കൊച്ചി: പി.വി. ശ്രീനിജിന്‍ എംഎല്‍എ നല്‍കിയ കേസില്‍ ഓണ്‍ലൈന്‍ ചാനലായ മറുനാടന്‍ മലയാളി ചീഫ് എഡിറ്ററും എംഡിയുമായ ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യഹര്‍ജി. വാദി ഭാഗത്തിന് നിലപാട് വിശദീകരിക്കുന്നതിന് വേണ്ടിയാണ് ഹര്‍ജി നീട്ടിയത്. തിങ്കളാഴ്ച വിശദ വാദം കേള്‍ക്കും. ഇടക്കാല ഉത്തരവുകളൊന്നും ഇന്ന് പുറപ്പെടുവിച്ചില്ല.
ശ്രീനിജന്‍ നല്‍കിയ പരാതിയില്‍ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ മറുനാടന്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ കോടതി നേരത്തെ തള്ളിയിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത് . ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.