ന്യുഡൽഹി: ശശി തരൂർ എംപിക്ക് നവമാധ്യമലോകത്ത് അനുശോചനപ്രവാഹം. നടൻ ശശി കപൂർ മരിച്ചതറിഞ്ഞു അനുശോചനം തരൂരിനെത്തുകയായിരുന്നു . ഒരു ദേശീയ മാധ്യമം ട്വിറ്ററിൽ പങ്കുവെച്ച വാർത്തയിലെ തെറ്റാണ് തരൂരിന് പൊല്ലാപ്പായത്. സമയം വൈകിട്ട് ആറുമണി . നടനും സംവിധായകനുമായ ശശി കപൂർ വിടവാങ്ങിയെന്ന വാർത്ത എത്തി. ആറേകാലോടെ ട്വിറ്ററിൽ നിറയെ ശശി തരൂർ മരിച്ചെന്ന് തരത്തിൽ ട്വീറ്റുകൾ വന്നുതുടങ്ങി.
നടൻ ശശി കപൂറിന്‍റെ മരണ വാർത്തയിൽ ഒരു ദേശീയ മാധ്യമം സംവിധായകൻ മധുർ ഭണ്ഡാക്കറുടെ പ്രതികരണം ഉൾപ്പെടുത്തി പങ്കുവച്ചതിലുണ്ടായ തെറ്റാണ് പൊല്ലാപ്പിന് കാരണമായത്. പിന്നാലെ തരൂരിന് ആദരാഞ്ജലികൾ അർപ്പിച്ച് ട്വീറ്റുകളുടെ ബഹളമായി . ശശി തരൂറിന്‍റെ തിരുവനന്തപുരത്തെയും ദില്ലിയിലെയും ഓഫീസുകളിൽ അനുശോചനമറിയിച്ച് ഫോൺ കോളുകൾ പ്രവഹിച്ചു. . കാര്യങ്ങൾ കൈവിട്ടു പോകുമെന്നായപ്പോൾ താൻ ജീവനോടെയുണ്ടെന്നറിയിച്ച് ശശി തരൂർ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടു. അനുശോചനമറിയിക്കാൻ തന്നെ വിളിച്ച പ്രമുഖരുടെ കൂട്ടത്തിൽ മുതിർന്ന മാധ്യമപ്രവർത്തകർ വരെയുണ്ടെന്ന് തരൂർ ട്വിറ്ററിൽ കുറിച്ചു .
I feel a part of me is gone. A great actor, smart, cosmopolitan, impossibly handsome & w/a name that was often confused w/mine. (My office got two calls from journalists today about my reportedly serious ill-health!) I will miss #ShashiKapoor. Condolences2his family&all his fans pic.twitter.com/fSz3jafPZJ
— Shashi Tharoor (@ShashiTharoor) December 4, 2017
അനുശോചന ട്വീറ്റുകൾക്കിടയിൽ നിന്ന് തരൂരിനെ രക്ഷപ്പെടുത്താൻ നിരവധി പേർ എത്തി. അതിൽ കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു- ‘ എന്നെ ഇഷ്ടമല്ലാത്ത ധാരാളം മാധ്യമങ്ങളുണ്ട്, എങ്കിലും എന്നെ ഇതുവരെ ആരും കൊന്നു കളഞ്ഞിട്ടില്ല ‘ . എന്തായാലും സംഭവം ട്വിറ്ററിൽ ട്രെൻഡിങ്ങ് ആകും മുൻപ് ക്ഷമാപണം നടത്തി ദേശീയ മാധ്യമം തലയൂരി. മാപ്പു പറഞ്ഞ മാധ്യമത്തോട് ക്ഷമിച്ചുവെന്ന് തരൂരിന്‍റെ ട്വീറ്റും എത്തിയതോടെ അനുശോചന പ്രവാഹം ശമിച്ചു . എന്നാൽ തെറ്റു പറ്റിയ മാധ്യമത്തെ വെറുതെ വിടാൻ ഒരുക്കമല്ലെന്നായി മറ്റുചിലർ. ഒടുവിൽ പരിഹാസ ട്രോളുകൾ കൊണ്ട് ദേശീയ മാധ്യമത്തിന്‍റെ പേജും അവർ നിറച്ചു. എന്തായാലും നവമാധ്യങ്ങളിൽ മരിച്ചു ജീവിച്ച പ്രമുഖരുടെ പട്ടികയിൽ ഒടുവിലത്തെ ആളായി ശശി തരൂർ.