ഷുഹൈബിന്റെ വധം ഡിജിപിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: കണ്ണൂരിലെ യൂത്ത്‌കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സംസ്ഥാന പോലീസ് മേധാവി മേല്‍നോട്ടം വഹിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. എസ്.പിയോട് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാനും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ഒത്തുകളിക്കുകയാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കമ്മീഷന്റെ നിര്‍ദേശം.

ഷുഹൈബിന്റെ കൊലപാതകം കണ്ണൂരില്‍ സി.പി.എമ്മിന് രാഷ്ട്രീയമായി തിരിച്ചടിയാവുകയാണ് . യുവാക്കള്‍ക്കിടയില്‍ വേരോട്ടം കുറഞ്ഞുവന്നിരുന്ന കോണ്‍ഗ്രസിന് ഇതിലൂടെ പുതുജീവന്‍ കൈവരുത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. സുരക്ഷതത്വ ബോധം കുറയുന്നതാണ് കോണ്‍ഗ്രസിലേക്ക് യുവാക്കളുടെ വരവ് കുറച്ചതെന്ന സുധാകരന്റെ പ്രസ്താവന ഇതിന്റെ ഭാഗമായാണ് വിലയിരുത്തുന്നത്.

അതെ സമയം ഷുഹൈബിനെ അക്രമികള്‍ താലിബാന്‍ മോഡലില്‍ വെട്ടിവീഴ്ത്തുകയായിരുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. 37 വെട്ടുകളാണ് ഷുഹൈബിന്റെ ശരീരത്തിലുണ്ടായിരുന്നത്. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.

വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിശബ്ദത ഭയപ്പെടുത്തുന്നതാണ്. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സര്‍ക്കാര്‍ അവസരമൊരുക്കുകയാണ്. സിപിഎം കൊടുക്കുന്ന പ്രതികളെ പിടികൂടാനുള്ള നീക്കമാണ് പോലീസിന്റേത്. ഇതിനെതിരെ സംസ്ഥാനത്തെ ജനങ്ങളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കണ്ണൂര്‍ എസ്.പിയെ കെട്ടിയിട്ടിരിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു. എം.വി. ജയരാജന്‍ കണ്ണൂരിലെ ഡിവൈഎസ്പിമാരെ നേരിട്ട് വിളിച്ച് നിയന്ത്രിക്കുകയാണെന്നും ടി.പി കേസിലെ പ്രതിയായ കൊടി സുനി പരോളില്ലാതെ രാത്രികാലങ്ങളില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നുണ്ടെന്നും സുധാകരന്‍ ആരോപിച്ചു.

ഷുഹൈബിന്റെ കൊലപാതകത്തില്‍ എഴുത്തുകാരുടെയും സാംസ്‌കാരിക നായകന്മാരും നിശബ്ദരായിരിക്കുന്നതിനെയും സുധാകരന്‍ വിമര്‍ശിച്ചു. മരം മുറിച്ചാല്‍ പോലും പ്രതികരിക്കുന്നവര്‍ ഇപ്പോള്‍ നിശബ്ദരാണെന്നും അദ്ദേഹം പറഞ്ഞു. അവര്‍ സ്ഥാനമാനങ്ങള്‍ മോഹിച്ചുകൊണ്ട് സിപിഎമ്മിന്റെ ചൊല്‍പടിക്ക് നില്‍ക്കുകയാണ്. അവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനെ പേടിയാണെന്നും സമൂഹത്തിന് സിപിഎമ്മിനോടുള്ള ഈ ഭയം മാറണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനുവേണ്ടിയുള്ള പോരാട്ടമാണ് താനും കോണ്‍ഗ്രസും നയിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

Top