
ന്യൂഡല്‍ഹി. മനോദൗര്‍ബല്യമുള്ള ഒരാളോടൊപ്പം തനിക്കു ജീവിക്കേണ്ടി വന്നിട്ടുണ്ടെന്നു ശശി തരൂര്‍ എംപി ലോക്സഭയില്‍ പറഞ്ഞു. നമുക്ക് ഏറ്റവും അടുപ്പമുള്ള, സ്നേഹമുള്ള ഒരാള്‍ മനോദൗര്‍ബല്യത്തിന് അടിപ്പെടുന്നതു പോലെ ദുഃഖകരമായ ഒരനുഭവമില്ലെന്ന് ലോക്സഭയില്‍ മാനസികാരോഗ്യ ബില്ലിന്റെ ചര്‍ച്ചയില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയക്കാര്‍ക്കിടയിലും മനോദൗര്‍ബല്യക്കാരുണ്ടെങ്കിലും അതു തിരിച്ചറിയപ്പെടാതെ കഷ്ടപ്പെടുന്നവര്‍ ഉണ്ട്. ദൗര്‍ബല്യമുള്ളവരുടെ ഏറ്റവും വലിയ പ്രശ്നം അവര്‍ അത് അംഗീകരിക്കില്ല എന്നതാണ്. അവര്‍ ഡോക്ടറെ കാണാന്‍ കൂട്ടാക്കില്ല. അവരുടെ പെരുമാറ്റം വ്യക്തമായും രോഗത്തെ സൂചിപ്പിക്കുമെങ്കിലും ചികിത്സയ്ക്കു തയാറാവില്ല–തരൂര്‍ പറഞ്ഞു. പ്രസിദ്ധയായ ഒരു ബോളിവുഡ് നടി വിഷാദരോഗം ഉണ്ടെന്നു തുറന്നു സമ്മതിച്ചത് മാതൃകയാക്കണമെന്നു ശശി തരൂര്‍ പറഞ്ഞു.
എങ്ങനെയാണു വിഷാദരോഗത്തെ നേരിട്ടതെന്നും അതിജീവിച്ചതെന്നും അവര്‍ തുറന്നുപറഞ്ഞു. ഇതു ചികിത്സിച്ചു ഭേദമാക്കാവുന്നതാണ് എന്ന വലിയ സന്ദേശമാണ് അവര്‍ നല്‍കിയത്. ഇതുപോലെയുള്ള റോള്‍ മോഡലുകളെ ഈ ദൗര്‍ബല്യത്തെക്കുറിച്ചു ബോധവല്‍ക്കരിക്കാന്‍ ഉപയോഗപ്പെടുത്തണമെന്നു ശശി തരൂര്‍ മന്ത്രിയോട് അഭ്യര്‍ഥിച്ചു. ഇന്ത്യയില്‍ ഓരോ മണിക്കൂറിലും 60 ആത്മഹത്യകള്‍ നടക്കുന്നുവെന്നാണു നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക്. ഇതു വളരെ കൂടുതലാണ്.
ഇതു നമ്മുടെ കൂട്ടായ പരാജയമാണു വ്യക്തമാക്കുന്നത്. യുവാക്കളാണ് ആത്മഹത്യ ചെയ്യുന്നതില്‍ ഏറെയും. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മനോദൗര്‍ബല്യ ചികിത്സകര്‍ ഉണ്ടാവണം. ആത്മഹത്യ കുറ്റകരമല്ലാതാക്കിയതിനെ അദ്ദേഹം സ്വാഗതം ചെയ്തു. ആത്മഹത്യ സഹായത്തിനു വേണ്ടിയുള്ള നിലവിളിയാണ്, കുറ്റകൃത്യമല്ല എന്നു പൊലീസിനെയും ബോധ്യപ്പെടുത്തണം.
സൈന്യത്തിലും കടുത്ത സമ്മര്‍ദത്തിനു വിധേയരാകുന്ന സൈനികരെ സഹായിക്കാന്‍ ചികിത്സകരെ ആവശ്യമുണ്ട്. വിമാനത്തിലെ ജീവനക്കാരനോട് എംപി അപമര്യാദയായി പെരുമാറിയത് ഇപ്പോള്‍ വിവാദമാണ്. എന്നാല്‍ മനോദൗര്‍ബല്യം ബാധിച്ചവരോട് വിമാനജീവനക്കാര്‍ മോശപ്പെട്ട രീതിയില്‍ പെരുമാറുന്ന കേസുകളുണ്ട്. സെറിബറല്‍ പാള്‍സി ബാധിച്ച രോഗിയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട സംഭവമുണ്ട്. രോഗികളോടു സമൂഹത്തിന്റെ സമീപനത്തില്‍ മാറ്റം വരണമെന്നും തരൂര്‍ പറഞ്ഞു.