ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്ന് കത്തിച്ചു; യുവതിയെ കാമുകനും കൊന്നു; തെരുവിലായത് പിഞ്ചുകുഞ്ഞുങ്ങള്‍

കണ്ണൂര്‍: ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്നു…അധികം വൈകാതെ ഭര്‍ത്താവിനെ ചതിച്ച് ആയുവതിയേയും കാമുകന്‍ കൊന്നു. ശോഭ കൊലക്കേസുമായി ബന്ധപ്പെട്ട് പിടിക്കപ്പെട്ട പ്രതി മഞ്ജുനാഥ് നല്‍കിയ മൊഴി കേട്ട് പോലീസ് ഉദ്യോഗസ്ഥര്‍ ഞെട്ടി. യാതൊരു കൂസലുമില്ലാതെയാണ് ഇയാള്‍ കൊലപാതക കഥകള്‍ വിവരിച്ചത്.

പഴയപാലത്ത് കൊല്ലപ്പെട്ട നാടോടി യുവതിയും സംഭവത്തില്‍ അറസ്റ്റിലായ കാമുകനും ചേര്‍ന്നു യുവതിയുടെ ഭര്‍ത്താവിനെ കര്‍ണാടകയില്‍ വെച്ച് 14 മാസം മുന്‍പ് കൊന്നു കത്തിച്ചു. കര്‍ണാടക തുമകൂരു സ്വദേശിയായ ശോഭയെ കഴിഞ്ഞ മാസം 21ന് പഴയപാലത്തെ ഉപയോഗ ശൂന്യമായ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസിന്റെ അന്വേഷണത്തിനിടെയാണ് ഈ കൊലപാതകവും തെളിഞ്ഞത്. ശോഭയുടെ ആറും നാലും വയസ്സുള്ള മക്കളെ ബെംഗളൂരുവില്‍ നിന്നു മുംബൈയിലേക്കുള്ള ട്രെയിന്‍ കയറ്റി വിട്ട് ഉപേക്ഷിച്ചതായും പൊലീസ് കസ്റ്റഡിയിലുള്ള പ്രതി തുമകുരു തിമ്മരാജനഹള്ളിയിലെ ടി.കെ.മഞ്ജുനാഥ് മൊഴി നല്‍കി. കൊല്ലപ്പെട്ട് ഏഴു ദിവസം പഴക്കം ചെന്നപ്പോഴാണ് കിണറ്റില്‍ ശോഭയുടെ മൃതദേഹം കണ്ടെത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ കേസില്‍ ശോഭയുടെ മാതൃസഹോദരി ഭര്‍ത്താവു കൂടിയായ ടി.കെ.മഞ്ജുനാഥ് കഴിഞ്ഞ ഏഴിന് അറസ്റ്റിലായി. ശോഭയുടെ മക്കളായ ആര്യന്‍, അമൃത എന്നിവരെ കൃത്യം നടത്തിയ ശേഷം സ്വന്തം നാട്ടിലേക്കു രക്ഷപ്പെടുന്നതിനിടയില്‍ ബെംഗളുരുവില്‍ നിന്നു കാണാതായതായി മഞ്ജുനാഥ് പൊലീസിനോടു പറഞ്ഞിരുന്നു. ഈ മൊഴി വിശ്വാസിക്കാതിരുന്ന പൊലീസ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുമ്പോഴാണ് താനും ശോഭയും കൂടി മാസങ്ങള്‍ക്കു മുമ്പ് ശോഭയുടെ ആദ്യ ഭര്‍ത്താവ് രാജുവിനെ കൊലപ്പെടുത്തിയ കാര്യം വെളിപ്പെടുത്തിയത്.

ശോഭയ്ക്കും മഞ്ജുനാഥിനും ഒരുമിച്ച് ജീവിക്കുന്നതിനായി ഇരുവരും ചേര്‍ന്ന് ആസൂത്രണം ചെയ്തായിരുന്നു കൃത്യം. തുമകുരു സാത്തനഹള്ളിയിലെ രാജുവിന്റെ വീട്ടില്‍ നിന്നു മഞ്ജുനാഥിന്റെ ഓട്ടോറിക്ഷയില്‍ ശോഭയും ചേര്‍ന്നു കയറ്റികൊണ്ടുപോയി കഴുത്തില്‍ പ്ലാസ്റ്റിക് കയറിട്ട് മുറുക്കി കൊലപ്പെടുത്തുകയും സിറ ഉഞ്ചനഹള്ളിയിലെ വനത്തിനുള്ളിലെ മഴക്കുഴിയിലിട്ട് ചുള്ളിക്കമ്പുകളും ഡീസലും ഉപയോഗിച്ചു കത്തിക്കുകയും ചെയ്‌തെന്നാണു മൊഴിയെന്ന് കണ്ണൂര്‍ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി വി.എന്‍.വിശ്വനാഥന്‍ പറഞ്ഞു. 2015 ഡിസംബര്‍ 21 നാണ് കൃത്യം നടത്തിയത്.

