കൊച്ചി:ആദ്യപുത്രനൊപ്പമുള്ള ആദ്യ ക്രിസ്തുമസ് ത്രില്ലിൽ ആണ് മിനിസ്ക്രീൻ താരം ഷാലു കുര്യനും ഭർത്താവ് മെൽവിൻ ഫിലിപ്പും.മകൻ അല്ലു എന്ന അലിസറ്ററിന് രണ്ട് മാസമായി ഇപ്പോൾ ഒന്നിനും സമയം തികയുന്നില്ല. മോനോടൊപ്പമുള്ള ഓരോ നിമിഷവും ഞങ്ങൾ രണ്ടാളും ഏറെ ആസ്വദിക്കുകയാണ്. നേരത്തെയാണെങ്കിൽ ഫോണിൽ നോക്കാനും ടി.വി കാണാനും വായിക്കാനുമൊക്കെ ഏറെ സമയം കിട്ടിയിരുന്നു. ഇപ്പോൾ മോനൊപ്പമാണ് എപ്പോഴും.അവന്റെ കാര്യങ്ങൾ ശ്രദ്ധിച്ചും ഒപ്പം കളിച്ചും രസിച്ചും വർത്തമാനം പറഞ്ഞുമൊക്കെ ജീവിതം മറ്റൊരു തലത്തിലേക്ക് മാറിയിരിക്കുന്നു. അലിസ്റ്റർ എന്നാണ് പേര് വീട്ടിൽ അല്ലുവെന്ന് വിളിക്കും. ഭർത്താവിന്റെ സെലക്ഷനാണ് പേര്.
പ്രഗ്നന്റായപ്പോൾ തന്നെ ജനിക്കുന്നത് ആണ്‍കുഞ്ഞാണെങ്കിലും പെണ്‍കുഞ്ഞാണെങ്കിലും അവർക്കു വേണ്ടി ഓരോ പേര് കണ്ടെത്തി വച്ചിരുന്നു. പേര് യൂണീക് ആയിരിക്കണം, വിളിക്കുന്പോൾ ഗാംഭീര്യമുണ്ടാകണം, ഇഷ്ടം തോന്നണം എന്നൊക്കെ നിർബന്ധമുണ്ടായിരുന്നു.ഡിഫന്‍ഡർ എന്നാണ് പേരിന്റെ അർഥം. പോരാളി എന്നും പറയാം. കക്ഷി പേരു പോലെ പോരാളി തന്നെയാണ്. നല്ല കുസൃതിയാണ്.
കല്യാണം കഴിഞ്ഞിട്ട് 3 വർഷമായി. ഇതുവരെയുള്ള ജീവിതരീതി ഇപ്പോൾ പൂർണമായും മാറി. കൊറോണയുടെ പ്രശ്നങ്ങൾ തുടങ്ങും മുമ്പേ പ്രഗ്നന്റായിരുന്നു. അപ്പോഴും അഭിനയിക്കുന്നുണ്ടായിരുന്നു. അധികം ആരോടും പറഞ്ഞതുമില്ല. ഒന്നാമത് ഗർഭകാലവുമായി ബന്ധപ്പെട്ട ഫോട്ടോസോ വാർത്തകളോ ഒന്നും പുറത്തു വിടുന്നതിൽ തീരെ താൽപര്യമുണ്ടായിരുന്നില്ല. ലൊക്കേഷനില്‍ അറിയാമായിരുന്നു. അതിനനുസരിച്ചുള്ള കെയര്‍ അവർ തരുന്നുണ്ടായിരുന്നു. മകൻ ജനിച്ച് 2 മാസം കഴിഞ്ഞാണ് അതുമായി ബന്ധപ്പെട്ട ഒരു ചിത്രവും കുറിപ്പും ഞാൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതു പോലും.
ലോക്ക് ഡൗൺ സമയത്തായിരുന്നു ഗർഭകാലം. ധാരാളം സമയം വിശ്രമത്തിനായി കിട്ടി. ഇപ്പോൾ വീണ്ടും വർക്കിൽ സജീവമാകുന്നതിനുള്ള തയാറെടുപ്പിലാണ്. ‘തട്ടീം മുട്ടീം’ ക്രിസ്മസ് എപ്പിസോഡിൽ ഞാൻ വിഡിയോ കോളിൽ വന്നിരുന്നു. അല്ലുവിന്റെ ആദ്യത്തെ ക്രിസ്മസ് ഞങ്ങൾ ആഘോഷിച്ചു. ഇതൊക്കെ ഒരിക്കൽ മാത്രം സംഭവിക്കുന്നതാണല്ലോ. ഇനി ഒരിക്കലും തിരിച്ചു വരില്ലല്ലോ. അത് മിസ് ചെയ്യരുത് എന്ന് തോന്നി. മിതമായിട്ടാണെങ്കിലും സന്തോഷത്തോടെ ആഘോഷിച്ചു….
‘ചന്ദനമഴ’യിലെ വർഷ എന്ന വില്ലത്തിയെ അത്രവേഗം മലയാളികൾ മറക്കില്ല. ആ കഥാപാത്രം ഷാലു കുര്യന് നൽകിയ പ്രശസ്തിയും സ്വീകാര്യതയും വലുതാണ്. എന്നാൽ ‘തട്ടീം മുട്ടീ’മിൽ എത്തിയപ്പോൾ പ്രേക്ഷകരെ ഞെട്ടിച്ച് കോമഡി റോളിലാണ് ഷാലു തിളങ്ങുന്നത്. അർജുനനും മോഹനവല്ലിക്കും ഒപ്പം കട്ടയ്ക്ക് പിടിച്ച് ഷാലുവും മുന്നേറുമ്പോൾ പ്രേക്ഷകർക്ക് ലഭിക്കുന്നത് ചിരിയുടെ ഒരുപിടി മുഹൂർത്തങ്ങളാണ്.