കണ്ണൂര്‍: ടെലിവിഷന്‍ ചാനലുകളുടെ ന്യൂസ് റൂമുകളില്‍ വാര്‍ത്ത എഡിറ്റ് ചെയ്യുന്നതാര്? സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയരുന്ന പ്രതികരണങ്ങള്‍ സമൂഹത്തിന് ഗുണകരമാകുന്ന ചോദ്യങ്ങളോ? വ്യക്തിഹത്യക്കായി മാത്രം തുനിഞ്ഞിറങ്ങുന്നവരെക്കൊണ്ട് മനം മടുപ്പിക്കുന്ന സ്ഥലങ്ങളോ? മനോരമ ന്യൂസിലെ ഷാനി പ്രഭാകര്‍ ചോദിക്കുന്ന ചോദ്യങ്ങളാണിവ. ചാനലിലെ തന്റെ പരിപാടിയെ മുന്‍ നിര്‍ത്തി തനിക്ക് നേരെ മോഹന്‍ലാല്‍ ഫാന്‍സും രാഷ്ട്രീയക്കാരും നടത്തിയ തെറിവിളികളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അവര്‍. മണ്‍സൂണ്‍ മീഡിയ സംഘടിപ്പിച്ച എഡിറ്റര്‍മാര്‍ ഇല്ലാത്ത മാധ്യമലോകം എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഷാനി ഇക്കാര്യം തുറന്നു പറഞ്ഞത്.
മനോരമ ന്യൂസിന്റെ പറയാതെ വയ്യ എന്ന പരിപാടിയില്‍ 100 കോടി നേടിയെ പുലിമുരുകന്‍ സ്ത്രീവിരുദ്ധതയും സമുദായ വിരുദ്ധതയും കുത്തിനിറച്ച ചിത്രമാണെന്ന് വിമര്‍ശിച്ചതിന്റെ പേരില്‍ വലിയ തോതില്‍ സമ്മര്‍ദ്ദങ്ങളുണ്ടായി എന്നാണ് ഷാനി വ്യക്തമാക്കുന്നത്. പറയാതെ വയ്യയില്‍ പുലിമുരുകനെ കുറിച്ച് പറഞ്ഞത് അതിനെ അഭിനന്ദിക്കാന്‍ വേണ്ടി ആയിരുന്നില്ല. അത് ശരാശരി നിലവാരത്തില്‍ താഴെയുള്ള ചിത്രമാണെന്നും വിമര്‍ശിച്ചിരുന്നു. ഇതില്‍ ചില ചോദ്യങ്ങള്‍ ഉന്നയിച്ചതിന്റെ പേരിലാണ് ആക്രമണം നേരിടേണ്ടി വന്നതെന്നും ഷാനി പറയുന്നു.
ഷാനിയുടെ വാക്കുകള്‍ ഇങ്ങനെ:
മലയാളത്തില്‍ ആദ്യമായി 100 കോടി കലക്ട് ചെയ്ത ചിത്രം എന്ന നിലയിലാണ് പുലിമുരുകനെ പറയാതെ വയ്യ യില്‍ വിഷയമാക്കിയത്. ഇതില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ ഇതായിരുന്നു. ഇത്രമേല്‍ ആളുകളെ സ്വാധീനിക്കന്‍ കഴിയുന്ന ജനകീയ താരത്തിന് പോലും സിനിമയില്‍ ഒളിഞ്ഞും തെളിഞ്ഞും വംശീയത കലര്‍ത്തേണ്ടി വരുന്നത് എന്തിനാണ്? ഒരു സമുദായത്തിലെ ആളുകളെ വളരെ ടിപ്പിക്കലായി മോശക്കാരായി ചിത്രീകരിക്കുന്നു. ഇത്രയും കാലം പലരും ചെയ്തതാണ് ഇത്. എല്ലാ കള്ളക്കടത്തിന്റെയും പ്രതിലോമകരമായ രാഷ്ട്രീയത്തിന്റെ പ്രതിനിധികളായി അവതരിപ്പിച്ചുകയാണ് പുലിമുരുകനും ചെയ്തത്. 100 കോടി തികയ്ക്കാന്‍ പര്യപ്തമായ മറ്റ് ഘടകങ്ങള്‍ ഉണ്ടായിട്ടും എന്തിനാണ് ഇങ്ങനെ ചെയ്തത്?