സ്ഥലത്ത് എത്തിയ അന്വേഷണ സംഘം കര്‍ണാടക പൊലീസുമായി ചേര്‍ന്നു സയന്റിഫിക് സര്‍ജന്റെ സാന്നിധ്യത്തില്‍ വനത്തിലെ മഴക്കുഴി പരിശോധിക്കുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. രാജുവിനെ കൊലപ്പെടുത്തിയ ശേഷം അന്നു തന്നെ കേരളത്തിലേക്കു വന്ന ശോഭയും മഞ്ജുനാഥും ഭാര്യാഭാര്‍ത്താക്കന്‍മാരെപോലെ ജീവിച്ചു. തുമകുരുവില്‍ ഭാര്യയും മകനുമുള്ള മഞ്ജുനാഥ് അങ്ങോട്ടേക്കു പോകുന്നതു വിലക്കിയ ശോഭ കൊലപാതക കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തുക കൂടി ചെയ്തതോടെയാണ് കൊലപാതകത്തിനു മഞ്ജുനാഥ് തീരുമാനിച്ചതെന്ന് അന്വേഷണ സംഘം പറഞ്ഞു. രാജു മലയാളിയാണെന്നും ശോഭയുടെ മക്കളെ ബെംഗളുരുവില്‍ നിന്ന് കാണാതായെന്നും നല്‍കിയ മൊഴികള്‍ കളവാണെന്നും മഞ്ജുനാഥ് വെളിപ്പെടുത്തി. കുട്ടികളെ കണ്ടെത്തുന്നതിനു പൊലീസ് ശ്രമം തുടങ്ങി.

ഒരു മാസം മുന്‍പ് ഇരിട്ടിയിലും 14 മാസം മുന്‍പ് കര്‍ണാടകത്തിലും നടത്തിയ രണ്ട് കൊലപാതകങ്ങള്‍ക്ക് തുമ്പുണ്ടാക്കാന്‍ കഴിഞ്ഞത് അന്വേഷണ സംഘത്തിന്റെ മികവ്. പ്രധാനമായും ഇരിട്ടി പ്രബേഷന്‍ എസ്‌ഐ ആയി രണ്ടു മാസം മുന്‍പ് മാത്രം ചുമതലയേറ്റ എസ്.അന്‍ഷാദിനാണ് ശോഭ രാജു കൊലക്കേസുകള്‍ക്ക് തുമ്പുണ്ടാക്കാന്‍ കഴിഞ്ഞതിന്റെ പ്രശംസയത്രയും മേലുദ്യോഗസ്ഥര്‍ കൈമാറുന്നത്

പഴയപാലത്തെ ഉപയോഗശൂന്യമായ കിണറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയതിനുള്ള അസ്വഭാവിക മരണമെന്നോ ആത്മഹത്യയെന്നോ എഴുതിതള്ളാമായിരുന്ന സംഭവത്തിലാണ് ആത്മാര്‍ഥമായ അന്വേഷണത്തിലൂടെ രണ്ടു കൊലപാതകങ്ങള്‍ക്ക് തുമ്പുണ്ടാക്കിയത്. കഴിഞ്ഞ 21ന് ഏഴ് ദിവസം പഴക്കത്തോടെ കണ്ടെത്തിയ സ്ത്രീയുടെ ജഡം പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴും വെള്ളം ഉള്ളില്‍ ചെന്നാണ് മരണമെന്നായിരുന്നു നിരീക്ഷണം.

ഫലത്തില്‍ കേസ് ഇവിടെ അവസാനിക്കേണ്ടതാണ്. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, പ്രബേഷന്‍ എസ്‌ഐ എസ്.അന്‍ഷാദിനെ വിളിച്ച് എന്തായാലും മരണത്തിന് കാരണമുണ്ടാകുമല്ലോ, നന്നായി പരിശ്രമിച്ച് നോക്ക് എന്ന് നിര്‍ദേശിക്കുകയായിരുന്നു. നിര്‍ദേശം അതേപടി സ്വീകരിച്ച അന്‍ഷാദും സഹപ്രവര്‍ത്തകരും പ്രദേശവാസികളായ നൂറോളം പേരെയാണ് കണ്ട് മൊഴിയെടുത്തത്.

