തിരുവനന്തപുരം :മുതിർന്ന കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിന്റെ മലബാർ പര്യടനം കോൺഗ്രസിലെ പരമ്പരാഗത ഗ്രൂപ്പ് നേതാക്കളുടെ ഉറക്കം കെടുത്തുകയാണ് . തരൂർ ഇഫക്ട് ഐ ഗ്രൂപ്പിലെ സമവാക്യങ്ങൾ പൊളിച്ചെഴുതുന്നു. കോൺഗ്രസ് വേദിയിൽ പാർട്ടിയുടെ പ്രത്യയ ശാസ്ത്രം പറയുന്നതിൽ ആരും വിലക്കിയിട്ടില്ലെന്ന് ശശി തരൂർ പറഞ്ഞു . വിലക്ക് വിവാദമായത് അത്ഭുതം തോന്നിയെന്ന് പറഞ്ഞ ശശി തരൂർ, ഇതേക്കുറിച്ച് രാഘവൻ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രതികരിച്ചു. പാര്‍ട്ടി അന്വേഷിക്കട്ടെ എന്നും ശശി തരൂർ പറഞ്ഞു.
കെ സുധാകരൻ, വിഡി സതീശൻ തുടങ്ങിയവരെ ലക്ഷ്യമിട്ട് കെ മുരളീധരൻ പ്രതികരിച്ചതോടെ തരൂരിനെ വിലക്കിയ വിവാദം മുറുകി. മുഖ്യമന്ത്രി കുപ്പായം തുന്നിയവരാണ് വിലക്കിന് പിന്നിലെന്ന് മുരളീധരൻ പറഞ്ഞതോടെ സതീശനും സുധാകരനും വെട്ടിലായി. നേതാക്കളെ പേരെടുത്ത് കുറ്റപ്പെടുത്തുന്നില്ലെങ്കിലും അന്വേഷണം വേണമെന്ന് ആവർത്തിച്ചാവശ്യപ്പെടുകയാണ് തരൂരും എം കെ രാഘവനും.
തരൂരിനോടുള്ള വിലക്കിന് പിന്നിൽ ഐ ഗ്രൂപ്പിലെ പ്രധാനികളെയാണ് കെ.മുരളീധരൻ ഉന്നംവയ്ക്കുന്നത്.
കെ.സുധാകരന്റെ പിന്തുണയും എ ഗ്രൂപ്പിന്റെ മാനസിക പിന്തുണയും കൂടി ലഭിക്കുന്നതോടെ തരൂർ കൂടുതൽ കരുത്താർജ്ജിക്കുകയാണ്. മുഖ്യമന്ത്രിപദം തന്നെ ലക്ഷ്യമിട്ട് ശശി തരൂർ സന്നാഹമത്സരത്തിന് ഇറങ്ങിയതാണെന്ന സംശയം കോൺഗ്രസിൽ ശത്രുക്കളെ പോലും ഒന്നിപ്പിക്കുകയാണ്
തരൂരിനോടുള്ള എതിർപ്പിൽ രമേശ് ചെന്നിത്തലയും കെ.സി.വേണുഗോപാലും വി.ഡി.സതീശനും ഒരുപക്ഷത്താണ്. പ്രവർത്തകരുടെ വികാരവും ഒഴുക്കും തിരിച്ചറിഞ്ഞ് കെ.സുധാകരനും തരൂരിനൊപ്പം നിലയുറപ്പിച്ചു കഴിഞ്ഞു. അദ്ദേഹത്തിന്റെ അടുത്ത അനുയായികൾ തരൂരിന്റെ പരിപാടിയിൽ പങ്കെടുത്തത് ഇതിന്റെ തെളിവാണ്. നിലപാട് പരസ്യമാക്കിയിട്ടില്ലെങ്കിലും എ ഗ്രൂപ്പിന്റെ മാനസിക പിന്തുണ തരൂരിനുണ്ട്. വിവാദം അനാവശ്യമായിരുന്നുവെന്നാണ് എ ഗ്രൂപ്പ് നേതാക്കൾ പറയുന്നത്. തരൂരിനെ മുൻനിർത്തി തിരഞ്ഞെടുപ്പിനെ നേരിടണമെന്ന വികാരം പാർട്ടിക്കുള്ളിൽ മാത്രമല്ല, മുന്നണിക്കുള്ളിലുമുണ്ട്.