ഈ പരിപാടി വൈകീട്ട് എയര്‍ ചെയ്തതിന് പിന്നാലെ ഫോണ്‍വിളികള്‍ വന്നുകൊണ്ടിരുന്നു. പ്രോഗ്രാമുകളുടെ ഉള്ളടക്കത്തിന് മറുപടി പറയേണ്ടി വന്ന ജോണി സാറിനാണ് ഫോണ്‍വിളി വന്നത്. അദ്ദേഹം മറ്റ് തിരക്കുകളില്‍ ആയതിനാല്‍ കോളുകള്‍ എടുത്തിരുന്നില്ല. പുലിമുരുകന്റ നിര്‍മ്മാതാവും മറ്റുള്ളവരുമാണ് വിളിച്ചത്. പരിപാടി വീണ്ടും സംപ്രേഷണം ചെയ്യുന്നത് തടയുക എന്നതിനായിരുന്നു ഈ ഫോണ്‍വിളികള്‍. ഇതേക്കുറിച്ച് ജോണിസാര്‍ ചോദിച്ചു എന്താണ് പറയാതെ വയ്യയില്‍ എടുത്തതെന്ന്. സ്ത്രീവിരുദ്ധതയാണ് വിഷയമെന്ന് അദ്ദേഹത്തോട് പറയുകയും ചെയ്തു. എവിടെയാണ് സ്ത്രീവിരുദ്ധതയെന്ന ചോദ്യങ്ങള്‍ ഉണ്ടായപ്പോള്‍ ഓരോ രംഗവും കാണിച്ചു വേണമെങ്കില്‍ ബോധ്യപ്പെടുത്താമെന്നും പറയുകയായിരുന്നു.
ഈ വിഷയത്തില്‍ മാര്‍ക്കറ്റിങ് വിഭാഗം മുഴുവന്‍ ഇളകുകയാണ് ഉണ്ടായത്. ഞായറാഴ്ച്ച ആയിട്ടു കൂടി അവധി കാന്‍സല്‍ ചെയ്ത് മാര്‍ക്കറ്റിങ് വിഭാഗക്കാര്‍ എത്തി. സ്ത്രീവിരുദ്ധതയുണ്ടെന്നും സമുദായത്തെ അവഹേളിക്കുന്നതാണെന്നുമുള്ള പരാമര്‍ശങ്ങള്‍ എഡിറ്റ് ചെയ്യണം എന്നതായിരുന്നു അവരുടെ ആവശ്യം. പരസ്യത്തിന്റെയും വിപണനത്തിന്റെയും സമ്മര്‍ദ്ദങ്ങളായിരുന്നു ഇതിന് കാരണം. എന്നാല്‍, എഡിറ്റ് ചെയ്യേണ്ട ആവശ്യമില്ല, എനിക്ക് ബോധ്യമായ കാര്യങ്ങളാണ് പറഞ്ഞതെന്നും ഉറച്ചു നിന്നു. അങ്ങനെ എഡിറ്റ് ചെയ്ത് പ്രോഗ്രാം സംപ്രേഷണം ചെയ്യേണ്ട എന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്.
പിന്നീട് സിനിമ ശരാശരിയിലും താഴെയാണ് എന്ന പരാമര്‍ശം പിന്‍വലിക്കാമോ എന്നായി. ആ അഭിപ്രായം ഒരു പരിധിവരെ അംഗീകരിക്കാമെന്ന് പറഞ്ഞെങ്കിലും പിന്നീട് മനോരമ ന്യൂസ് മാനേജ്‌മെന്റ് സംപ്രേഷണം ചെയ്ത വാര്‍ത്ത അങ്ങനെ പോകട്ടെ എന്ന തീരുമാനിക്കുകയിരുന്നു. ഈ സംഭവം കഴിഞ്ഞെങ്കിലും സോഷ്യല്‍ മീഡിയില്‍ ഇതിന്റെ പേരില്‍ തനിക്കെതിരെ സംഘടിതമായ ആക്രമണമാണ് നേരിടേണ്ടി വന്നത്. മോഹന്‍ലാല്‍ ഫാന്‍സുകാരാണ് കൂട്ടായ ആക്രമണം അഴിച്ചുവിട്ടത്. സംഘടനെ ഏറ്റെടുത്താണ് ആക്രമണം ഉണ്ടായത് എന്റെ പ്രൊഫൈല്‍ ചിത്രത്തില്‍ വരെ വന്നായിരുന്നു തെറിവിളി.
സമാനമായ വിമര്‍ശനം നേരിടേണ്ടി വന്നത് നോട്ട് നിരോധനത്തിന്റെ വേളയിലായിരുന്നു. അന്ന് നോട്ട് നിരോധനത്തിലെ വീഴ്ച്ചകളെ ചൂണ്ടിക്കാട്ടി ചര്‍ച്ച നയിച്ചതോടെ ഷാനിയുടെ വീട്ടില്‍ ഏഴ് ലക്ഷം കള്ളപ്പണം എന്ന് പറഞ്ഞ് പോസ്റ്റര്‍ തയ്യാറാക്കി പ്രചരിപ്പിക്കുകയായിരുന്നു ചെയ്ത്. ഇതിനെ ആദ്യം ചിരിച്ചു തള്ളിയെങ്കിലും പിന്നീട് ഗൗരവത്തോടെ തന്നെ സമീപിച്ചു. ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ കൂടുതല്‍ സൂക്ഷ്മതയോടയും കൃത്യയതോടെയും ചോദ്യങ്ങള്‍ ഉന്നയിക്കേണ്ട സമയമാണെന്നും ഷാനി പറഞ്ഞു വെക്കുന്നു. ദൃശ്യമാധ്യമപ്രവര്‍ത്തന രംഗത്ത് ഓരോ നിമിഷവും എഡിറ്റിങ് നടത്തേണ്ട ആവശ്യമുണ്ടെന്നും അവര്‍ പറഞ്ഞു.