ഇതിലൂടെ മരിച്ചത് നാടോടിയായ ശോഭയാണെന്ന് കണ്ടെത്തി. ഇവരോടൊപ്പം ഭര്‍ത്താവെന്ന നിലയില്‍ ഒരാളും രണ്ടു കുട്ടികളും ഉണ്ടായിരുന്നതായും വിവരം ലഭിച്ചു. മൃതദേഹം കണ്ടെത്തിയതു മുതല്‍ പിന്നോട്ടുള്ള ദിവസങ്ങളിലെ നഗരത്തിലുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ 14ന് പുലര്‍ച്ചെ അഞ്ചോടെ പഴയ സ്റ്റാന്‍ഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ മറുനാട്ടുകാരനായ ആളും രണ്ടു കുട്ടികളും കാത്തിരിക്കുന്നതിന്റെ ദൃശ്യം ലഭിച്ചു.

ഇതിന്റെ പിന്‍ബലത്തില്‍ തുമകുരു ആണ് ഇവരുടെ സ്വദേശമെന്നും തിരിച്ചറിഞ്ഞ് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. രണ്ടാം തവണ സ്ഥലത്ത് എത്തിയപ്പോഴാണ് മഞ്ജുനാഥിനെ കസ്റ്റഡിയില്‍ കിട്ടിയത്. ശോഭയുടെ ഭര്‍ത്താവ് രാജുവിനെ കാണാതായത് അറിയിച്ചതനുസരിച്ച് കേരളത്തിലുള്ള ഇവരുടെ അടുത്ത് എത്തുകയും ശോഭയുമായി ബന്ധം ഉണ്ടാവുകയും ഭാര്യാഭര്‍ത്താക്കന്‍മാരെ പോലെ ജീവിക്കുകയുമായിരുന്നെന്നാണ് പൊലീസിന് മഞ്ജുനാഥ് മൊഴി നല്‍കിയത്.

തന്നെ ഭാര്യയുടെയും മകന്റെയും അടുത്തേക്ക് പോകാന്‍ വിസമ്മതിച്ചതിനാല്‍ 13ന് രാത്രി രണ്ടോടെ ഉറക്കത്തിനിടയില്‍ കഴുത്ത് ഞെരിക്കുകയും അബോധാവസ്ഥയിലായപ്പോള്‍ മരിച്ചെന്നു കരുതി കിണറ്റില്‍ ഇടുകയുമായിരുന്നെന്നും മൊഴി നല്‍കുകയും ചെയ്തു. ഇതിനാലാണ് വെള്ളം ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയത്. മൃതദേഹം പൂര്‍ണമായും അഴുകിയിരുന്നതിനാല്‍ ഇന്‍ക്വസ്റ്റിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

ശോഭയുടെ കൊലക്കേസില്‍ മഞ്ജുനാഥിനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ വിട്ടെങ്കിലും ശോഭയുടെ മക്കള്‍ ബെംഗളൂരുവില്‍ നിന്ന് കാണാതായതായി നല്‍കിയ മൊഴിയാണ് വീണ്ടും സംശയം ജനിപ്പിച്ചതും കസ്റ്റഡിയില്‍ വാങ്ങാന്‍ ഇടയാക്കിയതും. ഇതിനിടയില്‍ ശോഭയുടെ ഭര്‍ത്താവ് മലയാളിയാണെന്ന് നല്‍കിയ മൊഴിയും കള്ളമായിരുന്നെന്നും തുമകുരുവില്‍ തന്നെയാണ് ഇവര്‍ താമസിച്ചിരുന്നതെന്നും അന്വേഷണ സംഘം നിരീക്ഷിച്ചിരുന്നു.

ഇക്കാര്യം ചോദ്യം ചെയ്തപ്പോഴാണ് രാജുവിനെ കൊലപ്പെടുത്തിയതും മഞ്ജുനാഥ് വെളിപ്പെടുത്തുന്നത്. അന്‍ഷാദിന്റെ അന്വേഷണങ്ങള്‍ക്ക് പൂര്‍ണ പിന്തുണയുമായി ഇരിട്ടി സിഐയുടെ ചുമതലയുള്ള പേരാവൂര്‍ സിഐ എന്‍.സുനില്‍കുമാറും എസ്‌ഐ കെ.സുധീറും ഉള്‍പ്പെടുന്ന സംഘം ഒപ്പം നില്‍ക്കുകയും ചെയ്തു.

Top