ശബരിമല സന്നിധാനത്ത് തന്ത്രിയുടെയും മേല്‍ശാന്തിയുടെയും മുറികളിലേക്ക് പോകുന്നതില്‍ നിന്ന് മാധ്യമങ്ങളെ പൊലീസ് വിലക്കി. നിരോധനാജ്ഞയുടെ പേര് പറഞ്ഞാണ് മാധ്യമങ്ങളെ വിലക്കിയത്. സന്നിധാനത്ത് മൊബൈല്‍ ജാമര്‍ എത്തിച്ചു. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമെന്നാണ് വിശദീകരണം. ഇന്ന് രാവിലെയാണ് മാധ്യമപ്രവര്‍ത്തകരെ സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചത്. അതേസമയം നിലയ്ക്കലില്‍ തടഞ്ഞ ഭക്തരെ പമ്പയിലേക്ക് കടത്തിവിടാന്‍ തുടങ്ങി. കാല്‍നടയായാണ് ഭക്തര്‍ പമ്പയിലേക്ക് പോകുന്നത്.
നിലയ്ക്കലില്‍ തടഞ്ഞ പൊലീസ് നടപടിയില്‍ ഭക്തര്‍ പ്രതിഷേധിച്ചു. തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. നിലയ്ക്കലില്‍ പൊലീസിന്റെ പരിശോധനയ്ക്ക് അയ്യപ്പന്‍ എന്ന പേര് പറഞ്ഞായിരുന്നു ഭക്തര്‍ പ്രതിഷേധിച്ചത്. മുന്നൂറോളം ഭക്തരാണ് പൊലീസിന് അയ്യപ്പന്‍ എന്ന പേര് നല്‍കിയത്. എരുമേലിയില്‍ ഭക്തരെ തടഞ്ഞതും പ്രതിഷേധത്തിന് ഇടയാക്കി. പൊലീസ് നടപടിയ്‌ക്കെതിരെ ഭക്തര്‍ നാമജപ പ്രതിഷേധം നടത്തി.
പ്രതിഷേധത്തെ തുടര്‍ന്ന് എരുമേലിയില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ കെഎസ്ആര്‍ടിസി തുടങ്ങി. അതിനിടെ പമ്പയില്‍ നിന്ന് ഭക്തരെ എപ്പോള്‍ കടത്തിവിടും എന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. ഇത് സംബന്ധിച്ച് നിര്‍ദേശം കിട്ടിയിട്ടില്ലെന്നാണ് എസ്പിയും കലക്ടറും പറയുന്നത്. അതേസമയം ആചാരലംഘനം ഉണ്ടായാല്‍ ശബരിമല നട അടച്ചിടേണ്ടി വരുമെന്ന് മേല്‍ശാന്തി സുരക്ഷാ ചുമതലയുള്ള ഐജി എം.ആര്‍.അജിത് കുമാറിനെ അറിയിച്ചു. എന്നാല്‍ ദര്‍ശനത്തിന് ഇതുവരെ യുവതികള്‍ ആരും സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. സുരക്ഷാ പ്രശ്‌നങ്ങളില്ലെന്ന് നിലയ്ക്കലിന്റെ ചുമതലയുള്ള എസ്പി മഞ്ജുനാഥ് പറഞ്ഞു.