ശബരിമല ദര്‍ശനത്തിന് ശേഷം പമ്പയില്‍ നിന്ന് അങ്കമാലിയില്‍ എത്തിച്ച ബിന്ദുവിനെയും കനകദുര്‍ഗയെയും പൊലീസ് വാഹനത്തില്‍ തൃശൂര്‍ ഭാഗത്തേക്കു കൊണ്ടുപോയി. ഇന്ന് പുലര്‍ച്ചെ 3.48നാണ് ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ എത്തിയത്. രാത്രി ഒരു മണിയോടെ പമ്പയില്‍ നിന്നു ഇവര്‍ മല കയറി. മഫ്തിയിലാണ് പൊലീസ് ഇവരെ പിന്തുടര്‍ന്നത്.
ബിന്ദുവും കനകദുര്‍ഗയും ആറുപേരടങ്ങുന്ന സംഘത്തിനൊപ്പം എറണാകുളത്ത് നിന്നാണ് എത്തിയത്. പമ്പ വഴി സന്നിധാനത്തെത്തിയ ഇവര്‍ പതിനെട്ടാംപടി ചവിട്ടാതെ വടക്കേനട വഴി സോപാനത്തെത്തി ദര്‍ശനം നടത്തി ഉടന്‍ മടങ്ങി. ഡിസംബര്‍ 24നും ഇവര്‍ മല കയറാനെത്തിയിരുന്നു. എന്നാല്‍ പ്രതിഷേധത്തെത്തുടര്‍ന്ന് തിരിച്ചിറങ്ങുകയായിരുന്നു. ഐജിയുടെ അതിഥികള്‍ എന്നു മാത്രം ഡ്യൂട്ടിയിലുള്ള പൊലിസുദ്യോഗസ്ഥര്‍ക്ക് സൂചന നല്‍കിയാണ് യുവതികളെ സന്നിധാനത്ത് പൊലീസ് എത്തിച്ചത്.
മൂന്ന് പൊലീസുകാര്‍ കറുത്ത വേഷത്തില്‍ അനുഗമിച്ചു. സ്റ്റാഫ് ഗേറ്റ് കടന്ന് യുവതികളെത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്ന പൊലീസുകാര്‍ക്ക് കൃത്യമായ നിര്‍ദ്ദേശം ലഭിച്ചിരുന്നതിനാല്‍ അവര്‍ ആ സമയത്തു മാറിനിന്നു എന്നാണു സൂചന. ഇന്നലെ സുരക്ഷ ആവശ്യപ്പെട്ട് ഇവര്‍ പൊലീസിനെ സമീപിച്ചിരുന്നു. ബുദ്ധിമുട്ട് ഉണ്ടെന്ന് അറിയിച്ചെങ്കിലും സ്വന്തം നിലയ്ക്കു പോകുമെന്ന് ഇവര്‍ വ്യക്തമാക്കി. തുടര്‍ന്നു പരിമിതമായ തോതില്‍ പൊലീസ് സംരക്ഷണം നല്‍കിയെന്നാണു സൂചന. പുലര്‍ച്ചെ ദര്‍ശനം നടത്തിയ ശേഷം അപ്പോള്‍ തന്നെ ഇവര്‍ മലയിറങ്ങിയെന്നുമാണു റിപ്പോര്‍ട്ട്.