ആര്‍എസ്എസിന്റെ കണ്ണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവലിംഗത്തിന്റെ പുറത്തിരിക്കുന്ന തേളാണെന്ന് കോണ്‍ഗ്രസ് എംപി ശശിതരൂര്‍. ആര്‍എസ്എസ് പ്രതീക്ഷിച്ചതിനേക്കാള്‍ ഉയരത്തില്‍ മോദി വളര്‍ന്നെന്നു ചൂണ്ടിക്കാട്ടിയായിരുന്നു തരൂരിന്റെ പരാമര്‍ശം. മോദി ആര്‍എസ്എസിനേക്കാള്‍ വലിയ വീരപുരുഷനായി മാറിക്കഴിഞ്ഞു. ഇത് ആര്‍എസ്എസിനുള്ളില്‍ തന്നെ നിരാശ സൃഷ്ടിച്ചിട്ടുണ്ട്. ശിവലിംഗത്തിന്റെ പുറത്തിരിക്കുന്ന തേളാണ് ഇപ്പോള്‍ ആര്‍എസ്എസിനു മോദി.
അതിനെ കൈകൊണ്ടു മാറ്റാനും കഴിയില്ല, ചെരിപ്പിന് അടിക്കാനും കഴിയില്ല തന്റെ പുതിയ പുസ്തകമായ ദി പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്ററിനെ സംബന്ധിച്ച് ബംഗളുരു ലിറ്റററി ഫെസ്റ്റിവലില്‍ സംസാരിക്കവെ തരൂര്‍ പറഞ്ഞു. ‘മോദി’യും ‘ഹിന്ദുത്വ’വും കൂടിചേര്‍ന്ന ‘മോദിത്വ’ മോദിയെ ആര്‍എസ്എസിനു മുകളിലേക്കു വളര്‍ത്തിയെന്നും തരൂര്‍ പറഞ്ഞു. അധികാരങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ കേന്ദ്രീകരിക്കുന്ന പ്രവണതയെയും തരൂര്‍ വിമര്‍ശിച്ചു. സിബിഐ ഡയറക്ടറെ മാറ്റിയതു സംബന്ധിച്ച് ആഭ്യന്തരമന്ത്രിക്കും വിദേശനയം സംബന്ധിച്ച് വിദേശകാര്യ മന്ത്രിക്കും റഫാല്‍ ഇടപാട് സംബന്ധിച്ച് പ്രതിരോധമന്ത്രിയുടെ ഓഫീസിനും അറിവില്ലാതെ വരുന്നതിനു കാരണം ഇതാണെന്നും തരൂര്‍ കുറ്റപ്പെടുത്തി.