ഡല്‍ഹി: ഡല്‍ഹി കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്തേക്ക് ഷീലാ ദീക്ഷിത്. കഴിഞ്ഞ ദിവസമാണ് അജയ് മാക്കന്‍ രാജിവെച്ചത്. അദ്ദേഹത്തിന്റെ രാജി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്വീകരിക്കുകയും ചെയ്തു. ആ സ്ഥാനത്തേക്ക് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ഷീല ദീക്ഷിത് എത്തിയേക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.
ഡല്‍ഹിയിലെ കോണ്‍ഗ്രസ് കുത്തക തകര്‍ത്ത് രംഗത്ത് വന്ന എഎപിയുമായി കൂട്ടുചേരുന്നതില്‍ ഷീലയ്ക്ക് എതിര്‍പ്പായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി തീരുമാനിച്ചാല്‍ എഎപിയുമായുള്ള സഖ്യം അംഗീകരിക്കുമെന്ന് ഷീല വ്യക്തമാക്കി. പാര്‍ട്ടി തീരുമാനിച്ചാല്‍, ഹൈക്കമാന്‍ഡ്, രാഹുല്‍ ഗാന്ധി അവരെല്ലാം തീരുമാനിച്ചാല്‍ എല്ലാവരും അംഗീകരിച്ചേ മതിയാകൂ- അവര്‍ പറഞ്ഞു. ഷീലയുടെ നിലപാട് മാറ്റവും ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നതിനെ എതിര്‍ത്ത നേതാവായിരുന്നു അജയ് മാക്കനെന്നതും ശ്രദ്ധേയമാണ്.
ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം കഴിഞ്ഞ ദിവസമാണ് അജയ് മാക്കന്‍ ഡല്‍ഹി പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചത്. രണ്ട് തവണ എംപിയും മുന്‍ കേന്ദ്രമ ന്ത്രിയുമായ അജയ് മാക്കന്‍, 2015ലാണ് ഡിപിസിസി അധ്യക്ഷനാകുന്നത്. അരവിന്ദര്‍ സിംഗ് ലവ്ലിയെ മാറ്റിയിട്ടായിരുന്നു നിയമനം.