എയർ ഇന്ത്യ ഉദ്യോഗസ്ഥനെ ചെരിപ്പൂരിയടിച്ച ശിവസേന എംപി കരിമ്പട്ടികയിൽ.

ന്യൂഡൽഹി ∙ ഡ്യൂട്ടി മാനേജരെ ചെരിപ്പൂരി കരണത്തടിച്ച ശിവസേനയുടെ എംപി രവീന്ദ്ര ഗെയ്ക്ക്‌വാദിനെ എയർ ഇന്ത്യ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. അതിനുപുറമെ, ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും വിമാനം 40 മിനിറ്റോളം വൈകിപ്പിച്ചതിനും എംപിക്കെതിരെ രണ്ടു പരാതികളും വിമാനക്കമ്പനി നൽകിയിട്ടുണ്ട്. അതേസമയം, യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിലവിലുള്ളതുപോലെ യാത്രാനിരോധനം ഏർപ്പെടുത്തേണ്ടവരുടെ ഒരു പട്ടിക തയാറാക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്ന് എയർ ഇന്ത്യ വൃത്തങ്ങൾ വെളിപ്പെടുത്തി. ഗെയ്ക്ക്‌വാദിനെപ്പോലുള്ളവരെ വിമാനയാത്രകളിൽനിന്നു വിലക്കുന്ന സംവിധാനമാണ് ആലോചിക്കുന്നത്. ഇത്തരക്കാർ ടിക്കറ്റെടുക്കാൻ ശ്രമിക്കുമ്പോൾ തന്നെ വിമാന കമ്പനിക്കു വിവരം ലഭിക്കും.

എയർ ഇന്ത്യ ജീവനക്കാരനെ 25 തവണ താൻ അടിച്ചുവെന്നു മാധ്യമങ്ങൾക്കു മുന്നിൽ ഗെയ്ക്ക്‌വാദ് വെളിപ്പെടുത്തിയിരുന്നു. മർദനമേറ്റ ഉദ്യോഗസ്ഥൻ സുകുമാർ (60) പൊലീസിൽ പരാതി നൽകി. എംപി വളരെ മോശമായി പെരുമാറുകയും അസഭ്യം പറയുകയും മർദിക്കുകയും കണ്ണട തകർക്കുകയും ചെയ്തുവെന്ന് സുകുമാർ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വ്യാഴാഴ്ച രാവിലെ പുണെയിൽനിന്നു ഡൽഹിയിലെത്തിയ എയർ ഇന്ത്യയുടെ എ െഎ 852 വിമാനത്തിലാണു സംഭവം. മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് എംപിയാണു ഗെയ്ക്ക്‌വാദ്. ബിസിനസ് ക്ലാസ് കൂപ്പണുമായെത്തിയെങ്കിലും ആ ക്ലാസ് ലഭിക്കാതെ ഇക്കോണമി ക്ലാസിൽ സഞ്ചരിക്കേണ്ടിവന്നത് അദ്ദേഹത്തെ ക്ഷുഭിതനാക്കി. യാത്രയുടെ തുടക്കംമുതൽ ജീവനക്കാരുമായി തർക്കം തുടങ്ങി. വിമാനം ഡൽഹിയിൽ ഇറങ്ങിയിട്ടും എംപി പുറത്തിറങ്ങാൻ തയാറായില്ല. എംപിയെ അനുനയിപ്പിച്ചു പുറത്തിറക്കാൻ ശ്രമിക്കവേയാണു സുകുമാറിനു മർദനമേറ്റത്.

‘ഞാൻ ബിജെപിക്കാരനല്ല, ശിവസേനയുടെ എംപിയാണ്. ഒരു തരത്തിലുള്ള അപമാനവും ഞാൻ സഹിക്കില്ല. ജീവനക്കാരൻ പരാതിപ്പെടട്ടെ. ഞാൻ ലോക്സഭാ സ്പീക്കർക്കു പരാതി നൽകും’ – ഗെയ്ക്ക്‌വാദ് പറഞ്ഞു. ‘നമ്മുടെ എംപിമാരുടെ പെരുമാറ്റം ഈ വിധമാണെങ്കിൽ രാജ്യത്തെ ദൈവം രക്ഷിക്കട്ടെ’– സുകുമാർ പറഞ്ഞു. വിമാനത്തിൽ ബിസിനസ് ക്ലാസില്ലായിരുന്നു. ഇക്കാര്യം എംപിയെ നേരത്തേ അറിയിച്ചതാണ്. ബിസിനസ് ക്ലാസുള്ള പിന്നാലെ പുറപ്പെടുന്ന രണ്ടു വിമാനങ്ങളിലൊന്നിൽ സീറ്റ് നൽകാമെന്നു പറയുകയും ചെയ്തു – എയർ ഇന്ത്യ വ്യക്തമാക്കി. എംപിയുടെ പെരുമാറ്റം തെറ്റായിപ്പോയെന്നു സിവിൽ വ്യോമയാന മന്ത്രി അശോക് ഗജപതി രാജു പറഞ്ഞു. ശിവസേനയും എംപിയുടെ പെരുമാറ്റത്തെ അപലപിച്ചു. ഗെയ്ക്ക്‌വാദിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നു പാർട്ടി വക്താവ് പറഞ്ഞു.

2014ൽ ഡൽഹി മഹാരാഷ്ട്ര സദനിൽ ഭക്ഷണം മോശമായതിന്റെ പേരിൽ അതു വിതരണം ചെയ്തയാളുടെ വായിൽ ഗെയ്ക്ക്‌വാദ് ചപ്പാത്തി തിരുകിയതു വിവാദമായിരുന്നു. റമസാൻ നോമ്പ് അനുഷ്ഠിച്ചിരുന്നയാളോടായിരുന്നു എംപിയുടെ പരാക്രമം. പാർലമെന്റ് ഹൗസ് കോംപ്ലക്സ് സെക്യൂരിറ്റി കമ്മിറ്റിയിൽ 2015 മുതൽ അംഗമായ എംപിക്കെതിരെ ഏതാനും ക്രിമിനൽ കേസുകളുമുണ്ട്.

Top