കണ്ണൂർ:മട്ടന്നൂരിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷൂഹൈബിന്‍റെ കൊലപാതകത്തില്‍ പിടിയിലായവര്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് പൊലീസ്. അറസ്റ്റിൽ ആയ രണ്ട് പേരും ശുഹൈബിനെ വെട്ടിവരാണെന്നും പൊലീസ് പറയുന്നു.കൊലയാളി സംഘത്തിൽ ആകെ അഞ്ച് പേരാണുള്ളത്. അഞ്ചുപേരും നേരിട്ട് പങ്കെടുത്തവരാണ്. ശുഹൈബിനെ കാണിച്ചു കൊടുത്തത് രണ്ടുപേരാണ്,ഒരാൾ ഡ്രൈവറായി ഇരുന്നു. മറ്റൊരാൾ ബോംബെറിഞ്ഞു. തുടര്‍ന്ന് മൂന്നുപേര്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.കൊലയാളി സംഘത്തിലുള്ളവര്‍ എസഎഫ്ഐ, ഡിവൈഎഫ്.ഐ, സിഐടിയു പ്രവർത്തകരാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
അതേസമയം ഷുഹൈബിനെ കൊലപ്പെടുത്തിയ പ്രതികൾ ഒളിച്ചിരുന്നത് ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ ഒളിച്ചിരുന്ന മുഴക്കുന്ന് മുടക്കോഴി മലയിൽ തന്നെയെന്ന് കണ്ടെത്തൽ. സിപിഎം പാർട്ടി ഗ്രാമങ്ങളിൽ പൊലീസ് റെയ്ഡ് നടത്താൻ എത്തുന്നുവെന്ന് അറിഞ്ഞ എം.വി.ആകാശും രജിൻരാജും ഇവിടെനിന്നു രക്ഷപെടുകയായിരുന്നു. പിറ്റേന്നു രാവിലെ അവർ മാലൂർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു. അതേസമയം, പരോളിലായിരുന്ന ടിപി കേസ് പ്രതികൾക്കു കൊലപാതകവുമായി ബന്ധമില്ലെന്നാണു പ്രാഥമിക നിഗമനം.
അതിനിടെ, ഷുഹൈബിന്റെ കൊലപാതകത്തിന്റെ ആസൂത്രണവും നടപ്പാക്കലുമടക്കമുള്ള സംഭവങ്ങളുമായി പത്തുപേർക്കു നേരിട്ട് ബന്ധമുണ്ടെന്ന് പ്രതികൾ മൊഴി നൽകിയതായാണു വിവരം. ഇവരിൽ ഏഴുപേരെ തിരിച്ചറിഞ്ഞു. അറസ്റ്റിലായ ആകാശ് തില്ലങ്കേരിയും രജിന്‍ രാജും സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മറ്റു പ്രതികൾക്കു വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയെന്നും പൊലീസ് വ്യക്തമാക്കി. വെട്ടാനെത്തിയ സംഘത്തിൽ ഡ്രൈവർ അടക്കം അഞ്ചു പേരാണുണ്ടായിരുന്നത്. അറസ്റ്റിലായ ആകാശും രജിൻരാജുമാണ് വാൾ ഉപയോഗിച്ച് ഷുഹൈബിനെ വെട്ടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
സിപിഎം പ്രാദേശിക നേതൃത്വം അറിഞ്ഞുകൊണ്ടായിരുന്നു കൊലപാതകമെന്നു പ്രതികൾ വെളിപ്പെടുത്തി. എന്നാൽ, പാർട്ടിയുടെ ജില്ലാ, സംസ്ഥാന നേതൃത്വങ്ങൾക്ക് സംഭവത്തെക്കുറിച്ച് അറിവില്ല. കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ല. കാലുവെട്ടുക മാത്രമായിരുന്നു ലക്ഷ്യം. പ്രാദേശികമായുണ്ടായ സംഘർഷങ്ങളാണ് കൊലയിലേക്കു നയിച്ചത്. ഇനി പിടിയിലാകാനുള്ളത് ഡിവൈഎഫ്ഐയുടെ രണ്ടു പ്രാദേശിക നേതാക്കളും ഡ്രൈവറുമാണെന്നും പൊലീസ് വ്യക്തമാക്കി. എടയന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ എസ്എഫ്ഐ – കെഎസ്‌യു സംഘർഷത്തൽ ഷുഹൈബ് ഇടപെട്ടതും കെഎസ്‌യുക്കാരെ സഹായിച്ചതുമാണു വൈരാഗ്യത്തിനിടയാക്കിയതെന്നും ആക്രമണത്തിലേക്കു നയിച്ചതെന്നുമാണ് മൊഴി.
കൊലപാതകം നടന്ന് ആറ് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്തത് കടുത്ത വിമര്‍ശത്തിന് ഇടയാക്കിയിരുന്നു. അതിനിടെയാണ് കൊലപാതകികളെപ്പറ്റി കൃത്യമായ വിവരം ലഭിച്ചുവെന്ന് പൊലീസ് വ്യക്തമാക്കുന്നത്. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഇന്നുണ്ടാകുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.കണ്ണൂരിലെ തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബോംബെറിഞ്ഞ് ഭീതിപരത്തി, ഷുഹൈബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിക്കുന്നതും വൈകിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിക്കുന്നതിന് മുൻപ് രക്തം വാർന്നായിരുന്നു മരണം.