എല്ലാവർക്കും സ്വീകാര്യൻ എന്ന വിശേഷണമാണ് തരൂരിന്റെ ബാങ്ക് ബാലൻസ്. യുവനിരയെ ഒപ്പം നിർത്തി താഴെത്തട്ടിൽ സ്വാധീനം ശക്തിപ്പെടുത്തി ഘടകക്ഷികളുടെയും സമുദായസംഘടനകളുടെയും പിന്തുണ ഉറപ്പിച്ച് മുന്നേറുകയാണ് തരൂർ. ഇതിനിടയിൽ ശത്രുവിന്റെ ശത്രു മിത്രം എന്ന നിലയിൽ ഗ്രൂപ്പ് രാഷ്ട്രീയത്തിൽ പയറ്റിത്തെളിഞ്ഞ കെ.മുരളീധരൻ, എം.കെ.രാഘവൻ ഉൾപ്പെടെയുള്ളവരുടെ കൂടി പിന്തുണ ലഭിക്കുന്നത് തരൂരിന് നേട്ടമാകും.
കോൺഗ്രസിൽ പുതിയ ആഭ്യന്തര പ്രശ്നങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് വിലക്ക് വിവാദം. ശശി തരൂരിനെ വിലക്കിയതിന് പിന്നിൽ മുഖ്യമന്ത്രിക്കുപ്പായം ലക്ഷ്യമിട്ടവരെന്ന കെ മുരളീധരന്റെ പരാമർശം വിവാദം കടുപ്പിച്ചു. വിഷയത്തിൽ തന്റെ കൈയിൽ നിന്ന് മറുപടി പ്രതീക്ഷിക്കേണ്ടെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട്. വിവാദം മുറുകിയതോടെ പരസ്യ പ്രതികരണങ്ങൾക്ക് കെപിസിസി പ്രസിഡന്റ് വിലക്കേർപ്പെടുത്തി.
അതേസമയം, തരൂരിനെ പിന്തുണച്ച് കഥാകാരൻ ടി. പത്മനാഭനും രംഗത്തെത്തി. ഇന്ത്യ എന്ന വികാരം ഉൾക്കൊള്ളാൻ സാധിക്കാത്തവരുടെ ഇടയിലാണ് ശശി തരൂർ ജീവിക്കുന്നത്.. തരൂരിനെതിരെ ആവനാഴിയിലെ സകല അസ്ത്രങ്ങളും പ്രയോഗിക്കപ്പെട്ടെങ്കിലും യുവാക്കളുടെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാഹി കലാ ഗ്രാമത്തിൽ സ്ഥാപിച്ച പ്രതിമ അനാച്ഛാദനം ചെയ്യാൻ എത്തിയ തരൂരിനോട് ഒരു പഴയ കോൺഗ്രസുകാരന്റെ അവകാശത്തോടെ ചിലത് പറയാനുണ്ടെന്ന് അറിയിച്ചായിരുന്നു ടി.പത്മനാഭന്റെ വാക്കുകൾ. എന്തുവന്നാലും പാർട്ടി വിട്ടു പോകരുതെന്ന് ഹാസ്യരൂപേണ ഒരു ഉപദേശവും ടി.പത്മനാഭൻ തരൂരിന് നൽകി.
അതേസമയം, കോൺഗ്രസിലെ മുൻനിര നേതാക്കൾ തന്നെ പരസ്യമായി പോരടിക്കാനിറങ്ങിയതോടെ കെപിസിസി പ്രസിഡന്റെ പ്രസ്താവനകൾ വിലക്കി. തരൂരിന് പരിപാടികളിൽ പങ്കെടുക്കാം. പക്ഷെ ഡിസിസികളുടെ അറിവോടെ മാത്രമെന്ന സുധാകരന്റെ അറിയിപ്പിൽ നിന്ന് കാര്യങ്ങൾ വ്യക്തമാണ്. ശശി തരൂർ സ്വന്തം നിലയ്ക്ക് പരിപാടികളിൽ പങ്കെടുക്കരുതെന്ന മുന്നറിയിപ്പും അതിലുണ്ട്. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ പാണക്കാട് എത്തുന്ന ശശി തരൂർ തങ്ങളും കുഞ്ഞാലിക്കുട്ടിയുമായും ചർച്ച നടത്തും. വൈകിട്ട് കോഴിക്കോടും മറ്റന്നാൾ കണ്ണൂരും വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷമാണ് തരൂർ പര്യടനം അവസാനിപ്പിച്ച് തിരുവനന്തപുരത്തേക്ക് മടങ്ങുക.