ഷുഹൈബ് വധക്കേസ് സിബിഐക്ക് വിടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

കൊച്ചി: ഷുഹൈബ് വധക്കേസ് സിബിഐക്ക് വിടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. സിംഗിള്‍ ബെഞ്ച് വിധി അപക്വമെന്ന് വിലയിരുത്തിയാണ് സര്‍ക്കാര്‍ നീക്കം. കുറ്റപത്രം തയ്യാറാക്കുന്ന ഘട്ടത്തിലേക്ക് പൊലീസ് അന്വേഷണം നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് കോടതി വിധിയുണ്ടായിരിക്കുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും. സിബിഐക്ക് വിടാനുള്ള തീരുമാനമെടുക്കുന്നതിന് മതിയായ കേസ് സംബന്ധിച്ച കാര്യങ്ങള്‍ കോടതിയുടെ പരിഗണനയ്ക്ക് എത്തിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിനുള്ള നടപടക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സ്റ്റേറ്റ് അറ്റോര്‍ണി കെ.വി സോഹന്‍ ആയിരിക്കും കേസ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുക. സുപ്രീം കോടതിയുടെ മുന്‍ ഉത്തരവുകള്‍ ചൂണ്ടിക്കാട്ടിയായിരിക്കും സംസ്ഥാനസര്‍ക്കാര്‍ ഡിവിഷന്‍ബെഞ്ചിനെ സമീപിക്കുക. ഷുഹൈബിന്റെ കൊലപാതകം കഴിഞ്ഞിട്ട് 25ദിവസം മാത്രമേ കഴിഞ്ഞിട്ടുള്ളൂ. അതിനിടയില്‍ കേസിലെ 11 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം നല്ലരീതിയില്‍ മുന്നോട്ടുപോയിട്ടുണ്ട്. ഫലപ്രദമായ അന്വേഷണം ഉത്തരമേഖലാ എഡിജിപി മേല്‍നോട്ടത്തില്‍ നടക്കുകയാണ്. ആ സാഹചര്യത്തില്‍ കേസ് സിബിഐക്ക് കൈമാറിയിരിക്കുന്ന സിംഗിള്‍ ബെഞ്ചിന്റെ നടപടി ശരിയല്ലെന്നും അപക്വമാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിക്കുക. കേസ് ഡയറി അടക്കമുള്ള കേസ് രേഖകള്‍ ഒന്നും പരിശോധിക്കാതെയാണ് കോടതി ഇത്തരമൊരു തീരമാനത്തിലേക്കെത്തിയത്. ഇപ്പോള്‍ നടക്കുന്ന അന്വേഷണം കുറ്റപത്രം തയ്യാറാക്കുന്ന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. സംസ്ഥാന പോലീസ് തന്നെ കേസ് അന്വേഷിക്കുന്നതിന് പ്രാപ്തമാണെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടും.

Top