മലയാളി ജീവനക്കാരനെ മര്‍ദ്ദിച്ച ശിവസേന എംപിയ്ക്ക് വിമാനകമ്പനികളുടെ യാത്രാവിലക്ക്; എയര്‍ ഇന്ത്യയ്ക്ക് പിന്നാലെ ഇന്‍ഡിഗോയും യാത്ര വിലക്ക് ഏര്‍പ്പെടുത്തി

മുംബൈ: മലയാളിയായ എയര്‍ ഇന്ത്യാ ജീവനക്കാരനെ ചെരിപ്പൂരി അടിച്ച ശിവസേനാ എംപി. രവീന്ദ്ര ഗായക്വാഡിന് വിമാന കമ്പനികള്‍ നല്‍കുന്നത് എട്ടിന്റെ പണി. ഇയാളെ കരിമ്പട്ടികയില്‍ പെടുത്തി യാത്രാവിലക്ക് പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

വെള്ളിയാഴ്ച മുംബൈയിലേക്കു തിരിക്കാനിരുന്ന എംപി.യുടെ മടക്കട്ടിക്കറ്റ് എയര്‍ ഇന്ത്യയും ഇന്‍ഡിഗോ എയര്‍ലൈന്‍സും റദ്ദാക്കുകയും ചെയ്തു. ഇതിന് പിന്നാലെ വിലക്കും വന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതുകൊണ്ട് തത്കാലം അദ്ദേഹത്തിന് തീവണ്ടിയില്‍ യാത്ര ചെയ്യേണ്ടിവരും. പ്രശ്‌നക്കാരായ യാത്രക്കാരെ വിദേശവിമാനക്കമ്പനികളും ചില സ്വകാര്യ സര്‍വീസുകളും കരിമ്പട്ടികയില്‍പ്പെടുത്താറുണ്ടെങ്കിലും പൊതുമേഖലാ സ്ഥാപനമായ എയര്‍ഇന്ത്യ വിലക്കേര്‍പ്പെടുത്തുന്നത് ആദ്യമാണ്. അതിനിടെ ശിവസേനാ നേതാവ് ഉദ്ധവ് താക്കറേ ഗായക്വാഡില്‍നിന്ന് വിശദീകരണം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിയും ഉദ്ധവും തന്നോടൊപ്പമുണ്ടെന്നാണ് ഗായക്വാഡ് അവകാശപ്പെടുന്നത്.

എയര്‍ ഇന്ത്യയില്‍ മാനേജരായ കണ്ണൂര്‍ സ്വദേശി രാമന്‍ സുകുമാറിനെയാണ് ഗെയിക്വാദ് മര്‍ദിച്ചത്. 25 തവണ ചെരുപ്പുകൊണ്ട് അടിച്ചതായാണ് രാമന്‍ നല്‍കിയിരിക്കുന്ന പരാതി. എന്നാല്‍ ഒരാള്‍ക്കും മറ്റൊരാളെ ശിക്ഷിക്കാനുള്ള അവകാശമില്ലെന്ന് മര്‍ദനത്തിന് ഇരയായ രാമന്‍ സുകുമാരന്‍ പറഞ്ഞു. ജനപ്രതിനിധികള്‍ മാന്യമായി പെരുമാറേണ്ടവരാണ്, ഇത്തരം പെരുമാറ്റം ശിക്ഷിക്കപ്പെടേണ്ടതാണ് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ രാമന്‍ സുകുമാറിനോട് മാപ്പ് പറയില്ലെന്ന് രവീന്ദ്ര ഗെയിക്വാദ് പറഞ്ഞു. എങ്ങനെ പെരുമാറണം എന്ന് ഒരു അറുപത് വയസുകാരനായ ഉദ്യോഗസ്ഥന്‍ അറിഞ്ഞിരിക്കണമെന്നും ഗെയിക്വാദ് പറഞ്ഞു. സുകുമാറിന്റെ പരാതി പ്രകാരം ഡല്‍ഹി പൊലീസ് ഗായക്വാഡിനെതിരെ വധശ്രമത്തിന് കേസെടുത്തു. ഡല്‍ഹി പൊലീസിന്റെ ക്രൈം ബ്രാഞ്ച് വിഭാഗം കേസ് അന്വേഷിക്കും.

