നില്ല, കൃത്യമായ ആസൂത്രണത്തിന്റെ അനന്തരഫലമായിട്ടുള്ള ആക്രമണമാണ് നിലവിൽ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.