രാജ്യത്തെ സ്വകാര്യ വിമാനക്കമ്പനികളുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സാണ്(എഫ്.ഐ.എ.) വിലക്കില്‍ തീരുമാനമെടുത്തത്. ജീവനക്കാരുടെ ആത്മാഭിമാനം സംരക്ഷിക്കാനും യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാനും ഇത്തരമൊരു നടപടി അനിവാര്യമാണെന്ന് എഫ്.ഐ.എ. അസോസിയേറ്റ് ഡയറക്ടര്‍ ഉജ്ജ്വല്‍ ദേ പറഞ്ഞു. കുഴപ്പക്കാരായ യാത്രക്കാരുടെ പൊതുകരിമ്പട്ടിക തയ്യാറാക്കുന്ന കാര്യം വിമാനക്കമ്പനികളുടെ പരിഗണനയിലാണ്. വ്യാഴാഴ്ച രാവിലെ ഡല്‍ഹിയിലെത്തിയ ഗായക്വാഡ് വെള്ളിയാഴ്ച വൈകീട്ട് മുംബൈയിലേക്ക് എയര്‍ ഇന്ത്യാ വിമാനത്തില്‍ തിരിച്ചുപോകാനിരിക്കുകയായിരുന്നു.

എന്നാല്‍, വിലക്കേര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ എംപിയുടെ ടിക്കറ്റ് റദ്ദാക്കി. അതിനുശേഷം അദ്ദേഹം ഇന്‍ഡിഗോയില്‍ ടിക്കറ്റെടുത്തെങ്കിലും അവരും അത് റദ്ദാക്കിയതായി അറിയിച്ചു. വ്യാഴാഴ്ച രാവിലെ പുണെയില്‍നിന്ന് ന്യൂഡല്‍ഹിയിലേക്കു തിരിച്ച എയര്‍ ഇന്ത്യ വിമാനത്തിലാണ് ജീവനക്കാരന് മര്‍ദനമേറ്റത്. ബിസിനസ് ക്ലാസില്‍ സീറ്റ് കിട്ടാത്തതില്‍ കുപിതനായ ഗായക്വാഡ് ചെരിപ്പൂരി അടിക്കുകയായിരുന്നു. സംഭവത്തെ ന്യായീകരിച്ച എംപി. മാപ്പുപറയാന്‍ തയ്യാറല്ലെന്ന് വെള്ളിയാഴ്ചയും ആവര്‍ത്തിച്ചു.
വിമാനയാത്രയില്‍ ബിസിനസ് ക്ലാസിനു പകരം എക്കണോമി ക്ലാസില്‍ ഇരുത്തിയതില്‍ കുപിതനായാണ് ശിവസേന എംപി രവീന്ദ്ര ഗെയിക്വാദ് എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പൂരിയടിച്ചത്. വ്യാഴാഴ്ച്ചയായിരുന്നു സംഭവം.

പൂണെ-ഡല്‍ഹി എ 1-852 വിമാനത്തില്‍ എംപി ഓപ്പണ്‍ ബിസിനസ് ക്ലാസ് ടിക്കറ്റാണ് ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ എക്കണോമി ക്ലാസ് മാത്രമുള്ള വിമാനമാണ് സര്‍വീസ് നടത്തിയത്. ഇക്കാര്യം എംപിയുടെ ഓഫീസില്‍ ബുധനാഴ്ച അറിയിച്ചിരുന്നതായും കുഴപ്പമില്ലെന്ന് മറുപടി ലഭിച്ചിരുന്നതുമായി എയര്‍ ഇന്ത്യ ജീവനക്കാര്‍ പറയുന്നു.
മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് ഗെയിക്വാദ്. എംപിയുടെ നടപടി അപലപനീയമാണെന്നും കര്‍ശന നടപടി വേണമെന്നും പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ആവശ്യപ്പെട്ടു.

Top